അശ്‌റഫ് തൂണേരി/ ദോഹ:
പരിസ്ഥിതി സൗഹൃദപരമായും സുസ്ഥിരമായും എങ്ങനെ മികച്ച നഗരമുണ്ടാക്കാം എന്ന ആസൂത്രണത്തിനായി ഒരു ആഗോള സമ്മേളനത്തിന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വേദിയൊരുങ്ങുന്നു. ഐക്യരാഷ്ട്രസഭയുടേയും യുനെസ്‌കോയുടേയും അംഗീകാരമുള്ള, നെതര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സന്നദ്ധ സംഘടന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സിറ്റി ആന്‍ഡ് റീജിയണല്‍ പ്ലാനേഴ്‌സ് (ഇസോകാര്‍പ്) ആണ് 57ാമത് വേള്‍ഡ് പ്ലാനിംഗ് കോണ്‍ഗ്രസ് 2021 ദോഹയില്‍ സംഘടിപ്പിക്കുന്നത്. നവംബര്‍ 8 മുതല്‍ 11 വരേയാണ് പരിപാടി. ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദഗ്ധരും പ്രതിനിധികളും എത്തിചേരുന്ന പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാനാവാത്തവര്‍ക്ക് വെര്‍ച്വലായി സംബന്ധിക്കാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ടെന്ന് പ്രാദേശിക സംഘാടകരായ ഖത്തര്‍ മുന്‍സിപ്പല്‍ മന്ത്രാലയം അറിയിച്ചു.
വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന കോണ്‍ഗ്രസ്സില്‍ ശില്‍പശാലകളും അനുബന്ധ പ്രദര്‍ശനങ്ങളും ഉണ്ടായിരിക്കുമെന്ന് ഖത്തര്‍ മുന്‍സിപ്പല്‍ മന്ത്രാലയ പ്രതിനിധി മുബാറക് അല്‍ നുഐമി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
‘ആസൂത്രണത്തിന്റെ പൂട്ട് തുറക്കാം; പുതിയ സമയം, മികച്ച സ്ഥലങ്ങള്‍, ശക്തമായ സമൂഹം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കോവിഡ്19 ന് ശേഷമുള്ള വെല്ലുവിളികളും കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. സാങ്കേതിക വിദ്യ അനുദിനം മാറുന്ന സമകാലത്ത് നഗരാസൂത്രണത്തില്‍ ആവശ്യമായ എല്ലാ കാര്യങ്ങളും വിശദമായി വിശകലന വിധേയമാക്കും. 2022 ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് ദോഹയില്‍ ഈ കോണ്‍ഗ്രസ് നടക്കുന്നതെന്നത് ഏറെ പ്രത്യേകതയുണ്ട്. ലോക കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ നടത്തിയ വിസ്മയകരമായ ഒരുക്കങ്ങള്‍ ലോകത്തിന് മുഴുവന്‍ കാണാനുള്ള അവസരം കൂടിയാണ് ഈ കോണ്‍ഗ്രസ്സെന്നും സംഘാടകര്‍ വിശദീകരിച്ചു.
”ഖത്തറിലെ എല്ലാ നഗരങ്ങളും പ്രത്യേകിച്ച് ദോഹ പരിസ്ഥിതി സൗഹൃദവും സുസ്ഥിര നഗരാസൂത്രണത്തിലൂടെ എല്ലാവരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതുമായ സമകാലിക നഗരങ്ങളുടെ മാതൃകയായി ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു” അല്‍ നുഐമി എടുത്തുപറഞ്ഞു