എന്നൂര് ടെര്‍മിനലിലെത്തുന്ന ഏറ്റവും വലിയ എല്‍.എന്‍.ജി കപ്പല്‍
ദോഹ: ഖത്തര്‍ ഗ്യാസിന്റെ ദ്രവീകൃത പ്രകൃതി വാതക(എല്‍എന്‍ജി)വുമായി ചാര്‍ട്ടേഡ് എല്‍.എന്‍.ജി കപ്പല്‍ ഇതാദ്യമായി ചെന്നൈയിലെ എന്നൂര് എല്‍എന്‍ജി ടെര്‍മിനലിലെത്തി. റാസ് ലഫാന്‍ തുറമുഖത്ത് നിന്ന് 1,47,000 ക്യൂബിക് മീറ്റര്‍ എല്‍എന്‍ജിയുമായി ക്യു-ഫ്ളെക്സ് കപ്പലായ അല്നുഅമന് ഫെബ്രുവരി 11നാണ് പുറപ്പെട്ടത്. ഫെബ്രുവരി 20ന് എന്നൂര് ടെര്‍മിനലിലെത്തി. ഇവിടെയെത്തുന്ന ഏറ്റവും വലിയ എല്‍എന്‍ജി കപ്പലെന്ന ഖ്യാതിയും ഇതോടെ അല്നുഅമന് സ്വന്തമാക്കി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ അനുബന്ധസ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ എല്‍എന്‍ജി പ്രൈവറ്റ് ലിമിറ്റഡിനായാണ് കാര്‍ഗോ എത്തിയത്. ഖത്തര്‍ ഗ്യാസിന്റെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഖത്തര്‍ ഗ്യാസിന്റെ മുഖ്യ ഉപഭോക്താവാണ്.
2019 ഫെബ്രുവരിയില്‍ എന്നൂര് ടെര്‍മിനല്‍ കമ്മീഷന് ചെയ്യാന്‍ ഖത്തര്‍ ഗ്യാസിന്റെ സഹായമുണ്ടായിരുന്നു. ചെന്നൈ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള കാമരാജാര്‍ തുറമുഖത്തിലാണ് എന്നൂര് ടെര്‍മിനല്‍. പെട്രോനെറ്റിന് ഖത്തര്‍ ഗ്യാസ് എല്‍എന്‍ജി വിതരണം തുടങ്ങിയ 1999 ജൂലൈ മുതല്‍ ഇന്ത്യയുമായി വലിയ പങ്കാളിത്തമാണ് ഖത്തറിനുള്ളത്. ദീര്‍ഘകാല കരാറിന്റെ ഭാഗമായി ഒട്ടനവധി കാര്‍ഗോ ഇന്ത്യയിലെത്തിയിട്ടുണ്ട്. എന്നൂറിനു പുറമെ കഴിഞ്ഞവര്‍ഷം ആദ്യം ഖത്തര്‍ ഗ്യാസ് കമ്മീഷന് ചെയ്ത ഗുജറാത്തിലെ മുന്ദ്ര ടെര്‍മിനലിലേക്കും എല്‍എന്‍ജി എത്തിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ മഹാരാഷ്ട്രയിലെ ജെയ്ഗര്‍ എല്‍എന്‍ജി ടെര്‍മിനല്‍ കമ്മീഷന് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പുതിയ ടെര്‍മിനലിന്റെ വരവ് എല്‍എന്‍ജി ഇറക്കുമതിയില്‍ ഇന്ത്യയുടെ ശേഷി ഗണ്യമായി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.