
ദോഹ: അല്‍വഖ്റ, അല്‍റുവൈസ്, അല്‍ഖോര്‍ അല്‍ദഖീറ മത്സ്യബന്ധന തുറമുഖങ്ങളില്‍ ആരോഗ്യ നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കി. രാത്രി ഏഴര മുതല്‍ പുലര്‍ച്ചെ രണ്ടുവരെ തുറമുഖങ്ങളില്‍ വില്‍പ്പനക്കായി വെച്ചിരിക്കുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. തുറമുഖങ്ങളിലെ പ്രതിദിന ലേലം മൊത്തക്കച്ചവടക്കാര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ കോംപ്ലക്സുകളുടെ പ്രതിനിധികള്‍ക്കും മത്സ്യത്തൊഴിലാളികളില്‍നിന്നും മത്സ്യം നേരിട്ടുവാങ്ങാം. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വലിയതിരക്കും ഉപഭോക്താക്കളുടെ ഒത്തുചേരലും ഒഴിവാക്കുന്നതിനായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മത്സ്യബന്ധന ബോട്ടുകളിലെ എല്ലാ തൊഴിലാളികളും ദിവസേന വൈകുന്നേരം നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നവരും അണുബാധ പകരാനുള്ള സാധ്യത ഒഴിവാക്കാന്‍ ഫെയ്സ് മാസ്കും കയ്യുറകളും ധരിക്കണമെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശിച്ചു. അല്‍വഖ്റ മത്സ്യബന്ധന തുറമുഖത്തിലും നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളിലൊന്നാണ് വഖ്റയിലേത്. ഏറ്റവും കൂടുതല്‍ മത്സ്യബന്ധന ബോ്ട്ടുകളുള്ളത് വഖ്റയിലാണ്. കൂടാതെ ദിവസേന മത്സ്യബന്ധനത്തിനായി ബോട്ടുകള്‍ പുറപ്പെടുകയും പ്രാദേശിക വിപണിയില്‍ ടണ്‍ കണക്കിന് വിവിധ തരം മത്സ്യങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്.
മാര്‍ക്കറ്റില്‍ മത്സ്യം വില്‍പ്പനക്കായി വെക്കുന്നതിനു മുന്‍പുതന്നെ മുനിസിപ്പാലിറ്റിയുടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ മത്സ്യത്തിന്റെ പരിശോധന പൂര്‍ത്തിയാക്കും. മനുഷ്യന് ഉപയോഗ യോഗ്യമാണെന്ന് ഉറപ്പാക്കുന്നതിനായാണ് പരിശോധന. ദീര്‍ഘനേരം ഫ്രഷായി നിലനിര്‍ത്താനാവശ്യമായ ഐസില്‍ മത്സ്യം സൂക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നുണ്ട്.