in

എംബസി നല്‍കിയ വിമാന ടിക്കറ്റില്‍ വിനോദന്‍ നാട്ടിലെത്തി; ഐ.സി.ഡബ്ല്യൂ.എഫ് ഫണ്ടില്‍ കോടികള്‍ ഇനിയും ബാക്കി

എംബസിയുടെ സൗജന്യ ടിക്കറ്റ് ലഭിക്കാന്‍ അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം:

https://oppumaram.blogspot.com/2020/05/qatar.html

വിനോദന്‍ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍.

നൗഷാദ് പേരോട്
ദോഹ

ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലെ ഐ.സി.ബി.എഫ് മുഖേന ലഭ്യമായ സൗജന്യ വിമാന ടിക്കറ്റില്‍ വടകര ഒഞ്ചിയം സ്വദേശി വിനോദന്‍ ഇന്നലെ നാടണഞ്ഞപ്പോള്‍ അതൊരു അവകാശപ്പോരാട്ടത്തിലൂടെ നേടിയ ആഹ്ലാദം കൂടിയായി മാറി.
ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള വന്ദേഭാരത് മിഷന്റെ എയര്‍ഇന്ത്യാ വിമാനത്തിലാണ് അദ്ദേഹം നാട്ടിലെത്തിയത്. പ്രവാസികളുടെ ക്ഷേമത്തിനായി പ്രവാസികളില്‍ നിന്ന് തന്നെ കോണ്‍സുലാര്‍ സേവനങ്ങളിലൂടെ പിരിച്ചെടുക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടി(ഐസിഡബ്ല്യൂഎഫ്)ല്‍ നിന്നാണ് വിനോദിന് വിമാന ടിക്കറ്റ് എടുക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി ഫണ്ട് അനുവദിച്ചത്.ഐസിഡബ്ല്യൂഎഫ് ഫണ്ടില്‍ നിന്ന് അര്‍ഹരായ പ്രവാസികള്‍ക്ക് നാടണയാന്‍ വിമാന ടിക്കറ്റിന് പണം നല്‍കണമെന്ന് കേരള ഹൈക്കോടതി അടുത്തിടെ വിധി പുറപ്പെടുവിച്ചിരുന്നു.


