in

അറവുകേന്ദ്രങ്ങളില്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ ശക്തമാക്കും

ദോഹ: ഈദുല്‍ അദ്ഹയുമായി ബന്ധപ്പെട്ട് അറവുകേന്ദ്രങ്ങളില്‍ ആരോഗ്യസുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഉദ്ഹിയ സുരക്ഷ ഉറപ്പാക്കും. അറവുകേന്ദ്രങ്ങളില്‍ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ ശക്തമാക്കും. ജീവനക്കാരെ നിരന്തരം പരിശോധനക്ക് വിധേയരാക്കും. അറവുശാലകളുടെ അകത്തുംപുറത്തും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സാന്നിധ്യം വര്‍ധിപ്പിക്കും. ശുചീകരണ അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. അറവുശാലകളില്‍ സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇഹ്തിറാസ് ആപ്പ്, സാമൂഹിക അകലം, മാസ്‌ക്ക് ധരിക്കല്‍ എന്നിവയെല്ലാം പാലിക്കണം. അറവുമാല്യങ്ങള്‍ സമയബന്ധിതമായും വേഗത്തിലും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അറവുകേന്ദ്രങ്ങളില്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കും. ആഴ്ചയില്‍ എല്ലാദിവസവും രാവിലെ അഞ്ചു മുതല്‍ വൈകുന്നേരം അഞ്ചുവരെ അറവുകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഉദ്ഹിയകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാന്‍ വെറ്റിനറി വിദഗ്ദധരുടെ പൂര്‍ണമേല്‍നോട്ടം എല്ലാസമയവുമുണ്ടാകും. പ്രാദേശിക ആവശ്യകത നിറവേറ്റുന്നതിനായി ഉദ്ഹിയ ലഭ്യമാക്കുന്നതില്‍ വിദാം കമ്പനി സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് സിഇഒ അല്‍ലുബൈ സലേം അല്‍മര്‍റി പറഞ്ഞു. വില്‍പ്പന, അറവ്് പ്രവര്‍ത്തനങ്ങള്‍ക്കിടെ കമ്പനി എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. ഉപഭോക്താവിന് ഉദ്ഹിയ തിരഞ്ഞെടുത്ത് വാങ്ങാനും കശാപ്പിനുശേഷം സ്വീകരിക്കാനും ക്രമീകരണമൊരുക്കും. റമദാന്‍ മാസത്തില്‍ സമാനമായ സംവിധാനം വിജയകരമായി നടപ്പാക്കാനായി.
ഈദുല്‍ അദ്ഹയിലും അതേ മാതൃകയില്‍ നടപ്പാക്കും. ഉദ്ഹിയയുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും അറവുശാലകള്‍ക്കുള്ളില്‍ തിക്കും തിരക്കും ഒഴിവാക്കുന്നതിനും സൗകര്യങ്ങളേര്‍പ്പെടുത്തും. ഉദ്ഹിയ തയ്യാറാക്കുമ്പോള്‍ അനൗചാരിക മാര്‍ഗങ്ങള്‍ ഒഴിവാക്കേണ്ടത് പ്രധാനമാണ്. ഉദ്ഹിയ വീടുകളിലേക്ക് എത്തിക്കുന്നതിനായി ഫോണ്‍ ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. ഈദുല്‍അദ്ഹക്കായി 35,000 ബലിമൃഗങ്ങളെ ലഭ്യമാക്കിയിട്ടുണ്ടെന്ന് വിദാം പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മുസ അല്‍ഉത്മാന്‍ പറഞ്ഞു. ഇതില്‍ 22,000 എണ്ണം സുഡാനീസ് ചെമ്മരിയാടുകളാണ്.
കശാപ്പ്, പോര്‍ട്ടര്‍ നിരക്ക് ഉള്‍പ്പടെ ഒരു സുഡാനീസ് ചെമ്മരിയാടിന് 480 റിയാലാണ് നിരക്ക്. അറവുശാലകള്‍ക്കു പുറമെ വിദാം ഔട്ട്‌ലെറ്റുകളിലും ബലിമൃഗങ്ങള്‍ ലഭ്യമായിരിക്കും. അല്‍വഖ്‌റ, ഓള്‍ഡ് സെന്‍ട്രല്‍ മാര്‍ക്കറ്റ് ഓട്ടോമേറ്റഡ് അറവുകേന്ദ്രങ്ങള്‍, അല്‍മസ്‌റുഅ, അല്‍ഷഹാനിയ, അല്‍റയ്യാന്‍, മൈദര്‍, ശമാല്‍ അറവുകേന്ദ്രങ്ങളുമാണ് വിദാമിനുള്ളത്. 14,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള വഖ്‌റ ഓട്ടോമേറ്റഡ് അറവുകേന്ദ്രത്തില്‍ ഒരു ദിവസം 9,000 ആടുകളെ അറുക്കുന്നതിനുള്ള ശേഷിയുണ്ട്. ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം കുറക്കാന്‍ സഹായകമാണ് ഈ കേന്ദ്രത്തിലെ സൗകര്യങ്ങള്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സന്ദര്‍ശകരെ വരവേല്‍ക്കാന്‍ സജ്ജമായി ബീച്ചുകള്‍; വിപുലമായ തയാറെടുപ്പുകള്‍

ടൂറിസം മേഖലയുടെ വിപുലീകരണത്തിന് പദ്ധതിയെന്ന് അല്‍ബാകിര്‍