
ദോഹ: രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നലെ കാലത്തു മുതല്‍ രാത്രി വരെ ഇടവേളകളിലായി കനത്ത മഴ പെയ്തു. ചിലേടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. പലഭാഗത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലാണ് വലിയതോതില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത്.ബലദിയയുടെ നേതൃത്വത്തില്‍ വെള്ളം വറ്റിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇന്നലെ രാവിലെ തുടങ്ങിയ മഴ ഉച്ചയ്ക്കുശേഷവും രാത്രിയും പെയ്യുന്നുണ്ടായിരുന്നു. ഇടറോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലുമെല്ലാം മഴ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. അടുത്ത ദിവസങ്ങളില്‍ ഇടിയോടുകൂടി മഴ പെയ്യുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുമായി മിക്കവരും വീടുകളില്‍തന്നെ കഴിയുന്നതിനാല്‍ ഗതാഗതത്തെയോ മറ്റോ സാരമായി ബാധിച്ചില്ല. ദുഹൈല്‍, മുഖൈനിസ് എന്നീ സ്ഥലങ്ങളില്‍ പെയ്ത ശക്തമായ മഴയുടെ ദൃശ്യങ്ങള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴ ഏതാനും ദിവസങ്ങള്‍ തുടരും. വെള്ളത്തില്‍ കളിക്കരുതെന്നും മരങ്ങളുടെയും പോസ്റ്റുകളുടെയും സമീപത്തും ടെറസ്സിലും നില്‍ക്കരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.