
ദോഹ: കൊറോണ വൈറസിന്റെ(കോവിഡ്-19) സാഹചര്യത്തില്‍ ഇത്തവണ ഈദുല്‍ ഫിത്വര്‍ ആഘോഷവേളയില്‍ വീടുകളില്‍ തുടരേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി പൊതുജനാരോഗ്യമന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി.
കോവിഡ് വ്യാപനം കുറക്കുന്നതിന് ശുപാര്‍ശ ചെയ്ത നടപടികള്‍ പിന്തുടരണമെന്നും പൊതുജനങ്ങള്‍ക്കായുള്ള സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.
ഈ മാസത്തിലുടനീളം പുതിയ കേസുകളുടെ എണ്ണം ക്രമേണ ഉയര്‍ന്നു. ഖത്തറില്‍ കോവിഡിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വ്യാപനം കുറക്കുന്നതിന് ജനങ്ങള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടത് എപ്പോഴത്തേക്കാളും പ്രധാനമാണ്- ഡോ.അല്‍കുവാരി പറഞ്ഞു. ഈദ് പരമ്പരാഗതമായി കുടുംബവുമായും സുഹൃത്തുക്കളുമായും ഇടപഴകുകയും ആഘോഷിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ ഈ വര്‍ഷം വ്യത്യസ്തമായിരിക്കണം. ഈ പെരുന്നാളിന് നിങ്ങള്‍ വീട്ടില്‍തന്നെ തുടരേണ്ടത് അത്യാവശ്യമാണ്. അടിയന്തര സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പുറത്തുപോകേണ്ടത്. ഈ മഹാമാരിയെ വിജയകരമായി മറികടക്കുന്നതില്‍ നമുക്കെല്ലാവര്‍ക്കും പങ്കുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഖത്തറിലെ ഭൂരിഭാഗം പൗരന്മാരും നിവാസികളും ഗംഭീരമായി പ്രതികരിച്ചു.
ഈദ് വേളയില്‍ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുകയെന്നത് പ്രലോഭിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ ഈ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെ കടന്നുപോകാന്‍ ഞങ്ങളെ സഹായിക്കുന്നതിന് സാമൂഹികവും ശാരീരികവുമായ അകലം പാലിക്കല്‍ നടപടികള്‍ തുടരാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു- ഡോ.അല്‍കുവാരി പറഞ്ഞു. എച്ച്എംസിയുടെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രതിദിനം പതിനഞ്ച് കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്ന ഒരുഘട്ടത്തിലാണ് ആരോഗ്യമന്ത്രിയുടെ സന്ദേശം.
ഖത്തറിലെ കോവിഡ് രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ ലക്ഷണങ്ങളേ ഉള്ളുവെങ്കിലും കുറച്ചുപേര്‍ക്ക് വൈറസ് ബാധയെത്തുടര്‍ന്ന് കടുത്ത ലക്ഷണങ്ങള്‍ ഉണ്ടാവുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശനം ആവശ്യമായിവരികയും ചെയ്യുന്നുണ്ട്.
കോവിഡ് എല്ലാ പ്രായത്തിലുമുള്ളവരുടെയും ആരോഗ്യനിലയെ ബാധിക്കാമെന്നാണ് ലോകമെമ്പാടുനിന്നുമുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നത്.
പ്രായമേറിയവര്‍ക്കും വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ക്കും കടുത്ത ലക്ഷണങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ജനസംഖ്യയിലെ ദുര്‍ബലായ ഈ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗം കഴിയുന്നത്ര വീട്ടില്‍തന്നെ തുടരുകയെന്നതാണ്- ആരോഗ്യമന്ത്രി വിശദീകരിച്ചു