in

നിയന്ത്രണങ്ങളുടെ ഇളവ്: സംരക്ഷണ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് എച്ച്എംസി

ഡോ. ജമീല അല്‍അജ്മി

ദോഹ: രാജ്യത്തെ കോവിഡ് നിയന്ത്രണ നടപടികള്‍ ലഘൂകരിക്കുന്ന ഘട്ടത്തിലും പൊതുജനങ്ങള്‍ സംരക്ഷണ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി).
കോവിഡിനെ നിയന്ത്രിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മനുഷ്യരുടെ പെരുമാറ്റമാണെന്നും അണുബാധ തടയുന്നതിനുള്ള നടപടികള്‍ ജനങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്നും ഇക്കര്യത്തില്‍ പൊതുജനങ്ങളുടെ സമീപനത്തെയാണ് ആരോഗ്യമേഖല ആശ്രയിക്കുന്നതെന്നും എച്ച്എംസി കോര്‍പ്പറേറ്റ് ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷനിലെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ജമീല അല്‍അജ്മി ചൂണ്ടിക്കാട്ടി. ഈ വൈറസ് വരാനിരിക്കുന്ന കുറച്ചുകാലത്തേക്ക് നമ്മുടെ ലോകത്ത് ഉണ്ടാകും. പൊതുജനാരോഗ്യ നടപടികളും നിയന്ത്രണങ്ങളും നീക്കുമ്പോള്‍ ഒരു പരിധിവരെ കോവിഡ് പകര്‍ച്ച ഒഴിവാക്കാനാവില്ല. അതുകൊണ്ടുതന്നെ വൈറസ് പടരാതിരിക്കാന്‍ എല്ലാവരും സംരക്ഷണ നടപടികള്‍ കര്‍ശനമായി പിന്തുടരണം.
ശാരിരിക അകലം പാലിക്കണം. ശുചിത്വനടപടികള്‍ പാലിക്കണം. കൈകളുടെ ശുചിത്വം എപ്പോഴും ഉറപ്പുവരുത്തണം. അസുഖമുണ്ടെന്ന് തോന്നിയാലോ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാലോ വീടുകളില്‍ നിന്നും പുറത്തുപോകരുത്.
കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ പരിശോധന നടത്തണം. കോവിഡിന് ഇതുവരെ ഒരു വാക്‌സിനോ ചികിത്സയോ ഇല്ലെന്ന് പൊതുജനങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.
അതിനാല്‍ അപകടസാധ്യതകള്‍ ശ്രദ്ധാപൂര്‍വ്വം സന്തുലിതമാക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം- ഡോ.അല്‍അജ്മി ചൂണ്ടിക്കാട്ടി.
അണുബാധ തടയുന്നതിനുള്ള നടപടികള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കരുത്. കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളവരെ സംരക്ഷിക്കുന്നതിന് ഈ ജീവന്‍ രക്ഷാ സമ്പ്രദായങ്ങള്‍ തുടരേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ സാവധാനത്തിലും ഘട്ടംഘട്ടമായും നീക്കംചെയ്യും.
പ്രായമായവര്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും രോഗം കൂടുതല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയേറെയാണ്. അണുബാധ തടയുന്നതിനുള്ള നടപടികള്‍ പിന്തുടരുന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്.
എന്നാല്‍ ചെറിയ കുട്ടികളുടെ മാതാപിതാക്കള്‍ അണുബാധ തടയുന്നതിനുള്ള രീതികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ ജാഗ്രത പാലിക്കണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സഫാരി ഔട്ട്‌ലറ്റുകളില്‍ ‘മാമ്പഴക്കാലം’ തുടങ്ങി

ഓസോണ്‍ സംരക്ഷണം: മന്ത്രാലയം ശില്‍പ്പശാല സംഘടിപ്പിച്ചു