in ,

ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ്

ദോഹ: ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ്. ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ അംഗീകൃത പട്ടികയില്‍ കോവിഷീല്‍ഡ് വാക്‌സിനെയും ഉള്‍പ്പെടുത്തി. ഖത്തറില്‍ കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്കു പുറമെ കോവിഷീല്‍ഡ് ഉള്‍പ്പടെ അംഗീകൃത വാക്‌സിനുകളെടുത്തവര്‍ക്കും പതിനാലു ദിവസത്തിനുശേഷം ആറുമാസം വരെ ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് ലഭിക്കും.

അതേസമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായിരിക്കും. കോവിഷീല്‍ഡ് വാക്‌സിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. ഫൈസര്‍, മൊഡേണ, ആസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവക്കു പുറമെയാണ് കോവിഷീല്‍ഡിനെയും ഉള്‍പ്പെടുത്തിയത്. അതേസമയം വാക്‌സിനെടുക്കുന്നവര്‍ നിര്‍ദ്ദിഷ്ട ഡോസുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. അതായത് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്റേതാണെങ്കില്‍ ഒരു ഡോസും മറ്റുള്ളവയുടേതാണെങ്കില്‍ രണ്ടു ഡോസും എടുത്തിരിക്കണം. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ആദ്യ ഡോസും മറ്റുള്ളവയുടെ രണ്ടാമത്തെ ഡോസും സ്വീകരിച്ച് പതിനാല് ദിവസത്തിനുശേഷം എത്തുന്നവര്‍ക്കായിരിക്കും ഇളവ്.

ഓക്‌സ്ഫഡ്-ആസ്ട്രാസെനക വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്‌സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിക്കുന്നത്. ആസ്ട്രാസെനക വാക്‌സിന് ഖത്തര്‍ നേരത്തെ അംഗീകാരം നല്‍കിയതിനാല്‍ അതേയിനത്തില്‍പ്പെട്ട കോവിഷീല്‍ഡ് വാക്‌സിനും അംഗീകാരം ലഭിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. കോവിഷീല്‍ഡ് ഉള്‍പ്പടെ വാക്‌സിന്‍ സ്വീകരിച്ച് ഇളവിന് അര്‍ഹരായ വ്യക്തികള്‍ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ കാര്‍ഡോ ഹാജരാക്കണം. ഔദ്യോഗിക രേഖയില്‍ പരാമര്‍ശിച്ചിരിക്കുന്ന പേര്, സ്വീകരിച്ച വാക്‌സിന്റെ പേര്, വാക്‌സിന്‍ തരം അനുസരിച്ച് ഡോസുകള്‍ സ്വീകരിച്ച തീയതി, സീരിയല്‍ നമ്പര്‍, വാക്‌സിനേഷന്‍ സൗകര്യത്തിന്റെ ഔദ്യോഗിക ലോഗോയോ മുദ്രയോ എന്നിവ ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റിലോ കാര്‍ഡിലോ ഉണ്ടായിരിക്കണം.

പുതിയ തീരുമാനപ്രകാരം കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച വ്യക്തിക്ക് ഖത്തറിലേക്കെത്തുമ്പോള്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. കൂടാതെ വ്യക്തിയുടെ കോവിഡ് പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവായിരിക്കണം. വിദേശരാജ്യങ്ങളില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൊന്നില്‍ യാത്രക്ക് 72 മണിക്കൂര്‍ മുന്‍പ് പരിശോധന നടത്തി വൈറസ് രഹിതനാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അംഗീകൃത വാക്‌സിന്‍ നിര്‍ദ്ദിഷ്ട ഡോസുകള്‍ സ്വീകരിച്ച് പതിനാല് ദിവസത്തിനുശേഷം മടങ്ങിയെത്തുന്നവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ മാത്രമെ ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് ലഭിക്കൂ. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാവരുടെയും ഇഹ്‌തെരാസ് ആപ്പിലെ ആരോഗ്യനില പച്ചയായി തുടരും. അതിനാല്‍ ഖത്തറില്‍ പ്രവേശിക്കുമ്പോള്‍ ഹോട്ടല്‍, ഹോം ക്വാറന്റൈന്‍ എന്നിവയില്‍ നിന്ന് ഒഴിവാക്കപ്പെടും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിലെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം; ഈ മാസം 25 മുതല്‍ പ്രാബല്യം

ഖത്തറില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന; 24 മണിക്കൂറിനിടെ രോഗം ഭേദമായത് 1297 പേര്‍ക്ക്