Tuesday, July 7ESTD 1934

ജോലി നഷ്ടപ്പെട്ട് നാടണയാന്‍ ആയിരങ്ങള്‍; എംബസി ട്വിറ്റര്‍ പേജില്‍ സങ്കട ഹരജികള്‍ നൂറുകണക്കിന്

വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തം

എംബസിയുടെ ട്വീറ്റ്

അശ്‌റഫ് തൂണേരി/ദോഹ:

ജോലിയില്ലാതെ ദുരിതം പേറുന്ന പതിനെട്ടോളം തൊഴിലാളികള്‍ക്കു വേണ്ടി വീഡിയോ സഹിതമാണ് ചിങ്കി ദാഷ് നാട്ടിലേക്ക് പോവണമെന്ന ആവശ്യവുമായി ഇന്ത്യന്‍ എംബസിയുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടാഴ്ച മുമ്പ് അച്ഛന്‍ മരിച്ച ഒരു ഒഡീഷ്യന്‍ തൊഴിലാളിയുടെ സങ്കടവും ട്വീറ്റിലുണ്ട്. അച്ഛന്റെ മൃതദേഹം കാണാനാവാത്ത ദു:ഖം പേറി നടക്കുന്ന ആ തൊഴിലാളിയുടെ അമ്മയ്ക്കും അസുഖം കലശലാണ്. മൂന്നു മാസമായി തൊഴിലില്ലാത്ത ഇയാള്‍ക്കാകട്ടെ വൃക്കയ്ക്കും കരളിനും അസുഖമുണ്ട്. രോഗങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും തൊഴിലാളികളുടെ സങ്കടങ്ങള്‍ക്കും നടുവില്‍ കഴിയുന്ന ഈ നിര്‍മ്മാണത്തൊഴിലാളിയെപ്പോലെ ആയിരങ്ങളാണ് നാട്ടില്‍ പോവാനാവാതെ ഖത്തറില്‍ പ്രയാസത്തില്‍ കഴിയുന്നത്. കൂടുതല്‍ നഗരങ്ങളിലേക്ക് അടുത്ത ആഴ്ചകളില്‍ വിമാനം പറത്താനുള്ള ശ്രമത്തിലാണെന്നും കൂടുതല്‍ പരിഗണന ആവശ്യമുള്ളവരുടെ മുന്‍ഗണനാക്രമം നിശ്ചയിക്കാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ (ഇ ഒ ഐ ഡി) സഹിതം റീട്വീറ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെടുകയുണ്ടായി. എന്താണ് അടിയന്തിര ആവശ്യമെന്ന് രേഖപ്പെടുത്തണമെന്നും മെയ് 30-ന് കാലത്ത് 9-40-ന്‌ ‘ഇന്ത്യാ ഇന്‍ ഖത്തര്‍’ എന്ന ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ ട്വിറ്റര്‍ പേജില്‍ വന്ന അറിയിപ്പില്‍ വിശദീകരിക്കുന്നു. ഇരുന്നൂറ്റി അറുപതിലധികം പേരാണ് ഇതിനകം റീട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനു പുറമെ നൂറുകണക്കിന് പേര്‍ പരിഭവങ്ങളുമായി സന്നദ്ധസംഘടനകളേയും പ്രവര്‍ത്തകരേയും നിരന്തരം സമീപിക്കുന്നുമുണ്ട്. എംബസിയുടെ ട്വീറ്റിന് വന്ന റീട്വീറ്റുകളില്‍ 95 ശതമാനവും ജോലി നഷ്ടമായവരുടേതാണ്.

ഉറക്കം നഷ്ടപ്പെട്ട് അഷ്‌റഫലി; മാനസിക സമ്മര്‍ദ്ദമുള്ളവര്‍ നിരവധി

കുറേനാളായി ഉറക്കമില്ലാതെ കഴിയുകയാണ് അഷ്‌റഫലി. മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ഈ യുവാവിന് 2 മാസമായി തൊഴിലില്ല. കഴിച്ചിരുന്ന മരുന്നും തീര്‍ന്നുപോയിരിക്കുന്നു. കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് പോയാല്‍ മതിയെന്നായിരിക്കുന്നു അദ്ദേഹത്തിന്. ഭുവനേശ്വറില്‍ നിന്നുള്ള രശ്മി രഞ്ജന്റെ ജോലിക്കരാര്‍ കഴിഞ്ഞിട്ടു മാസങ്ങളായി. കൂടാതെ നാട്ടില്‍ നിന്ന് കൊണ്ടുവന്ന അമിത രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നും തീരാറായി. 5 മാസമായി തൊഴിലില്ലാതെ കഴിയുകയാണെന്ന് കടുത്ത മാനസിക പ്രയാസത്തില്‍ കഴിയുന്ന തിരുവന്തപുരം സ്വദേശി വിനോദ് അല്‍ഫോണ്‍സ് പറയുന്നു. ഉടന്‍ നാട്ടിലെത്തണമെന്നാണ് ആവശ്യം.
3 മാസമായി തൊഴിലില്ലാതെ പ്രതിസന്ധിയിലാണ് ഭാര്യയോടൊപ്പം ദോഹയില്‍ കഴിയുന്ന ബാല. മാനസിക സമ്മര്‍ദ്ദത്താല്‍ തളര്‍ന്നുപോയെന്നും നാട്ടില്‍ വീട്ടിലെത്തേണ്ടുന്ന അത്യാവശ്യമുണ്ടെന്നും ആവശ്യപ്പെടുന്നു.


