ഭക്ഷണം/മരുന്ന് ആവശ്യമുള്ളവരാണോ? വിളിക്കാം:5012 2010

അശ്‌റഫ് തൂണേരി/ദോഹ:
കോവിഡ് പ്രതിരോധ ഭാഗമായി അടച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റുകളിലും അല്ലാതേയുമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫോറം (ഐ സി ബി എഫ്) ഭക്ഷ്യോത്പന്നങ്ങളും പച്ചക്കറികളുമെത്തിച്ചത് ആയിരത്തിലധികം പേര്‍ക്ക്. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 1 മുതല്‍ 32 വരെ ഭാഗങ്ങളിലുള്ള ക്വാറന്റൈനില്‍ കഴിയുന്ന ആവശ്യക്കാര്‍ക്കും കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി മൂലം പ്രയാസം നേരിടുന്നവര്‍ക്കുമാണ് ഭക്ഷ്യോത്പന്നങ്ങളും പച്ചക്കറിയും നല്‍കിയതെന്നും വിവിധ സന്നദ്ധ സംഘടനാ വളണ്ടിയര്‍മാര്‍ വിതരണത്തിന് സഹായിച്ചുവെന്നും ഐ സി ബി എഫ് അറിയിച്ചു.
കൂടാതെ ഹൃദയസംബന്ധമായ അസുഖമുള്ളവരുള്‍പ്പെടെ പത്തോളം പേര്‍ക്ക് മരുന്നെത്തിക്കാനും ഐ സി ബി എഫിന് കഴിഞ്ഞു. വാട്‌സാപ് വഴി മരുന്നുശീട്ട് വാങ്ങി ഫാര്‍മസി കമ്പനികളുമായി സഹകരിച്ചാണ് മരുന്നു സംഘടിപ്പിക്കുന്നത്. നാട്ടിലെ മരുന്നു കഴിക്കുന്നവര്‍ പ്രസ്തുത മരുന്നുശീട്ട് വാട്‌സാപ് വഴി ഖത്തറിലെ ഡോക്ടര്‍മാര്‍ക്ക് കൈമാറുകയും ഖത്തറില്‍ സമാനമായുള്ള ലഭ്യമായ മരുന്ന് നല്‍കുകയുമാണ് ചെയ്യുന്നത്. ചില പ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ ചാരിറ്റി, കത്താറ എന്നിവയുടെ സഹകരണവുമുണ്ട്. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗപ്പെടുത്തി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കാന്‍ ഇന്ത്യന്‍ എംബസി തയ്യാറാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ അറിയിച്ചതായി ഐ സി ബി എഫ് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യെ അറിയിച്ചു.

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയെത്തുടര്‍ന്ന് പ്രയാസം നേരിടുന്ന പുറത്തുള്ളവര്‍ക്കും തങ്ങള്‍ ഭക്ഷ്യോത്പന്നങ്ങളും പച്ചക്കറികളും മരുന്നും എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പ്രയാസം നേരിടുന്നവര്‍ക്ക് ഐ സി ബി എഫ് ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാം. വാട്‌സാപ് സന്ദേശമയക്കുകയോ വിളിക്കുകയോ ചെയ്യാം: 5012 2010, 7738 4933. ഐ സി ബി എഫ് ഹെല്‍പ്പ് ഡെസ്‌ക് (24 മണിക്കൂര്‍): 7786 7794.