
ദോഹ: ഖത്തറിലേക്ക് തിരിച്ചെത്തുന്ന പ്രവാസി തൊഴിലാളികള്‍ക്കായി ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജ് പ്രഖ്യാപിച്ചു. ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് ഡിവിഷനായ ഡിസ്‌കവര്‍ ഖത്തര്‍ മുഖേനയാണ് ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടത്.രാജ്യത്തേക്ക് മടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികള്‍, കമ്പനി ജീവനക്കാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവര്‍ക്കായി 14 ദിവസത്തെ ക്വാറന്റൈന്‍ പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. സിംഗിള്‍ മുറി, ഒന്നിലധികം പേരെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ പങ്കുവെക്കപ്പെടുന്ന താമസസൗകര്യം(ഷെയേര്‍ഡ് അക്കോമഡേഷന്‍), വഴിയോര താമസസൗകര്യം (മോട്ടല്‍ അക്കോമഡേഷന്‍) എന്നിവയാണ് പാക്കേജിലുള്ളത്. ഗാര്‍ഹിക തൊഴിലാളികളും കമ്പനി ജീവനക്കാരും 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്.
വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ ക്വാറന്റൈന്‍ ചെലവ് കമ്പനി ഉടമയാണ് വഹിക്കേണ്ടത്. അതേസമയം കുടുംബ വീസകളിലെത്തുന്നവര്‍ സ്വയം ചെലവില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. പ്രവാസി തൊഴിലാളികള്‍ക്കുള്ള ക്വാറന്റൈന്‍ പാക്കേജില്‍ പ്രതിദിനം 105 റിയാല്‍ മുതലാണ് താമസ നിരക്ക്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കൂടാതെ വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്ര എന്നിവയെല്ലാം ഈ പാക്കേജില്‍ ഉള്‍പ്പെടും. ഷെയേര്‍ഡ് അക്കോമഡേഷന് 14 ദിവസത്തേക്ക് 2,160 റിയാലും സിംഗിള്‍ മുറിക്ക് 4,302 റിയാലുമാണ് നിരക്ക്. 14 ദിവസത്തെ വഴിയോര താമസ സൗകര്യം സല്‍വ റോഡിലെ അല്‍ ഷഹാനിയയിലെ മുഖൈനിസ് ഹോട്ടലിലും ഒരുക്കിയിട്ടുണ്ട്.
സിംഗിള്‍ മുറിയും ഷെയേര്‍ഡ് അക്കോമഡേഷനും ലഭ്യമാക്കിയിട്ടുണ്ട്. ദോഹയില്‍ എത്തുന്ന തീയതിക്ക് 48 മണിക്കൂര്‍ മുമ്പ് മുറി ബുക്ക് ചെയ്യണം. ഒറ്റ ബുക്കിങ്ങില്‍ പരമാവധി മൂന്നു പേര്‍ മാത്രമേ പാടുള്ളു. ഒറ്റ ബുക്കിങ്ങില്‍ ഒരേ വിഭാഗത്തിലുള്ള മുറിയായിരിക്കണം ബുക്ക ചെയ്യേണ്ടത്.
ഒരേ വിമാനത്തില്‍ ഒരുമിച്ചെത്തുന്നവരായിരിക്കണം ഇവരെന്നും വ്യവസ്ഥയുണ്ട്. ഖത്തറിലേക്ക് മടങ്ങിയെത്തുന്ന കുടുംബ വീസയിലുള്ളവര്‍ക്ക് ഏഴു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനിനായി 3, 4, 5 സ്റ്റാര്‍ ഹോട്ടലുകളും ഉണ്ട്. റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ശേഷം മാത്രമേ ഹോട്ടല്‍ ബുക്കിങ് അനുവദിക്കൂ.
കമ്പനികള്‍ക്ക് ജീവനക്കാര്‍ക്കായുള്ള ഹോട്ടല്‍ ബുക്കിങ്ങിനായി +974 55502246 എന്ന നമ്പറില്‍ അല്ലെങ്കില്‍ holidays@qatarairways.com.qa എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http-s://www.qatarairwaysholidays.com/qaen/domesticstaffan-dcompanysponsoredworkers