നാടണയാനാവാതെ കാബിന്‍ക്രൂ

ഒരു മാസം മുമ്പ് മരണമടഞ്ഞ അച്ഛന്റെ ഭൗതികശരീരം ഒരു നോക്കു കാണാന്‍ പോലുമാവാതിരുന്ന ദു:ഖത്തില്‍ കഴിയുന്ന ഖത്തര്‍ എയര്‍വെയിസില്‍ കാബിന്‍ ക്രൂ നേഹാ സിംഗിന്റെ അമ്മയ്ക്കും വയ്യാതായിരിക്കുന്നു. അച്ഛന്‍ മരിച്ചതോടെ ഒറ്റയ്ക്കായ അവര്‍ക്കരികെയെത്താനുള്ള അങ്ങേയറ്റത്തെ ആഗ്രഹമാണ് നേഹ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആസ്സാമിലെ ഗുവാഹത്തിയില്‍ നിന്നുള്ള നേഹയ്ക്ക് അതിനടുത്തുള്ള മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് പോയാലും മതി. ഏത് തരത്തിലുള്ള ക്വാറന്റൈന് വിധേയമാവാനും തയ്യാറാണെന്നും അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ചികിത്സക്കായി രാജിവെച്ചു, ഖത്തറില്‍ കുടുങ്ങി ദാസ്

ഹൃദയസംബന്ധമായ തകാറുള്ള ഹൈദരാബാദ് സ്വദേശി 54- കാരനായ മനോജ് ദാസ് ചികിത്സ ആവശ്യാര്‍ത്ഥം ഫെബ്രുവരി അവസാനം ജോലി രാജിവെച്ച് നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പുള്ള മരുന്നുശീട്ടിലാണ് ഇപ്പോഴും കഴിയുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡുപോലും റദ്ദാക്കി വിമാനത്തിന് കാത്തിരിക്കുകയാണിദ്ദേഹം. അച്ഛന്റെ രോഗാവസ്ഥ വ്യക്തമാക്കുന്ന ചിത്രസഹിതമാണ് മലയാളിയായ സുരേഷും തമിഴ്‌നാട്ടുകാരനായ അരുള്‍ബോബും ട്വീറ്റ് ചെയ്തിരിക്കുന്നത്. അച്ഛന്‍ ഐ സി യുവില്‍ കഴിയുകയാണ്. സുരേഷിന്റെ നഴ്‌സായ ഭാര്യയാവട്ടെ നാട്ടില്‍ കോവിഡ് ഡ്യൂട്ടിയിലാണ്. പ്രായമായ അമ്മ മാത്രമാണ് അച്ഛനേയും തന്റെ കുട്ടികളേയും നോക്കേണ്ടത്. ഉടന്‍ കേരളത്തിലോ ചെന്നൈയിലോ എത്തണമെന്നാണ് ആവശ്യം. നാട്ടില്‍ അച്ഛന്‍ ഒറ്റക്കാണെന്നും ഉടന്‍ ചെന്നൈയിലെത്തണമെന്നും അരുളും ആവശ്യപ്പെടുന്നു.

