
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി) പുകയില നിയന്ത്രണ കേന്ദ്രം പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന രോഗികള്‍ക്ക് പിന്തുണയും ചികിത്സാ സേവനങ്ങളും നല്‍കുന്നത് തുടരുന്നു. കോവിഡ് മഹാമരിയുടെ പരിമിതികള്‍ക്കിടയിലും രോഗികള്‍ക്ക് മികച്ച സേവനമാണ് കേന്ദ്രം ലഭ്യമാക്കുന്നത്.
കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായി നിലവില്‍ ടെലിഫോണ്‍ മുഖേന കേന്ദ്രത്തിന്റെ സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കുന്നുണ്ട്. രോഗികള്‍ക്ക് ചികിത്സ, മരുന്നുകള്‍, മാനസിക സഹായം എന്നിവയെല്ലാം നല്കുന്നു. മാര്‍ച്ച് പകുതി മുതല്‍ ജൂലൈ പകുതിവരെയുള്ള കഴിഞ്ഞ നാലുമാസത്തിനിടെ, പുകവലി ശീലം ഉപേക്ഷിക്കാന്‍ താല്പര്യപര്യപ്പെടുന്നവര്ക്കായി 2600ലധികം കണ്‍സള്‍ട്ടേഷനുകളും പിന്തുണാ സെഷനുകളുമാണ് കേന്ദ്രം നടത്തിയത്. ലോകാരോഗ്യസംഘടനയുടെ സഹകരണ കേന്ദ്രമെന്ന പുകയില നിയന്ത്രണ കേന്ദ്രത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ നാഴികക്കല്ല് സ്വന്തമാക്കാനായത്. 2017ലാണ് ഈ കേന്ദ്രം ഡബ്ല്യുഎച്ച്ഒയുടെ സഹകരണ കേന്ദ്രമായി നിയോഗിക്കപ്പെട്ടത്. ഖത്തറിലും മേഖലയിലും ഇത്തരമൊരു അംഗീകാരം ലഭിക്കുന്ന ആദ്യത്തെ കേന്ദ്രമാണിത്. സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുമ്പോഴും കേന്ദ്രം ടെലിഫോണ്‍ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്നത് തുടരും.
പുകയില ഉപയോഗത്തിന്റെ പ്രത്യേകിച്ചും സെക്കന്‍ഡ് ഹാന്‍ഡ് പുകയുടെ അപകടങ്ങള്‍ ഉള്‍പ്പെടെ, പൊതുജനങ്ങള്‍ക്ക് ആരോഗ്യ ഉപദേശം നല്‍കുക, ശീലം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൗണ്‍സലിങും നല്‍കുക എന്നതാണ് കേന്ദ്രത്തിന്റെ ദൗത്യം. എച്ച്എംസിയുടെ പുകയില നിയന്ത്രണ കേന്ദ്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കോ കണ്സള്ട്ടേഷന് ബുക്ക് ചെയ്യുന്നതിനോ 4025 4981, 5080 0959 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.