Saturday, August 15ESTD 1934

മടങ്ങിവരുന്നവരുടെ ഹോം ക്വാറന്റൈന്‍: നിബന്ധനകള്‍ പ്രഖ്യാപിച്ചു

ദോഹ: ഖത്തറിലേക്ക് മടങ്ങിവരുന്ന പ്രവാസികളുടെ ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഖത്തര്‍ അംഗീകൃത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന പ്രവാസികള്‍ക്ക് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാമെന്ന ഉത്തരവിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പ്രഖ്യാപിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഖത്തറിന്റെ അംഗീകൃത കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍

  1. കുടുംബത്തിലെ മറ്റംഗങ്ങളുമായി സമ്പര്‍ക്കം പാടില്ല, സന്ദര്‍ശകരെ അനുവദിക്കരുത്
  2. ക്വാറന്റൈനില്‍ കഴിയുന്നയാള്‍ക്ക് ഭക്ഷണം ഉള്‍പെടെയുള്ള സഹായങ്ങള്‍ നല്‍കാന്‍ മുന്‍കരുതല്‍ പാലിച്ച് ഒരാള്‍ക്ക് ചെയ്യാം. പരിചരിക്കുന്ന വ്യക്തി മുറിയില്‍ നിന്ന് പുറത്തിറങ്ങി ഉടന്‍ മാസ്‌കും കൈയുറയും ഉപേക്ഷിക്കുകയും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും വേണം. ഒന്നര മീറ്റര്‍ ശാരീരിക അകലം പാലിക്കണം.
  3. വീട്ടിലെ എല്ലാ അംഗങ്ങളും ഹാന്‍ഡ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് തുടര്‍ച്ചയായി കൈകള്‍ വൃത്തിയാക്കണം. വൃത്തിയാക്കാത്ത കൈ മൂക്കിലോ വായയുടെ ഭാഗങ്ങളിലോ സ്പര്‍ശിക്കരുത്.
  4. വീട്ടിലെ അംഗങ്ങള്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് മൂക്കും വായും പൊത്തണം. ടിഷ്യു പേപ്പര്‍ സുരക്ഷിതമായി ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച് കൈകള്‍ വൃത്തിയാക്കണം.
  5. വീട്ടിലെ അംഗങ്ങള്‍ ബെഡ് ഷീറ്റോ ബാത്ത് ടവ്വലോ മറ്റ് ഗാര്‍ഹിക വസ്തുക്കളോ മറ്റുള്ളവരുമായി പങ്കിടരുത്. ഇവ ഉപയോഗിച്ച ശേഷം സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തില്‍ കഴുകണം.
  6. വാതില്‍ പിടി ഉള്‍പ്പെടെ നിരന്തരം കൈകള്‍ സ്പര്‍ശിക്കാനിടയുള്ള സ്ഥലങ്ങള്‍, ടെലിവിഷന്‍ റിമോട്ട്, മൊബൈല്‍ ഫോണ്‍, മേശ, ബാത്‌റൂം എന്നിവ ദിവസവും തുടച്ച് അണുവിമുക്തമാക്കണം.
  7. ശുചീകരണത്തിന് ഒറ്റത്തവണ ഉപയോഗിക്കുന്ന ഗ്ലൗസ് മാത്രമേ പാടുള്ളു. ക്വാറന്റൈനില്‍ കഴിയുന്നവരുടെ വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ മറ്റുള്ളവരുടേതുമായി കൂട്ടിക്കലര്‍ത്തരുത്.
  8. ഹോം ക്വാറന്റീനിലുള്ളവര്‍ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യുകയോ അടുക്കളയില്‍ പ്രവേശിക്കുകയോ ചെയ്യരുത്. താമസിക്കുന്ന മുറിയില്‍ തന്നെയായിരിക്കണം ഭക്ഷണം കഴിക്കുന്നത്.
  9. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. ദിവസവും 8 മുതല്‍ 12 ഗ്ലാസ് വരെ വെള്ളം കുടിക്കണം.
  10. വിട്ടുമാറാത്ത അസുഖങ്ങള്‍ ഉള്ളവര്‍ ആവശ്യമായ മരുന്നുകള്‍ മുറിയില്‍ കരുതണം.
  11. കുട്ടികളുമായോ വീട്ടിലെ വളര്‍ത്തു മൃഗങ്ങളുമായോ സമ്പര്‍ക്കം പാടില്ല.
  12. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ മുറിയില്‍ ഫെയ്‌സ് മാസ്‌കുകള്‍, കൈയുറകള്‍, തെര്‍മോമീറ്റര്‍, പാരസെറ്റമോള്‍, ഹാന്‍ഡ് സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍, ഹോം ക്ലീനിംഗ് ഇനങ്ങള്‍, ടോയ്‌ലറ്റ്, കിച്ചന്‍ ഡിറ്റര്‍ജന്റുകള്‍, ടിഷ്യു പേപ്പര്‍, ആല്‍ക്കഹോള്‍ വൈപ്, അടപ്പുള്ള ചവറ്റുകുട്ട എന്നിവ ഉറപ്പുവരുത്തണം.
  13. ഹോം ക്വാറന്റൈന്‍ കാലയളവില്‍ രണ്ടോ മൂന്നോ ദിവസം ഇടവിട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ സന്ദര്‍ശനം അനുവദിക്കണം. ഇഹ്തിറാസ് ആപ് നിര്‍ബന്ധമായും മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം.
  14. ക്വാറന്റൈന്‍ തുടങ്ങി അഞ്ചാം ദിവസമോ ആറാം ദിവസമോ സ്രവ പരിശോധന ഉറപ്പുവരുത്തണം. ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കണം.
  15. അടിയന്തര സാഹചര്യത്തില്‍ 999 എന്ന നമ്പറില്‍ ബന്ധപ്പെടാം.
error: Content is protected !!