
ദോഹ: ഖത്തറില്‍ മടങ്ങിയെത്തുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റൈന് പാക്കേജ് ഡിസംബര്‍ 31വരെ നീട്ടി. രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പൗരന്മാര്, താമസക്കാര്‍, വിസ ഹോള്‍ഡേഴ്സ് എന്നിവരില്‍ ഹോട്ടല്‍ ക്വാറന്റൈന് അര്‍ഹതയുള്ളവര്‍ക്ക് ഡിസംബര്‍ 31 വരെ ബുക്ക് ചെയ്യാനാകുമെന്ന് ഡിസ്കവര് ഖത്തര്‍ അറിയിച്ചു.
കോവിഡ്-19 വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഖത്തറില്‍ മടങ്ങിയെത്തണമെങ്കില്‍ എക്സ്പെഷ്ണല് റീ എന്‍ട്രി പെര്‍മിറ്റിനു പുറമെ ഹോട്ടല്‍ ക്വാറന്റൈന് ബുക്കിങ് രേഖയും ആവശ്യമാണ്. ഖത്തര്‍ പോര്‍ട്ടല്‍ മുഖേന റീ എന്‍ട്രി പെര്‍മിറ്റ് നേടിയശേഷമാണ് ഹോട്ടല്‍ ക്വാറന്റൈന് ബുക്ക് ചെയ്യേണ്ടത്. ബുക്കിങിനായുള്ള പാക്കേജ് ഡിസംബര്‍ 31വരെ നീട്ടിയിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് ഡിവിഷനായ ഡിസ്കവര് ഖത്തര്‍ മുഖേനയാണ് ഹോട്ടല്‍ ക്വാറന്റൈന് ബുക്ക് ചെയ്യേണ്ടത്.
ബുക്കിങ് നീട്ടിയതായി ഡിസ്കവര് ഖത്തര്‍ വെബ്സൈറ്റില്‍ അറിയിച്ചു. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റ് നേടിയശേഷം ദോഹയിലെത്തുമ്പോള്‍ ഏഴു ദിവസം സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്നത് നിര്‍ബന്ധമാണ്. ഡിസംബറില്‍ മുപ്പതിലധികം ഹോട്ടലുകള്‍ ക്വാറന്റൈന് ബുക്കിങിനായി ലഭ്യമാണ്.ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍ ഒരാള്‍ക്ക് ഏഴുദിവസത്തെ പാക്കേജിന് 1950 റിയാല്‍ മുതലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ 6,168 റിയാല്‍ വരെയാണ് നിരക്ക്.
കുടുംബങ്ങള്‍ക്കായി ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ലഭിക്കും. വിമാനത്താവളത്തില്‍നിന്നും ഹോട്ടലിലേക്കുള്ള യാത്രയും മൂന്നു നേരം ഭക്ഷണവും പാക്കേജിന്റെ ഭാഗമാണ്. നേരത്തെ ക്വാറന്റൈന് പാക്കേജ് ഒകടോബര് 31വരെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ഖത്തറിലക്ക് മടങ്ങാന്‍ അനുമതിയുള്ളവര്‍ മാത്രമെ ഹോട്ടല്‍ ക്വാറന്റൈന് ബുക്ക് ചെയ്യാന്‍ പാടുള്ളുവെന്നും ഡിസ്ക്കവര്‍ ഖത്തര്‍ അറിയിച്ചു. ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് ദിവസേന പരിധി നിശ്ചയിച്ചിട്ടുണ്ട്.
മടങ്ങിയെത്താന്‍ താല്പര്യപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചതിനാലാണിത്. ഹോട്ടല്‍ ക്വാറന്റൈന് ബുക്കിങിനായി തിരയുമ്പോള്‍ ഹോട്ടലുകളൊന്നും ലഭ്യമാകുന്നില്ലെങ്കില്‍ മിക്കവാറും ദൈനംദിന വരവ് പരിധിയിലെത്തിയിരിക്കാം.
ആ ഘട്ടത്തില്‍ മറ്റൊരു തീയതി തെരഞ്ഞെടുക്കണമെന്ന് ഡിസ്ക്കവര്‍ ഖത്തര്‍ നിര്‍ദേശിച്ചു. റീ എന്‍ട്രി പെര്‍മിറ്റ്, ഹോട്ടല്‍ ബുക്കിങ് രേഖ എന്നിവയുള്ളവര്‍ക്ക് മാത്രമായിരിക്കും ഖത്തറിലേക്ക് യാത്രാനുമതി. കുടുംബങ്ങള്‍ സ്വന്തം ചെലവില്‍ ഏഴു ദിവസമാണ് ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടത്.