
ദോഹ: ഖത്തറിലെ ഐഡിയല്‍ സ്‌കൂള്‍ പുര്‍വവിദ്യാര്‍ഥിയും മക്തൂബിലെ മാധ്യമപ്രവര്‍ത്തകനുമായ ഷഹീന്‍ അബ്ദുല്ലക്ക് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ(ഡിഎംസി) പുരസ്‌കാരം. അച്ചടി, ഇലക്ട്രോണിക് മീഡിയ വിഭാഗത്തിലാണ് പുരസ്‌കാരം നേടിയത്. പ്രതിജ്ഞാബദ്ധനായ യുവ പത്രപ്രവര്‍ത്തകനാണ് ഷഹീന്‍ അബ്ദുല്ലയെന്ന് പുരസ്‌കാരസമിതി വിലയിരുത്തി. മള്‍ട്ടിമീഡിയ പത്രപ്രവര്‍ത്തകനായ ഷഹീന്‍ മക്തൂബില്‍ രണ്ട് വര്‍ഷമായി ക്രിയേറ്റീവ് എഡിറ്ററായി ജോലി ചെയ്യുന്നു.
ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും സിഎഎ വിരുദ്ധ പ്രതിഷേധത്തെക്കുറിച്ചുള്ള ഷഹീന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ക്കാണ് ഡിഎംസിയുടെ അംഗീകാരം ലഭിച്ചത്. അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) എന്ന വിഷയത്തെക്കുറിച്ച് ഷഹീന്‍ ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്. ഈ ഡോക്യുമെന്ററി ഇന്ത്യയിലുടനീളം വിശാലമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഷഹീന്റെ റിപ്പോര്‍ട്ടുകള്‍ വൈസ്, കാരവന്‍ മാഗസിന്‍, ദി ക്വിന്റ് ഉള്‍പ്പടെയുള്ളവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിലെ പത്രപ്രവര്‍ത്തന വിദ്യാര്‍ഥി കൂടിയാണ്. ഷഹീന്റെ ആദ്യത്തെ സാഹിത്യസൃഷ്ടി പ്രസിദ്ധീകരിച്ചത് മിഡില്‍ഈസ്റ്റ് ചന്ദ്രിക ഖത്തറിലായിരുന്നു. ഖത്തറിലെ വ്യാപാരി വില്യാപ്പള്ളി വണ്ണാന്റവിടെ അബ്ദുല്ലയാണ് ഷഹീന്റെ പിതാവ്, മാതാവ് സക്കീന. ഫഹീം അബ്ദുല്ല, അഫ്ഷിന്‍ അബ്ദുല്ല സഹോദരങ്ങളാണ്.
ഖുറാന്‍ അലി (മുന്‍ ബിബിസി ജേണലിസ്റ്റ്) കോളമിസ്റ്റും എഴുത്തുകാരനുമായ ഹുംറ ഖുറൈഷി, മഹ്താബ് ആലം(ദി വയര്‍), ആദിത്യ മേനോന്‍(ദി ക്വിന്റ്) എന്നിവരും അച്ചടി, ഇലക്ട്രോണിക് മീഡിയ വിഭാഗത്തില്‍ ഡിഎംസി അവാര്‍ഡുകള്‍ നേടി. ഡല്‍ഹിയിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മനുഷ്യ പ്രയത്‌നത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് 2018 മുതല്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അവാര്‍ഡുകള്‍ നല്‍കിവരുന്നു. ടീസ്റ്റ സെതല്‍വാദിനാണ് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം. മനുഷ്യാവകാശ വിഭാഗത്തില്‍ ഫറഹ് നഖ്വി, എസി മൈക്കല്‍, അര്‍മീത് സിംഗ്, അഡ്വ മഹ്മൂദ് പ്രാച്ച, ക്വില്‍ ഫൗണ്ടേഷന്‍ എന്നിവര്‍ ഡിഎംസി അവാര്‍ഡുകള്‍ നേടി.