in ,

ഖത്തറിന് പുറത്ത് അംഗീകൃത കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ്

ഇന്ത്യയിലെ വാക്‌സിനെടുത്തവര്‍ക്ക് ഇളവില്ല, നാല് അംഗീകൃത വാക്‌സിനുകള്‍ക്ക് മാത്രം ഇളവ്

ദോഹ: ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെട്ട കോവിഡ് പ്രതിരോധ വാക്‌സിന്‍ മറ്റുരാജ്യങ്ങളില്‍വെച്ച് സ്വീകരിച്ചവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ്. നിലവില്‍ ഖത്തറില്‍ കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്കുമാത്രമായിരുന്നു പതിനാലു ദിവസത്തിനുശേഷം ആറുമാസം വരെ ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് അനുവദിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട വാക്‌സിനുകള്‍ ഖത്തറിനു പുറത്തുവെച്ചു സ്വീകരിച്ചാലും ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവു അനുവദിക്കും.

അതേസമയം അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ ഇപ്പോള്‍ നല്‍കിവരുന്ന വാക്‌സിനുകള്‍ ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായിരിക്കും.

ഫൈസര്‍ ബയോടെക്, മൊഡേണ, അസ്ട്രാസെനക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയിലേതെങ്കിലും ഒന്ന് ഖത്തറിനു പുറത്തുവെച്ച് സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്കെത്തുമ്പോള്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവുണ്ടായിരിക്കും. അതേസമയം വാക്‌സിനെടുക്കുന്നവര്‍ നിര്‍ദ്ദിഷ്ട ഡോസുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. അതായത് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്റേതാണെങ്കില്‍ ഒരു ഡോസും മറ്റുള്ളവയുടേതാണെങ്കില്‍ രണ്ടു ഡോസും എടുത്തിരിക്കണം.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ആദ്യ ഡോസും മറ്റുള്ളവയുടെ രണ്ടാമത്തെ ഡോസും സ്വീകരിച്ച് പതിനാല് ദിവസത്തിനുശേഷം എത്തുന്നവര്‍ക്കായിരിക്കും ഇളവ്. ഇളവിന് അര്‍ഹരായ വ്യക്തികള്‍ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ കാര്‍ഡോ ഹാജരാക്കണം. ഔദ്യോഗിക രേഖയില്‍ പരാമര്‍ശിച്ചിരിക്കുന്ന പേര്, സ്വീകരിച്ച വാക്്‌സിന്റെ പേര്, വാക്‌സിന്‍ തരം അനുസരിച്ച് ഡോസുകള്‍ സ്വീകരിച്ച തീയതി, സീരിയല്‍ നമ്പര്‍, വാക്‌സിനേഷന്‍ സൗകര്യത്തിന്റെ ഔദ്യോഗിക ലോഗോയോ മുദ്രയോ എന്നിവ ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റിലോ കാര്‍ഡിലോ ഉണ്ടായിരിക്കണം.

കൂടാതെ വ്യക്തിയുടെ കോവിഡ് പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവായിരിക്കണം. വിദേശരാജ്യങ്ങളില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൊന്നില്‍ പരിശോധന നടത്തി വൈറസ് രഹിതനാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റിന്റെ സാധുത 72 മണിക്കൂറില്‍ കവിയാന്‍ പാടില്ല. അതല്ലെങ്കില്‍ ഖത്തറിലെത്തുമ്പോള്‍ നടത്തുന്ന കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരിക്കണം.

അംഗീകൃത വാക്‌സിന്‍ നിര്‍ദ്ദിഷ്ട ഡോസുകള്‍ സ്വീകരിച്ച് പതിനാല് ദിവസത്തിനുശേഷം മടങ്ങിയെത്തുന്നവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ മാത്രമെ ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് ലഭിക്കൂ. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാവരുടെയും ഇഹ്‌തെരാസ് ആപ്പിലെ ആരോഗ്യനില പച്ചയായി തുടരും.

അതിനാല്‍ ഖത്തറില്‍ പ്രവേശിക്കുമ്പോള്‍ ഹോട്ടല്‍, ഹോം ക്വാറന്റൈന്‍ എന്നിവയില്‍ നിന്ന് ഒഴിവാക്കപ്പെടും. വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് പതിനാല് ദിവസങ്ങള്‍ക്കുള്ളിലാണ് ഖത്തറിലേക്ക് മടങ്ങുന്നതെങ്കില്‍ ഒരാഴ്ചയോ പതിനാല് ദിവസം പൂര്‍ത്തിയാകുന്നതുവരെയോ ഏതാണോ കുറവ് അതുവരെ ഹോം ക്വാറന്റൈനില്‍ കഴിയേണ്ടിവരും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുമാത്രമായി പ്രത്യേക വിമാനസര്‍വീസ്; ആദ്യയാത്രക്കാരനായി ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍താഫും

ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി