in

ഡയബറ്റിക്‌സ് ഹോട്ട്‌ലൈനിന്റെ പ്രയോജനം ലഭിച്ചത് നൂറുകണക്കിന് പേര്‍ക്ക്‌

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി) ഡയബറ്റിക്‌സ് ഹോട്ട്‌ലൈനിന്റെ പ്രയോജനം ലഭിച്ചത് നൂറുകണക്കിന് പേര്‍ക്ക്. ഏപ്രിലില്‍ മാത്രം ഹോട്ട്‌ലൈനില്‍ 1800ലധികം കോളുകള്‍ ലഭിച്ചിരുന്നു. നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയുടെ പശ്ചാത്തലത്തില്‍ എച്ച്എംസിയുടെ പ്രമേഹ പരിചരണ സംഘം പ്രമേഹ ഹോട്ട്‌ലൈനിന്റെ പ്രവര്‍ത്തനം നീട്ടിയിരുന്നു. ഏപ്രിലില്‍ 1810 കോളുകളാണ് ലഭിച്ചത്. 16099 എന്ന നമ്പരില്‍ വിളിച്ച് ഓപഷന്‍ നാല് തെര്‌ഞ്ഞെടുക്കുന്നതിലൂടെ ഹോട്ട്‌ലൈന്‍ സേവനം പ്രയോജനപ്പെടുത്താനാകും. പ്രമേഹരോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും പരിചരണം നല്‍കുന്നവര്‍ക്കും പ്രമേഹവും കോവിഡും സംബന്ധിച്ച മെഡിക്കല്‍ ഉപദേശങ്ങള്‍ ഇതിലൂടെ ലഭ്യമാക്കും. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ രാത്രി പത്തുവരെ ഈ ഫോണ്‍ അധിഷ്ഠിത അടിയന്തര സേവനം ലഭ്യമാണ്.
ഹോട്ട്‌ലൈനു പുറമെ മരുന്നുകള്‍ വീടുകളിലെത്തിക്കുന്ന ഹോം ഡെലിവറി സേവനം, വിര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകള്‍, പ്രമേഹത്തെ മോശമായി നിയന്ത്രിക്കുന്ന രോഗികളെ ലക്ഷ്യം വച്ചുള്ള ഔട്ട്റീച്ച് പ്രോഗ്രാം എന്നിവയെല്ലാം എച്ച്എംസി നടപ്പാക്കുന്നുണ്ട്. പ്രമേഹരോഗികളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന കര്‍മ്മപദ്ധതിയുടെ ഭാഗമായാണിവ.കോവിഡില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് പ്രമേഹരോഗികള്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ഖത്തറിലെ പ്രമേഹ രോഗികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അതേസമയം കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിനും കൂടുതല്‍ അണുബാധയുണ്ടാകാതിരിക്കുന്നതിനും കൂടുതല്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും ഖത്തര്‍ മെറ്റബോളിക് ഇന്‍സ്റ്റിറ്റ്യൂട്ട് (ക്യുഎംഐ) ഡയറക്ടറും എച്ച്എംസി ഇന്റേണല്‍ മെഡിസിന്‍ ചെയര്‍മാനുമായ പ്രൊഫ. അബ്ദുള്‍ ബാദി അബൂസംറ ചൂണ്ടിക്കാട്ടി. പ്രമേഹം ഉള്‍പ്പെടെ വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് ആരോഗ്യമുള്ളവരേക്കാള്‍ പ്രതിരോധശേഷി കുറവാണെന്നും അതിനാല്‍ അണുബാധയില്‍ നിന്ന് സ്വയം രക്ഷനേടാന്‍ അവര്‍ കൂടുതല്‍ മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ആസ്പത്രി സേവനം അനിവാര്യമല്ലാത്ത രോഗികളെ ക്ലിനിക്കുകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ തന്റെ ടീം കഠിനമായി പരിശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. ഏപ്രിലില്‍ ഹമദ് ജനറല്‍ ആസ്പത്രിയിലെ നാഷണല്‍ ഡയബറ്റിസ് സെന്റര്‍ 8,200ലധികം കണ്‍സള്‍ട്ടേഷനുകള്‍ മുഖേന രോഗികളെ പരിചരിച്ചു. 90%ലധികം പരിചരണവും വിര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് ലഭ്യമാക്കിയത്. പതിവ് ഒപി അപ്പോയിന്‍മെന്റുകളിലധികവും ടെലിമെഡിസിന്‍ അപ്പോയിന്‍മെന്റുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഹോം ഡെലിവറി ഉള്‍പ്പടെ നിരവധി പുതിയ സേവനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും എച്ച്എംസിയിലെ എന്റോക്രൈനോളജി, ഡയബറ്റിസ്, മെറ്റബോളിസം വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. മഹമൂദ് സിരി പറഞ്ഞു. പ്രമേഹ രോഗികള്‍ വ്യക്തിഗത ശുചിത്വം പാലിക്കണം. ഭക്ഷ്യവസ്തുക്കള്‍ പോലെയുള്ള വ്യക്തിഗത ഉപയോഗ ഇനങ്ങള്‍ പങ്കിടരുത്. കപ്പുകള്‍, ടവ്വലുകള്‍, നാപ്കിനുകള്‍, വ്യക്തിഗത ഉപകരണങ്ങള്‍ എന്നിവയൊന്നും പങ്കുവെക്കരുത്. കൂടാതെ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. അതുപോലെ തന്നെ അണുബാധയുടെയോ രോഗത്തിന്റെയോ കാര്യത്തില്‍ ആരോഗ്യസംരക്ഷണം ഉറപ്പാക്കണം. ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന മറ്റു വൈറസുകളെപോലെതന്നെയാണ് കൊറോണ വൈറസ് പകരുന്നതും. രോഗം ബാധിച്ച വ്യക്തി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ വളരെ അടുത്താണെങ്കില്‍ രോഗം പകരാനിടയുണ്ട്. രോഗം ബാധിച്ച വ്യക്തിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിലൂടെയും മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയും ഇത് പകരാം. കൈകള്‍ തുടര്‍ച്ചയായി വൃത്തിയാക്കേണ്ടതിന്റെയും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതിന്റെയും തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അണുബാധക്ക് ഏറ്റവും കൂടുതല്‍ സാധ്യത പ്രമേഹരോഗികളാണ്.
പ്രമേഹ രോഗികള്‍ മെഡിക്കല്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. അവര്‍ കഴിക്കുന്ന മരുന്നുകളുടെയും അവയുടെ ഡോസേജിന്റെയും പട്ടിക തയാറാക്കിയിരിക്കണം. ടൈപ്പ് 1 പ്രമേഹ രോഗികള്‍ രണ്ടാഴ്ചത്തേക്കുള്ള മരുന്നുകള്‍ കൈവശം ഉറപ്പാക്കിയിരിക്കണം. കഠിനമായ ഹൈപ്പോഗ്ലൈസീമിയയുടെ പ്രശ്‌നങ്ങളുള്ള പ്രമേഹ രോഗികള്‍ അവരുടെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കണം. അസാധാരണമായ ലക്ഷണങ്ങളോ മറ്റോ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ ഡോക്ടറുമായി ബന്ധപ്പെടണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഉപരോധം ഖത്തറിന് നല്‍കിയത് സാമ്പത്തിക വൈവിധ്യവല്‍ക്കരണ അവസരങ്ങള്‍

സമ്മര്‍ അവധി ഒരു മാസമാക്കി കുറക്കാന്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് അനുമതി