
ദോഹ: അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍(ഐസിസി) വെബിനാര്‍ ശില്പശാല സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളെ ഭാവി തലമുറയിലെ ‘മികച്ച നെറ്റിസണ്’ ആയി വളര്‍ത്തിയെടുക്കാന്‍ സഹായിക്കുകയെന്നതായിരുന്നു വെബിനാറിന്റെ ലക്ഷ്യം. മുംബൈയില്‍നിന്നുള്ള പ്രശസ്ത പരിശീലകയായ നീലാഞ്ജന ഗ്രോവറായിരുന്നു ക്ലാസെടുത്തത്. കുട്ടികളുടെ സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം എങ്ങിനെ ഉറപ്പാക്കാമെന്നതിനെക്കുറിച്ച് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അവര്‍ പരിശീലനം നല്കി.
കോവിഡ്-19 സാഹചര്യത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ കേന്ദ്രീകൃതമായതോടെ വിദ്യാര്‍ഥികള്‍ അധികസമയവും ഇന്റര്‍നെറ്റിന് മുമ്പിലാണ് ചെലവഴിക്കുന്നത്. ഈ പ്രവണത രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലായിരുന്നു വെബിനാര്‍. വിര്‍ച്വല്‍ ലോകത്ത് കുട്ടികളെ എങ്ങിനെ സുരക്ഷിതരാക്കാമെന്നതിനെക്കുറിച്ചുള്ള മാര്‍ഗങ്ങള്‍, മാധ്യമങ്ങള്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നിവയും പരിശീലനത്തില്‍ വിഷയങ്ങളായി. ശിശു വികസനം, ശിശു സുരക്ഷ എന്നീ മേഖലകളില്‍ സജീവമായ പരിശീലക കൂടിയാണ് നീലാഞ്ജന ഗ്രോവര്‍. ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്, ധനകാര്യ വിഭാഗം മേധാവി രാജേഷ് സിങ്, സാംസ്കാരികവിഭാഗം കോ-ഓര്‍ഡിനേറ്റര്‍ നിര്‍മല ഷണ്മുഖ പാണ്ഡ്യന് എന്നിവര്‍ പ്രസംഗിച്ചു.