in

പ്രമേഹരോഗികള്‍ ഗ്ലൂക്കോസ് നിയന്ത്രണത്തിന് പ്രാധാന്യം നല്‍കണമെന്ന് എച്ച്എംസി

ദോഹ: രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിന് എല്ലാവരും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം ശരിയായി നിലനിര്‍ത്തേണ്ടത് സുപ്രധാനമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) വ്യക്തമാക്കി. പ്രമേഹം പോലെ വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ക്ക് കോവിഡ്-19 ബാധിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായ രീതിയില്‍ നിയന്ത്രിക്കുന്നതിലൂടെ അണുബാധയുടെ സാധ്യതയും തീവ്രതയും കുറക്കാനാകും. പ്രമേഹരോഗികളില്‍ കോവിഡ് കടുത്ത അപകടസാധ്യതക്കിടയാക്കിയേക്കാം. പ്രമേഹമില്ലാത്തവരുമായി താരതമ്യം ചെയ്താല്‍ പ്രമേഹരോഗികളില്‍ കോവിഡിന്റെ സങ്കീര്‍ണതകള്‍ കൂടുതല്‍ ഉയര്‍ന്നതാണെന്നാണ് ചൈനയില്‍നിന്നുള്ള ആദ്യകാലവിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് എച്ച്എംസിയിലെ പ്രമേഹ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ മനാല്‍ ഉത്മാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
രോഗം ശരിയായി നിയന്ത്രിക്കാത്ത പ്രമേഹരോഗികള്‍, ഹൃദ്രോഗം ഉള്‍പ്പടെയുള്ള മറ്റു അസുഖങ്ങളുള്ള പ്രമേഹരോഗികള്‍ എന്നിവരിലെല്ലാം അണുബാധക്ക് കൂടുതല്‍ സാധ്യതയുണ്ട്. ഈ രോഗികള്‍ക്ക് ഹൈപ്പര്‍ ഗ്ലൈസീമിയ മൂലമുണ്ടാകുന്ന ഫ്‌ളു, ന്യുമോണിയ തുടങ്ങിയ അണുബാധക്കുള്ള സാധ്യത കൂടുതലാണ്. രോഗത്തിനെതിരെ പോരാടാനുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ ശേഷി കുറക്കും. പ്രമേഹരോഗികള്‍ അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ആരോഗ്യകരമായ പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ ഫലപ്രദമായി സാധിക്കുന്നുണ്ടെങ്കില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടാലും സങ്കീര്‍ണമാകാനുള്ള സാധ്യത സാധാരണ ജനങ്ങളുടേതിനു തുല്യമായിരിക്കും. നല്ല ഗ്ലൂക്കോസ് നിയന്ത്രണം അണുബാധകള്‍ക്കെതിരെ പോരാടുന്നതിന് വളരെ സഹായകരമാണ. കോവിഡ്-19 മഹാമാരി നേരിടുന്ന ഈ സമയത്ത് ഇത് വളരെ പ്രധാനമാണ്. എല്ലാത്തരം പ്രമേഹ രോഗികളും ഈ കാലയളവില്‍ അവരുടെ ഗ്ലൂക്കോസ് കൂടുതല്‍ തവണ നിരീക്ഷിക്കണം- മനാല്‍ ഉത്മാന്‍ പറഞ്ഞു. പ്രമേഹ രോഗികള്‍ അവരുടെ അവസ്ഥ ശരിയായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടത് വളരെ പ്രധാനമാണ്.
പ്രമേഹത്തെ നിയന്ത്രിക്കാന്‍ മരുന്നുകള്‍ കഴിക്കുന്ന രോഗികള്‍ അവരുടെ ആരോഗ്യസംരക്ഷണ ടീമിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് തുടരണം. അവര്‍ക്ക് ചോദ്യങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ട ഡോക്്ടറെ നിര്‍ബന്ധമായും ടെലിഫോണില്‍ ബന്ധപ്പെടണം. പ്രമേഹമുള്ള ഏതൊരു രോഗിക്കും പ്രമേഹ ഹോട്ട്ലൈന്റെ സേവനം തേടാനാകും. 16099 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ച് ഓപ്ഷന്‍ നാലാണ് തരഞ്ഞെടുക്കേണ്ടത്. ഈ ഫോണ്‍ അധിഷ്ഠിത അടിയന്തര സേവനം രോഗികള്‍ക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്താം. എച്ച്എംസിയില്‍ പരിചരണം ലഭിക്കുന്ന എല്ലാത്തരം പ്രമേഹരോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും പരിചരണം നല്‍കുന്നവര്‍ക്കും പ്രമേഹം, കോവിഡ് എന്നിവയുമായി ബന്ധപ്പെട്ട വൈദ്യോപദേശങ്ങള്‍ക്കായി ഹോട്ട്‌ലൈനില്‍ വിളിക്കാം. ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുന്നത് ഏറ്റക്കുറച്ചിലുകള്‍ നേരത്തേ കണ്ടെത്താനും വേഗത്തില്‍ പരിഹരിക്കാനും കഴിയുമെന്ന് ഉത്മാന്‍ ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ 421 പേര്‍ക്കു കൂടി കോവിഡ്, ഇന്ന് 429 പേര്‍ക്ക് രോഗം മാറി

പുതിയ അധ്യയനവര്‍ഷം സെപ്തംബര്‍ ഒന്നു മുതല്‍