
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സാമാന്യം കനത്ത മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. മഴക്കൊപ്പം ഇടിമിന്നലുമുണ്ടായി. ഇടിമിന്നലില്‍ നിന്നും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഖത്തര്‍ കാലാവസ്ഥാ വകുപ്പ്(ക്യുഎംഡി) പുറപ്പെടുവിക്കുകയും ചെയ്തു. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലായിരുന്നു മഴ ശക്തിയാര്‍ജ്ജിച്ചത്. മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും ദൃശ്യപരത കുറയാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇടിമിന്നലിന്റെയും മഴയുടെയും ദൃശ്യങ്ങളടങ്ങിയ ഏറ്റവും പുതിയ റഡാര്‍ ചിത്രങ്ങള്‍ ക്യുഎംഡി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴയുടെയും ആലിപ്പഴ വീഴ്ചയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലുള്‍പ്പടെ പ്രചരിച്ചു.
അബുതലൂഫില് ഉള്‍പ്പടെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഇടിയും മിന്നലും മഴയും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകളെടുക്കണമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പും മുന്നറിയിപ്പ് നല്കി. ഇടിമിന്നലുണ്ടാകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമ്പോള് പുറത്തേക്കു പോകുന്നത് ഒഴിവാക്കണം.
ഇന്‍ഡോറില്‍ തന്നെ സുരക്ഷിതമായിരിക്കണം. റൂഫുകളിലും ഉയര്ന്നമരങ്ങള്ക്കും വൈദ്യുതി തൂണുകള്‍ക്ക് സമീപവും നില്‍ക്കരുത്.
വാഹനത്തിനുള്ളിലാണെങ്കില്‍ വാതിലടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. തുറസായ സ്ഥലത്തെ വെള്ളത്തിനു സമീപത്തുനിന്നും മാറിനില്‍ക്കണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും കരുതലുമുണ്ടാകണം.