കല്യാണം മുടങ്ങിയ മനിവണ്ണന്‍;
മുടങ്ങുമോ എന്ന ഭയത്താല്‍ അബ്ദുല്ല

മെയ് 27-നായിരുന്നു ഖത്തറിലെ പെട്രോഫാകില്‍ അപ്ലിക്കേഷന്‍ എഞ്ചിനീയറായ മനിവണ്ണന്‍ തൃമൂര്‍ത്തിയും എം ബി എ ബിരുദമുള്ള ശരണ്യയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. കോവിഡ് മൂലം വിമാനം മുടങ്ങിയതോടെ ചെന്നൈയില്‍ നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. ഇനി നാട്ടില്‍ ചെന്ന് ലളിതമായെങ്കിലും മിന്നുകെട്ടാന്‍ മോഹിക്കുകയാണ് മനിവണ്ണന്‍.
ജൂണ്‍ 7-ന് നിശ്ചയിച്ച കല്യാണം മുടങ്ങുമോ എന്ന ഭീതിയിലാണ് എഞ്ചിനീയറായ അബ്ദുല്ല. ചെന്നൈയിലേക്കാണ് പോവേണ്ടതെന്നും സഹായിക്കണമെന്നും കല്യാണ ക്ഷണക്കത്ത് സഹിതം ഈ യുവാവ് ആവശ്യപ്പെടുന്നു.

ചുരുക്കപ്പട്ടികയില്‍ പെട്ടിട്ടും ടിക്കറ്റ് കിട്ടാതെ രാമ റാവു

റാസ് ലഫാനിലെ തുറമുഖത്ത് ഓഫ്‌ഷോര്‍ വാതകപ്പാടത്ത് ജോലിക്കെത്തിയതാണ് ഹൈദരാബാദുകാരനായ രാമറാവു. സീമാനായാണ് ജോലി ചെയ്തത്. കരാര്‍ കാലാവധി കഴിഞ്ഞതോടെ കോവിഡ് പ്രതിസന്ധി കാരണം വിമാനമില്ലാതായി. മെയ് 20-ന് ഹൈദരാബാദിലേക്കുള്ള വിമാനത്തില്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടും ടിക്കറ്റ് കിട്ടിയില്ലെന്ന പരാതിയാണ് റാവുവിനുള്ളത്.

ജോലിയില്ലാതെ നിരവധി പേര്‍

മുംബൈയില്‍ നിന്നുള്ള അല്‍പേഷ് ദുണ്ട്‌ലെ കുറഞ്ഞാകാലത്തെ പ്രൊജക്ട് ജോലിക്കായി എത്തിയതാണ്. മാര്‍ച്ച് 23-ന് ജോലി കഴിഞ്ഞു. 2 മാസമായി ജോലിയില്ല. തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബം നാട്ടില്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്നും ഉടന്‍ നാട്ടില്‍ പോവണമെന്നും അല്‍പേഷ് ആവശ്യപ്പെടുന്നു. മഹാരാഷ്ട്രയിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് പോയാല്‍ മതിയെന്നാണ് രണ്ട് മാസമായി തൊഴിലില്ലാതെ കഴിയുന്ന മംഗേഷ് പാട്ടീലിന്റെ ആവശ്യം. ഭുവനേശ്വറിലേക്ക് വിമാനം കാത്തിരിക്കുന്ന അവിഷേക് പാണ്ടയുടെ പ്രൊജക്ട് തീര്‍ന്നിട്ട് മാസങ്ങളായി. വൃദ്ധരായ മാതാപിതാക്കള്‍ പ്രയാസത്തിലാണെന്നും ആസ്തമ രോഗത്താല്‍ പ്രയാസം നേരിടുകയാണെന്നും ഈ യുവാവ് വ്യക്തമാക്കുന്നു. മൂന്നു മാസമായി തൊഴിലില്ലാതെ ദോഹയില്‍ കഴിയുന്ന സരണിനും ഉടന്‍ നാട്ടിലെത്തേണ്ടതുണ്ട്. പ്രൊജക്ട് വിസയിലെത്തി തൊഴിലില്ലാതെ കഴിയുന്ന വസീമിന്റെ ഉമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിലീപ് കുമാര്‍ ദ്വിവേദി ബിസിനസ്സ് വിസയിലെത്തി തൊഴിലെടുത്തിരുന്നയാളാണ്. ഇപ്പോള്‍ മാസങ്ങളായി പണിയില്ല. പ്രായമായ വിധവയായ അമ്മ വീട്ടില്‍ ഒറ്റക്ക് ദിലീപ് കുമാറിന്റെ കഷ്ടതയോര്‍ത്ത് പ്രയാസത്തിലാണ്. ദിലീപും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു. കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കൃതി സിംഗിന് ലഖ്‌നോയിലേക്കാണ് പോവേണ്ടത്. കഴിഞ്ഞ മാസവും ഈ മാസവും ശമ്പളവും കിട്ടിയിട്ടില്ല. വല്യച്ഛന്‍ മെയ് 29-ന് മരിച്ച ദു:ഖവും കൃതിക്കുണ്ട്. 6 കുടുംബാംഗങ്ങള്‍ക്കൊപ്പം ദോഹയില്‍ കഴിയുന്ന അഭയ്കുമാര്‍ മഹീന്ദ്രാക്കര്‍് ജീവിക്കാന്‍ പോലും പണമില്ലാത്ത സാഹചര്യമാണെന്നും ഉടന്‍ മുംബൈയിലേക്ക് കയറ്റിവിടണമെന്നും ആവശ്യപ്പെടുന്നു. ഓണ്‍ അറൈവല്‍ വിസയില്‍ നാട്ടില്‍ നിന്നെത്തിയ കുടുംബത്തിന്റെ വിസ കാലാവധി കഴിഞ്ഞിട്ട് ഏറെയായെന്നും പറയുന്നുണ്ട്. ഫെബ്രുവരി മുതല്‍ ജോലി നഷ്ടമായ ഭൂമിക മുംബൈയിലേക്കുള്ള വിമാനം കാത്തിരിക്കുകയാണ്. ദോഹയില്‍ ഒറ്റക്ക് കഴിയുന്ന തനിക്ക് ജീവിതം ഏറെ ദുഷ്‌കരമാണെന്ന് അവര്‍ പറയുന്നു. 2 മാസമായി ജോലി ഇല്ലാതെ ജീവിക്കുന്ന കൊല്‍ക്കത്ത സ്വദേശിനി സുധാകൃഷ്ണയ്ക്ക് ഹൃദയ സംബന്ധമായ അസുഖം കൂടിയുള്ളതിനാല്‍ ഉടന്‍ നാട്ടില്‍ പോണം. സ്വാകാര്യ ആശുപത്രില്‍ ഇടക്കിടെ ചികിത്സ തേടുകയെന്നത് ഭാരിച്ച ചെലവായതിനാല്‍ ഏറെ പ്രയാസകരമാണെന്നും തന്നെ ആശ്രയിച്ചുകഴിയുന്ന 5 വയസ്സുള്ള മകനും പ്രായമായ അമ്മയും നാട്ടില്‍ ഒറ്റക്കാണെന്നും അവര്‍ വിശദീകരിക്കുന്നു.