ഈ വിധിപകര്‍പ്പ് ഉള്‍പ്പെടുത്തി അംബാസഡര്‍ക്കും എംബസിയിലെ ലേബര്‍ ഓഫീസര്‍ക്കും വിമാനടിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു വിനോദന്‍. അപേക്ഷ എംബിസി പരിശോധിച്ച ശേഷം യോഗ്യമാണെന്ന് കണ്ടെത്തി സൗജന്യ ടിക്കറ്റ് അനുവദിക്കുകയായിരുന്നു.
ഐസിഡബ്ല്യൂ എഫും കോടതി വിധിയും
ഐസിഡബ്ല്യൂഎഫ് ഫണ്ടില്‍ നിന്ന് പ്രതസന്ധിയിലായ പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പട്ട് കരുണ ഖത്തര്‍, ഗ്രാമം ദുബൈ, ഇടം സാംസ്‌കാരിക വേദി തുടങ്ങിയ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന നിര്‍ധന പ്രവാസികള്‍ക്ക് എംബസി സൗജന്യ ടിക്കറ്റ് നല്‍കണമെന്ന് ഗള്‍ഫ് നാടുകളിലെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില എംബസികള്‍ നിഷേധിച്ചതോടെയാണ് സംഘടനകള്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചത്.
വിവിധ ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ എംബസികളില്‍ ഐസിഡബ്ല്യൂഎഫിന്റെ കോടിക്കണക്കിന് ഫണ്ട് കെട്ടിക്കിടക്കുന്നതായും ഇത് വകമാറ്റി ചെലവഴിക്കുന്നതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഖത്തറില്‍ ഐസിബിഎഫ് വഴി ഈ ഫണ്ട് പ്രവാസികളുടെ ക്ഷേമത്തിനായി ഉപയോഗിച്ചു വരുന്നുണ്ടെന്ന് ബന്്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ ഇപ്പോഴും മൂന്നേ മുക്കാല്‍ കോടിയോളും രൂപ ഇതില്‍ കെട്ടിക്കിടക്കുന്നതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം മലപ്പുറം സ്വദേശി ശ്രീജിത് ശങ്കരന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ എംബസി സെക്കന്റ് സെക്രട്ടറി കെഎസ് ധിമന്‍ നല്‍കിയ മറുപടിയിലാണ് ഐസിഡബ്ല്യൂഫ് വകയായി ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ കെട്ടിക്കിടക്കുന്നതായി വിവരം പുറത്തുവന്നത്.
ഖത്തറിലും നിരവധി പാവപ്പെട്ട പ്രവാസികള്‍ വിമാന ടിക്കറ്റ് എടുക്കാന്‍ പണമില്ലാത്തതിനാല്‍ എങ്ങിനെ നാട്ടില്‍ പോകുമെമെന്ന ആധിയില്‍ കഴിയുകയാണ്. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സാഹയത്തിനായി കൈകൂപ്പി നില്‍ക്കുകയാണ് ഇവരെല്ലാം. വിവിധ സന്നദ്ധസംഘടനകളും കമ്പനികളും നിരവധി പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാസികള്‍ തങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോള്‍ ഉപയോഗിക്കാന്‍ കാത്തുവെച്ച വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് തന്നെ അവര്‍ക്ക് വിമാന ടിക്കറ്റ് എടുക്കാന്‍ തുക ലഭ്യമാകുന്ന അവസരമാണ് ഇപ്പോള്‍ ഹൈക്കോടതി വിധിയിലൂടെ സാധ്യമായത്. ഇത്രയും തുക തങ്ങളുടെ കൈയ്യിലുണ്ടായിട്ടും അത് അര്‍ഹരായവര്‍ക്ക് നല്‍കണമെന്ന കോടതി വിധി പുറത്തുവന്നിട്ടും എംബസി ഇതുസംബന്ധിച്ച് ദോഹയിലെ പ്രവാസികളെ ബോധവത്കരിക്കാനോ അവര്‍ക്ക് അനുഗുണമായ രീതിയില്‍ വിവരം സമൂഹത്തെ അറിയിക്കാനോ തയ്യാറായില്ല എന്ന ആരോപണം ശക്തമാണ്.
വിമാനടിക്കറ്റ് എടുക്കാന്‍ ബുദ്ധിമുട്ടുന്ന ഖത്തറിലെ പ്രവാസികള്‍ എംബസിയുടെ സൗജന്യ ടിക്കറ്റ് പ്രയോജനപ്പെടുത്തണമെന്നും നിയമപരമായി തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശമാണതെന്നും കരുണ ഖത്തര്‍ സെക്രട്ടറി ശ്രീജു വടകര മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. സൗജന്യ ടിക്കറ്റ് ലഭിക്കാന്‍ എങ്ങിനെ അപേക്ഷിക്കണമെന്ന ലിങ്കുള്‍പ്പെടെ കരുണ ഖത്തര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചിട്ടുണ്ടെന്നും ഖത്തറില്‍ നിന്ന് വിനോദും ദുബൈയില്‍ നിന്നു മറ്റൊരാളും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വെല്‍ഫയര്‍ ഫണ്ട് ഉപയോഗപ്പെടുത്തി നാട്ടിലെത്തി എന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കര്‍ശന മുന്‍കരുതലോടെ നാളെ മുതല്‍ കൂടുതല്‍ പള്ളികള്‍ തുറക്കും

നേതാക്കള്‍ക്കെതിരേ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹം: ബഹ്‌റൈന്‍ കെ.എം.സി.സി