
ദോഹ: കോവിഡിനെതിരായ പോരാാട്ടത്തിന്റെ ഭാഗമായി രാജ്യം അവതരിപ്പിച്ച കോവിഡ് അപകട സാധ്യതാ നിര്‍ണയ ആപ്പായ ഇഹ്തിറാസ് നാളെ മുതല്‍ നിര്‍ബന്ധം. ഖത്തറിലെ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്തു കാരണങ്ങളാലും വീടുകള്‍ക്കു പുറത്തുപോകുമ്പോള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തന ക്ഷമമായിരിക്കണം. ഐഒഎസ്, ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ആപ്പ് ലഭ്യമാണ്. കോവിഡ്-19 പോസിറ്റീവ് സമ്പര്‍ക്കം ട്രാക്ക് ചെയ്യുന്നതിനുള്ള മികച്ച ഉപാധിയാണ് ആപ്പെന്ന് യൂസര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ വ്യക്തികളുടെ സഹായത്തോടെ വൈറസിനെതിരെ പോരാടാന്‍ ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നതാണ് ആപ്പ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒരുലക്ഷത്തിലധികം സ്മാര്‍ട്ട്‌ഫോണുകളില്‍ ഗൂഗിള്‍പ്ലേയില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. വൊഡാഫോണും ഊരിദൂവും ഇഹ്തിറാസിനുള്ള ഡാറ്റ ഉപയോഗ ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകുമെന്ന് ഊരിദൂ അറിയിച്ചു.
വൊഡാഫോണും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. രോഗം പകരുന്ന ശൃംഖലകള്‍ തിരിച്ചറിയുന്നതിനും വ്യക്തികള്‍ക്കും പങ്കാളികള്‍ക്കും വൈദ്യസഹായം നല്‍കുന്നത് വേഗത്തിലാക്കുന്നതിനും പരിശോധനയ്ക്ക് മുന്‍ഗണന നല്‍കുന്നതിനും സഹായകമായ ആപ്പാണിത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റാബേസിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ആപ്പ് കോവിഡ് കേസുകള്‍ നിര്‍ണയിക്കാനും ്ര്രടാക്ക് ചെയ്യാനുമാകും. ജിപിഎസ് സവിശേഷതയും ബ്ലൂടൂത്തും ഉപയോഗപ്പെടുത്തിയാണ് ആപ്പിന്റെ പ്രവര്‍ത്തനം. ആപ്പ് ഉപയോക്താവിന് കോവിഡ് സ്ഥിരീകരിക്കപ്പെട്ടാല്‍ ട്രാന്‍സ്മിഷന്‍ ശൃംഖല തിരിച്ചറിയുന്നതിന്റെ ഭാഗമായി സമീപകാലത്ത് വ്യക്തി സന്ദര്‍ശിച്ച എല്ലാ സ്ഥലങ്ങളും കണ്ടെത്താനാകും. ആപ്പിന്റെ വര്‍ധിച്ച ഉപയോഗത്തിലൂടെ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയ വ്യക്തിയുമായി സമ്പര്‍ക്കംപുലര്‍ത്തിയവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായകമാകും. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ഒരു വ്യക്തിയില്‍ കോവിഡ് പോസിറ്റീവായി സ്ഥിരീകരിക്കുകയാണെങ്കില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത അവരുടെ എല്ലാ സമ്പര്‍ക്ക വ്യക്തികളിലേക്കും അലേര്‍ട്ട് പോകും. അവര്‍ക്ക് മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ മുന്‍ഗണന ലഭിക്കും.
ഉപഭോക്താക്കള്‍ വ്യക്തിഗത വിശദാംശങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ വിവിധ വര്‍ണ്ണങ്ങള്‍ക്കനുസരിച്ച് അവരുടെ ആരോഗ്യസ്ഥിതി കാണിക്കുന്ന ഒരു ക്യുആര്‍ കോഡ് സ്വപ്രേരിതമായി നല്‍കും. ഈ ആപ്പ് ഉപയോക്താക്കളുമായി നാലു നിറങ്ങളില്‍ സംവദിക്കും. വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചവര്‍ക്ക് ചുവപ്പ്, ക്വാറന്റൈന് വിധേയരായവര്‍ക്ക് മഞ്ഞ, സംശയാസ്പദമായ സാഹചര്യങ്ങളിലുള്ളവര്‍ക്ക് ചാരനിറം, വൈറസ് ബാധിച്ചതായി സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ കാണിക്കാത്ത ആരോഗ്യമുള്ള വ്യക്തികള്‍ക്ക് പച്ച എന്നീ നിറങ്ങളാണ് ആപ്പിലുള്ളത്.