
ദോഹ: സര്‍ക്കാരിന്റെ വിവിധ സേവനങ്ങളും അറിയിപ്പുകളും വിവരങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്ന ഔദ്യോഗിക ഇ-ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഹുക്കൂമിയിലെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നു. ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ഹുക്കൂമി മുഖേനയുള്ള ഇടപാടുകളില്‍ 1.7 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ജൂലൈയില്‍ 1,00,026 ഇടപാടുകളാണ് ഹുക്കൂമി മുഖേന നടന്നതെങ്കില്‍ ഓഗസ്റ്റില്‍ ഇടപാടുകളുടെ എണ്ണം 1,01,696 ആയി വര്‍ധിച്ചു. ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. സര്‍ക്കാര്‍ വിവരങ്ങള്‍ പെട്ടെന്ന് ലഭ്യമാകുമെന്നതും ഇ-സേവനങ്ങളുമാണ് ഹുക്കൂമിയെ ആശ്രയിക്കാന്‍ സ്വദേശികളെയും വിദേശികളെയും ഒരുപോലെ പ്രേരിപ്പിക്കുന്നത്.് റസിഡന്‍സി പെര്‍മിറ്റ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വൈള്ളം, വൈദ്യുതി എന്നിവയുടെ ബില്‍ അടയ്ക്കാനുള്ള സൗകര്യം, ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാനുള്ള സൗകര്യം, ബിസിനസ് വിസയ്ക്കുള്ള അപേക്ഷ നല്‍കല്‍, വാണിജ്യ രജിസ്‌ട്രേഷനുകളും ഹെല്‍ത്ത് കാര്‍ഡുകളും പുതുക്കുന്നതിനുള്ള സംവിധാനം എന്നിവ ഉള്‍പ്പടെ ഒട്ടേറെ സേവനങ്ങള്‍ ഹുക്കൂമി വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. കമ്പനികള്‍, സ്വദേശികള്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കായി വിവിധങ്ങളായ സേവനങ്ങളാണ് പോര്‍ട്ടലിലുള്ളത്. ഒട്ടനവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി പൂര്‍ത്തീകരിക്കാനാകും. .