നാടണഞ്ഞത് രണ്ടായിരത്തിഅഞ്ഞൂറോളം പേര്‍മാത്രം; ആയിരങ്ങള്‍ ബാക്കി

നാട്ടില്‍ പോവാനായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത് നാല്‍പ്പത്തിഅയ്യായിരം പേരാണ്. അതില്‍ തന്നെ കേരളീയര്‍ ഇരുപത്തിയെണ്ണായിരം പേരോളം വരും. കഴിഞ്ഞ ദിവസം വരെ ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയത് 64 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 2386 പേര്‍ മാത്രവും. കുഞ്ഞുങ്ങളില്ലാതെ 2322 പേര്‍ മാത്രമാണ് ഇന്ത്യയിലെത്തിയത്. പതിനാല് വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്. 7 സര്‍വീസുകളും കേരളത്തിലേക്ക് പോയത്. ജൂണ്‍ 2-ന് കൊച്ചിയിലേക്കും 3-ന് തിരുവനന്തപുരത്തേക്കും 4-ന് കണ്ണൂരിലേക്കും വിമാനമുണ്ട്. അതോടെ കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ 10 ആയി ഉയരുമെങ്കിലും ജീവിതച്ചെലവിന് കഷ്ടപ്പെട്ട് കഴിയുന്ന തൊഴില്‍നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍ എന്നിങ്ങനെ ആയിരക്കണക്കിന് മലയാളികളാണ് പോവാന്‍ ബാക്കിയായിരിക്കുന്നത്. പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം ചെന്നൈ, ലക്‌നൗ വിമാനങ്ങള്‍ പോവാനുണ്ടെങ്കിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും നിരവധി അര്‍ഹരായവരാണ് ബാക്കിയുള്ളത്. ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിനുള്ള ശ്രമം ഉടന്‍ സഫലമാവുമെന്ന വിശ്വാസത്തിലാണ് ഖത്തര്‍ കെ എം സി സി. കേരളാ ബിസിനസ്സ് ഫോറം, ഇന്‍കാസ് തുടങ്ങിയ കൂട്ടായ്മകളും മറ്റു ചില കമ്പനികളും ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും വന്ദേഭാരത് വിമാനങ്ങള്‍ ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് സാമൂഹിക സംഘടനകള്‍ ആവശ്യപ്പെടുന്നു.
തൊഴില്‍ നഷ്ടപ്പെട്ട് ഗതികേടിലായവരുള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടിലെത്താന്‍ ഉടന്‍ സംവിധാനമുണ്ടാക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഖത്തര്‍ കെ എം സി സി ഇന്ത്യന്‍ അംബാസിഡര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

error: Content is protected !!