പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഹോം ക്വാറന്റൈന് നിര്‍ബന്ധം
ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസുമെടുത്തശേഷം പുറത്തേക്കുപോയി പതിനാല് ദിവസങ്ങള്‍ക്കുശേഷം മടങ്ങിയെത്തുന്ന മാതാപിതാക്കള്‍ക്കൊപ്പമുള്ള പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് ആവശ്യമില്ല. പക്ഷെ ഇവര്‍ ഏഴു ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ തുടരണം. ഡിസ്ക്കവര്‍ ഖത്തറിന്റെ സഹകരണത്തോടെ ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് നിലവില്‍ പതിനാറ് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന് അര്‍ഹതയുള്ളത്. ഫൈസര്‍ വാക്സിന്റെ പ്രായപരിധി പതിനാറ് വയസിനു മുകളിലും മൊഡേണ വാക്സിന്റേത് 18 വയസിനുമുകളിലുമാണ്. ഖത്തറില്‍ നിന്നും വാക്സിന് രണ്ടു ഡോസും സ്വീകരിച്ച പതിനെട്ട് വയസും അതിനുമുകളില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ പുറത്തുപോയി പതിനാല് ദിവസത്തിനുശേഷം മൂന്നുമാസകാലയളവിനുള്ളില് മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈന് ഒഴിവാക്കിയിട്ടുണ്ട്.
പക്ഷെ 16നും 18 വയസിനുമിടയില്‍ പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കോവിഡ് വാക്സിന് സ്വീകരിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്. അവരുടെ മാതാപിതാക്കള്‍ കോവിഡ് വാക്സിന് സ്വീകരിച്ചവരാണെങ്കിലും ഈ കുട്ടികളുടെ കാര്യത്തില്‍ അക്കാര്യം കണക്കിലെടുക്കില്ല. വാക്സിനെടുക്കാത്ത 16നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി വെല്‍ക്കം ഹോം പാക്കേജ് ബുക്ക് ചെയ്യുകയും ഹോട്ടല്ക്വാറന്റൈന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണമെന്ന് ഡിസ്കവര് ഖത്തര്‍ വ്യക്തമാക്കി.
കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചയുടന്‍ പുറത്തേക്ക് യാത്ര ചെയ്യാനാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് പതിനാല് ദിവസം മുതല്‍ മൂന്നു മാസത്തേക്കാണ് ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവുള്ളത്. ഭാവിയില്‍ കൂടുതല്‍ ക്ലിനിക്കല്‍ തെളിവുകള്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ മൂന്നുമാസമെന്ന ഇളവ് നീട്ടാനിടയുണ്ട്. മറ്റു രാജ്യങ്ങളില്‍ കോവിഡ് വാക്സിന് എടുത്തവര്‍ക്ക് ഈ ഇളവ് നിലവില്‍ ബാധകമല്ല.
അതായത് ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ചവര്‍ക്കുമാത്രമായിരിക്കും ക്വാറന്റൈന് ഒഴിവാക്കി നല്‍കുക. നിലവില്‍ ഖത്തറിന്റെ ഗ്രീന്ലിസ്റ്റില്പ്പെടാത്ത രാജ്യങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്. ഇതിനായി വലിയ തുകയാണ് ചെലവുവരുന്നത്. അതുകൊണ്ടുതന്നെ കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന് ഒഴിവാക്കിനല്കുന്നത് പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വലിയതോതില്‍ ആശ്വാസമാകും.