ദോഹ: കോവിഡ് മഹാമാരിക്കുശേഷം എല്ലാവരും ഒത്തുചേരുന്ന ആദ്യത്തെ ആഗോള ചാമ്പ്യന്‍ഷിപ്പായിരിക്കും ഖത്തര്‍ ലോകകപ്പെന്നും സുരക്ഷിത ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം തയാറാണെന്നും സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി. വൈറസില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുന്നതിനായി ശക്തമായ ആരോഗ്യപ്രോട്ടോക്കോള്‍ നടപ്പാക്കിക്കൊണ്ട് പ്രധാന കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഇതിനോടകം ഖത്തര്‍ വിജയം കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തര്‍ സാമ്പത്തിക ഫോറത്തിന്റെ പാനല്‍ സെഷനില്‍ പങ്കെടുക്കവെയാണ് കോവിഡ്് മഹാമാരിയുടെ വെളിച്ചത്തില്‍ ലോകകപ്പ് സുരക്ഷിതമായി സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ ശേഷിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാന്‍ തുടങ്ങിയതിന്റെ സൂചനകളാണുള്ളത്. എല്ലാവരും ഈ മഹാമാരിയില്‍ നിന്ന് കരകയറുന്നത് ഉടന്‍ ആഘോഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാക്സിന് ലഭ്യമാക്കുന്നതിലൂടെ ഖത്തറില്‍ ലോകകപ്പ് ആഘോഷിക്കാനാകും. വാക്സിന് ജനങ്ങള്‍ക്ക് ആഘോഷിക്കുന്നതിനുള്ള സവിശേഷമായ അവസരമാണ് നല്‍കുന്നത്. ഖത്തര്‍ ലോകകപ്പ് വ്യത്യസ്തമായിരിക്കും. വേദികളുടെ സാമീപ്യം കൊണ്ട് ആസ്വാദകര്‍ക്ക് ഒരു ദിവസം രണ്ടു മത്സരങ്ങള്‍ വീക്ഷിക്കാനാകും. അസാധാരണമായ ലോകകപ്പായിരിക്കും ഖത്തറിലേത്. മഹാമാരിയില്‍ നിന്നും കരകയറാനുള്ള ഒരേയൊരു മാര്‍ഗം വാക്സിനേഷനാണ്.
യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും കോപ്പ അമേരിക്കയും കര്‍ശനമായ ആരോഗ്യപ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടന്നുവരുന്നതും അദ്ദേഹം എടുത്തുകാട്ടി. ഫിഫ ക്ലബ ലോകകപ്പ് ഉള്‍പ്പടെ നിരവധി പരിപാടികള്‍ കഴിഞ്ഞവര്‍ഷം ഖത്തര്‍ സംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. 2022 ഫിഫ ലോകകപ്പ് സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഗോള്‍ഡ് കപ്പ് മത്സരങ്ങളിലും നടപ്പാക്കുന്ന ആരോഗ്യ പ്രോട്ടോക്കോളുകളെക്കുറിച്ച് അറിയുന്നതിന് യൂറോപ്പിലും വടക്കേഅമേരിക്കയിലും ആളുകളുണ്ട്.
എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളെക്കുറിച്ച് അറിയുകയെന്നതാണ് ലക്ഷ്യം. 2022 ലോകകപ്പ് അറബ്, ഗള്‍ഫ്, മിഡില്ഈസ്റ്റേണ് ആയിരിക്കും. ഞങ്ങളുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് ഊന്നിപ്പറയുന്നു. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് പാലങ്ങള്‍ കെട്ടിപ്പെടുക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ നയതന്ത്രം വര്‍ദ്ധിപ്പിക്കാനും അവസരമൊരുക്കും. ഞങ്ങള്‍ ആതിഥ്യമരുളുന്ന ജനതയാണ്, എല്ലാവരേയും സ്വാഗതം ചെയ്യുന്നു- അല്‍തവാദി വ്യക്തമാക്കി. ഖത്തറിനെയും പ്രദേശത്തെയും കുറിച്ചുള്ള തെറ്റായ ആശയങ്ങള്‍ ഇല്ലാതാക്കാനുള്ള സുപ്രധാന അവസരമായി 2022 ലോകകപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ചില തൊഴിലാളികളുടെ സ്ഥിതി സംബന്ധിച്ച് തൊഴില്‍ യൂണിയനുകളില്‍ നിന്ന് നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. തൊഴില്മേഖലയിലുള്പ്പടെ രാജ്യം നിരവവധി പരിഷ്കാരങ്ങളാണ് നടപ്പാക്കിയത്. ഒപ്പം അനുഭവങ്ങളുടെ ശേഖരണത്തിലൂടെ തുടര്‍ന്നും പരിഷ്കരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പ്രതിബദ്ധത ഇപ്പോഴത്തെ പുരോഗതിയില്‍ പ്രതിഫലിക്കുന്നുണ്ട്. ലോകത്തെ ഒരു രാജ്യത്തിനും തൊഴിലാളികളുമായി ഇടപഴകാന്‍ അനുയോജ്യമായ സംവിധാനമില്ലെന്നും എന്നാല്‍ ഖത്തര്‍ ഈ രംഗത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിക്കുകയാണെന്നും അല്‍തവാദി പറഞ്ഞു. മാതൃരാജ്യങ്ങളില്നിന്നെത്തുന്ന തൊഴിലാളികള്‍ക്ക് റിക്രൂട്ട്മെന്റ് ഫീസ് മടക്കിനല്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ആപ്പിളിനു പിന്നില്‍ രണ്ടാമതെത്താന്‍ ഖത്തറിനായി. രാജ്യത്തിന്റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.