6 മാസത്തിനുള്ളില്‍ പ്രാബല്യം
ദോഹ: ഖത്തറില്‍ പ്രവാസി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്ന നിയമം നടപ്പിലാക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിട്ടു. ഇതോടെ റെസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കാനും പുതുക്കാനും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാവുമെന്ന് വിലയിരുത്തപ്പെടുന്നു. ഒക്ടോബര്‍ 19-ന് പ്രഖ്യാപിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 6 മാസത്തിനുള്ളില്‍ നിയമമായി നടപ്പിലാവും. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയാണ് കവറേജ് ലഭ്യമാക്കേണ്ടത്. പുതിയ നിയമം നടപ്പിലാവുന്നതോടെ പോളിസി കവറേജ് പ്രകാരം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ സേവനം ലഭ്യമാവും. തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭ്യമാക്കേണ്ട ചുമതല തൊഴിലുടമകള്‍ക്കാണെന്നും ഉത്തരവ് വിശദീകരിക്കുന്നു. സ്ഥിരതാമസക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാവുന്നതു പോലെ സന്ദര്‍ശകര്‍ക്ക് അവരുടെ സന്ദര്‍ശക കാലാവധി മുഴുവന്‍ ബാധകമാവുന്ന രീതിയിലുള്ള ഇന്‍ഷുറന്‍സ് പോളിസിയാണ് ആവശ്യമെന്നും പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.