in

മരുന്നുകളുടെ ഹോം ഡെലിവറി: പ്രയോജനം ലഭിച്ചത് ആയിരങ്ങള്‍ക്ക്‌

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി)യും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെയും മരുന്നുകളുടെ ഹോം ഡെലിവറി സേവനത്തിന്റെ പ്രയോജനം ലഭിച്ചത് ആയിരങ്ങള്‍ക്ക്. ആരോഗ്യകേന്ദ്രങ്ങളിലേക്കുള്ള രോഗികളുടെ സന്ദര്‍ശനം കുറക്കുകയാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിസന്ധിയുടെ തുടക്കംമുതല്‍ ആരോഗ്യപ്രവര്‍ത്തകരെയും രോഗികളെയും പ്രായമേറിയവരെയും സംരക്ഷിക്കുന്നതിനായി നിരവധി മുന്‍കരുതല്‍ നടപടികളാണ് എച്ച്എംസിയും പിഎച്ച്‌സിസിയും സ്വീകരിക്കുന്നത്.
ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹോം ഡെലിവറി സേവനം. ആരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുകയെന്നതാണ് ഈ സേവനം ലക്ഷ്യംവെക്കുന്നതെന്ന് പിഎച്ച്‌സിസി ഒക്യുപേഷണല്‍ ഹെല്‍ത്ത്്- സേഫ്റ്റി വകുപ്പിലെ പരിസ്ഥിതി സുരക്ഷാ വിഭാഗം മേധാവി ഡോ. നിദ മുഹമ്മദ് മന്‍സൂര്‍ പറഞ്ഞു. ഖത്തര്‍ പോസ്റ്റിന്റെ സഹകരണത്തോടെയാണ് മരുന്നുകള്‍ വീടുകളിലെത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഓരോ ആരോഗ്യ കേന്ദ്രത്തിനും അനുവദിച്ച വാട്‌സാപ്പ് നമ്പര്‍ വഴി ഈ സേവനം ഉപയോഗപ്പെടുത്താം. എച്ച്എംസിയുടെ ഫാര്‍മസി വകുപ്പ് മരുന്നുകള്‍ വീട്ടിലെത്തിക്കുന്ന ഹോം ഡെലിവറി സേവനത്തിന്റെ പ്രയോജനവും ഒട്ടേറെ രോഗികള്‍ക്ക് ലഭിച്ചു. രാജ്യത്തൊട്ടാകെയുള്ള എല്ലാ എച്ച്എംസി രോഗികള്‍ക്കും ഈ സേവനം ലഭ്യമായിരിക്കും. എല്ലാ രോഗികളും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് എല്ലാ എച്ച്എംസി രോഗികളെയും ഉള്‍പ്പെടുത്തി സേവനം വിപുലീകരിച്ചിരിക്കുന്നത്. ഏപ്രില്‍ മധ്യത്തിലാണ് ഈ സേവനത്തിന് തുടക്കംകുറിച്ചത്. കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരോഗ്യ സൗകര്യങ്ങളിലേക്ക് പോകാതെ തന്നെ സമയബന്ധിതമായി മരുന്നുകള്‍ നേടാന്‍ ഗുണഭോക്താക്കളെ പ്രാപ്തരാക്കുന്നതാണ് ഈ സേവനം. എച്ച്എംസിയും ഖത്തര്‍പോസ്റ്റും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമായാണ് സേവനങ്ങള്‍ വിപുലീകരിക്കുന്നത്. സാധുവായ ഹെല്‍ത്ത് കാര്‍ഡുള്ള എല്ലാ എച്ച്എംസി രോഗികള്‍ക്കും ഈ സേവനം ലഭ്യമായിരിക്കും. എല്ലാ പ്രതിസന്ധികളെയും സമര്‍ഥമായി മറികടക്കാനായിട്ടുണ്ട്. എച്ച്എംസിയുടെ ഹോം ഡെലിവറി സേവനം ലഭിക്കുന്നതിന് 16000 എന്ന നമ്പരില്‍ വിളിക്കണം. തുടര്‍ന്ന് ഭാഷ തെരഞ്ഞെടുക്കണം. തുടര്‍ന്ന് 3 എന്ന അക്കത്തില്‍ അമര്‍ത്തി എച്ച്എംസിയും തുടര്‍ന്ന് 2 അമര്‍ത്തി മരുന്നു ഡെലിവറിയും തെരഞ്ഞെടുക്കണം.
വിളിക്കുമ്പോള്‍ രോഗികള്‍ അവരുടെ സാധുവായ ഹെല്‍ത്ത് കാര്‍ഡ് നമ്പരും മേല്‍വിലാസവും നല്‍കണം. സോണ്‍, സ്ട്രീറ്റ്, കെട്ടിട നമ്പരുകള്‍ ഉള്‍പ്പടെയുള്ള പൂര്‍ണവിലാസമാണ് നല്‍കേണ്ടത്. ക്യുപോസ്റ്റ് അടുത്തപ്രവര്‍ത്തിദിവസം മരുന്നുകള്‍ ബന്ധപ്പെട്ടവരുടെ വീടുകളിലെത്തിക്കും. മരുന്നുമായി എത്തുമ്പോള്‍ രോഗികള്‍ ഡെലിവറി ലൊക്കേഷനിലുണ്ടായിരിക്കണം. ഡെലിവറി രസീതില്‍ ഒപ്പിടുകയും വേണം.
മരുന്ന് പാര്‍സല്‍ സീല്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. പാക്കേജിലെ പേരും ഹെല്‍ത്ത് കാര്‍ഡ് നമ്പറും ശരിയാണോയെന്ന് പരിശോധിക്കണം. എല്ലാ ക്യുപോസ്റ്റ് ഡ്രൈവര്‍മാരും ശുചിത്വത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. കൂടാതെ മരുന്നുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചോ മരുന്നുകളെക്കുറിച്ചുള്ള സംശയങ്ങളോ ഉണ്ടെങ്കില്‍ രോഗികള്‍ക്ക് 40260747 എന്ന നമ്പരില്‍ ബന്ധപ്പെടാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍ഷിമേഴ്സ്, മെമ്മറി സേവനങ്ങള്‍ക്കായി റാഹ ഹെല്‍പ്പ്‌ലൈന്‍ തുടങ്ങി

ഗ്രാന്‍ഡ് ഹൈപ്പര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു