in

റമദാനില്‍ എങ്ങനെ സുരക്ഷിതമായി തുടരാം, മാര്‍ഗനിര്‍ദേശങ്ങളുമായി മന്ത്രാലയം

ദോഹ: ഈ റമദാനില്‍ എങ്ങനെ സുരക്ഷിതമായി തുടരാം എന്നതിനെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം. ഔദ്യോഗിക വെബ്‌സൈറ്റില്‍ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നുറുങ്ങുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ റമദാന്‍ എല്ലാ മുസ്ലിംകള്‍ക്കും പ്രത്യേക സമയമാണ്.
എന്നാല്‍ നിലവിലെ കോവിഡ് സാഹചര്യം കാരണം ഈ വര്‍ഷം റമദാന്‍ വളരെ വ്യത്യസ്തമാണ്. കോവിഡ് ദൈനംദിന ജീവിതത്തിന്റെ പല വശങ്ങളെയും മാറ്റിമറിച്ചു. റമദാനിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടാകും. അണുബാധ തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രിയപ്പെട്ടവരെയും കമ്യൂണിറ്റിയിലെ അംഗങ്ങളെയും പരിരക്ഷിക്കുകയാണ് വേണ്ടത്. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കുറക്കല്‍ മുന്‍ഗണനയായി തുടരണം. റമദാന്‍ സവിശേഷവും പവിത്രവുമായ സമയമാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി മറ്റൊരാള്‍ക്ക് ഒരു ദോഷവും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഓര്‍മിക്കണം- മന്ത്രാലയം ചൂണ്ടക്കാട്ടി. മാറി നില്‍ക്കുകയും അകലം പാലിക്കുകയും ചെയ്യുന്നതിലൂടെ മറ്റുള്ളവരെ സുരക്ഷിതമായി നിലനിര്‍ത്താനാകും. വലിയ കുടുംബ പാര്‍ട്ടികള്‍ക്ക് ആതിഥേയത്വം വഹിക്കല്‍, പ്രാര്‍ത്ഥനക്കായി പള്ളിയില്‍ പങ്കെടുക്കല്‍ എന്നിവ ഉള്‍പ്പടെ വിശുദ്ധ മാസവുമായി ബന്ധപ്പെടുത്തുന്ന പല പാരമ്പര്യങ്ങളും ഈ വര്‍ഷം സാധ്യമാകില്ല. എന്നിരുന്നാലും നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും സുരക്ഷിതമാക്കിക്കൊണ്ട് അല്‍പം സര്‍ഗാത്മകതയോടെ ഈ സുപ്രധാന പാരമ്പര്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിയും. അസാധാരണ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ റമദാന്‍ പാലിക്കുന്നതിനുള്ള നുറുങ്ങുകളും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രിയാത്മക മനോഭാവം പുലര്‍ത്തുകയും നിങ്ങള്‍ക്ക് നേടാനും പഠിക്കാനും കഴിയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് ചെയ്യേണ്ടത്.
ഇഫ്താര്‍ അല്ലെങ്കില്‍ സുഹൂര്‍ ഭക്ഷണത്തിനായി കുടുംബവുമായി ഒത്തുചേരുമ്പോള്‍ സ്വന്തം പ്ലേറ്റുകളും പാത്രങ്ങളും ഉപയോഗിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ കുടുംബവുമായും സുഹൃത്തുക്കളുമായും സമ്പര്‍ക്കം പുലര്‍ത്തുക. ഈ റമദാനില്‍ സാമൂഹിക ഒത്തുചേരലിന് പരിമിതികള്‍ ഉണ്ടെങ്കിലും, പൊതുജനാരോഗ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രിയപ്പെട്ടവരുമായി ഇടപഴകേണ്ടത് പ്രധാനമാണ്.
ഭക്ഷ്യ ആസൂത്രണത്തിന് ശ്രദ്ധ നല്‍കണം. ഗ്രോസറികള്‍ ഓാണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുകയോ രണ്ടാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഒന്നിച്ചു വാങ്ങുകയോ ചെയ്തുകൊണ്ട് സൂപ്പര്‍മാര്‍ക്കറ്റിലേക്കുള്ള യാത്രകളുടെ എണ്ണം കുറക്കണം. ശാരീരിക അകലം പാലിക്കുമ്പോള്‍ തന്നെ റമദാന്‍ സമയത്ത് പതിവായി വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ഇന്‍ഡോര്‍ ശാരീരിക വ്യായാമവും ഓണ്‍ലൈന്‍ ശാരീരിക പ്രവര്‍ത്തന ക്ലാസുകളും പ്രോത്സാഹിപ്പിക്കണം. ഗരന്‍ഗാവോ പോലെയുള്ള പരിപാടികള്‍ ആഘോഷിക്കുന്നതിന് സോഷ്യല്‍ മീഡിയയുടെ സേവനം ഉപയോഗപ്പെടുത്തണം. പരമ്പരാഗത വസ്ത്രത്തെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ഓണ്‍ലൈന്‍ ഫോട്ടോ മത്സരം ഉള്‍പ്പടെയുള്ള പരിപാടികളെക്കുറിച്ച് ആലോചിക്കാവുന്നതാണ്. നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സാമൂഹിക അകലം: ഖത്തറിന്റെ വായു ഗുണനിലവാരം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്

പൗരന്‍മാരുടെ മടക്കം: ഖത്തര്‍ എയര്‍വേയ്‌സിന് നന്ദി അറിയിച്ച് യുഎസ്‌