in ,

ശൈത്യകാല കാമ്പിംഗ് സുരക്ഷിതമാക്കാന്‍ ‘ഇക് ഷിത് ബി അമാന്‍’ തുടക്കമായി

  • സീലൈന്‍ മേഖലയില്‍് അപകടങ്ങള്‍ക്ക് ഗണ്യമായ കുറവ്

ദോഹ: ഖത്തറിലെ ശൈത്യകാല ക്യാമ്പിംഗിന്റെ മുഖ്യമേഖലയായ സീലൈനില്‍ അപകടങ്ങളും അപകട മരണവും കുറഞ്ഞുവരുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍. ശൈത്യകാല ക്യാമ്പിംഗ് സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബോധവത്കരണ പരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമക്കിയത്.
‘ഇക് ഷിത് ബിഅമാന്‍ 2020-21’ എന്ന പേരിലാണ് ബോധവത്കരണ പരിപാടി നടത്തുകയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2017-ല്‍ 4-ഉം 2018-ല്‍ 7-ഉം ഗുരുതര അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2019-ല്‍ 5 ആയിരുന്നു. കാര്യമായ പരുക്കുകളോടെയുള്ള അപകടങ്ങളിലും കുറവുണ്ട്. 2017-ലും 2018-ലും 31 എണ്ണമായിരുന്നുവെങ്കില്‍ 2019 -ല്‍ 29 ആയി. മരണ നിരക്കില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണ്. 2017-ല്‍ നാലു മരണമേ റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂവെങ്കില്‍ 2018-ല്‍ എട്ടു പേര്‍ മരണത്തിന് കീഴടങ്ങി. 2019-ല്‍ വീണ്ടും കുറവു വന്നു. 6 ആയി ചുരുങ്ങി.

ട്രാഫിക് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

അശ്രദ്ധമായ ഡ്രൈവിംഗാണ് യുവാക്കളെ അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നതെന്നും ശൈത്യകാല ക്യാമ്പില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് കര്‍ശനമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുട്ടികളേയും യുവാക്കളേയും നിയന്ത്രിക്കുന്നതില്‍ രക്ഷിതാക്കളും അവരുടെ പങ്കാളിത്തം നിര്‍വ്വഹിക്കേണ്ടതുണ്ട്. പരിസ്ഥിതിക്കും മൃഗങ്ങള്‍ക്കും മറ്റു ജീവികള്‍ക്കും കോട്ടം തട്ടാത്തവിധം മാത്രമേ ക്യാമ്പിംഗ് അനുവദിക്കുകയുള്ളൂ.
അശ്രദ്ധമായ ഡ്യൂണ്‍ ബാഷിങ്ങ്, നിയമം പാലിക്കാതേയുള്ള ഡ്രൈവിംഗ് എന്നിവ അപകടങ്ങളുടെ പ്രധാനകാരണമാണെന്ന് ദക്ഷിണ ഗതാഗത വിഭാഗം ഡയറക്ടര്‍ കേണല്‍ ശൈഖ് മുഹമ്മദ് ബിന്‍ ജാസിം അല്‍താനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അശ്രദ്ധമായ െ്രെഡവിങ്, ഡ്രിഫ്റ്റിങ് ഉള്‍പ്പടെയുള്ള സാഹസിക പ്രകടനങ്ങള്‍, വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചുവെക്കല്‍ എന്നിവയാണ് പ്രധാന ഗതാഗത നിയമലംഘനങ്ങള്‍. സീലൈന്‍ പ്രദേശത്തേക്ക് പോകുന്ന റോഡുകളില്‍ പട്രോളിങ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രാഫിക് ബോധവത്കരണ വിഭാഗം ഓഫീസര്‍ ലെഫ്‌നനന്റ് ഫഹദ് അബ്ദുല്ല സംസാരിക്കുന്നു. ഫൈസല്‍ ഹുദവി സമീപം


കുട്ടികള്‍ കാറുകള്‍ െ്രെഡവ് ചെയ്യുകയോ ബൈക്കുകള്‍ റൈഡ് ചെയ്യുകയോ ചെയ്യുന്നില്ലെന്ന് കുടുംബങ്ങള്‍ ഉറപ്പുവരുത്തണം. കാരണം അവരുടെ പ്രായത്തിന് യോജിച്ചതല്ല അത്തരം കാര്യങ്ങള്‍. മോട്ടോര്‍ സൈക്കിളുകളായാലും നാലുചക്ര വാഹനങ്ങളിലായാലും അശ്രദ്ധമായും വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതെയും വാഹനങ്ങള്‍ ഓടിക്കുന്നതിലൂടെ ജീവന്‍ അപകടത്തിലാക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ക്ലിനിക്കിന് തുടക്കമായി

അതിനിടെ സീലൈനില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ വാര്‍ഷിക ക്ലിനിക്കിന് തുടക്കമായിട്ടുണ്ട്. സീലൈന്‍, ഖോര്‍ അല്‍ ഉദൈദ് എന്നീ മേഖലകളിലെ ജനങ്ങളുടെ ആരോഗ്യപരിചരണ ആവശ്യങ്ങള്‍ നിറവേറ്റാനാവുന്ന തരത്തിലാണിതിന്റെ സജ്ജീകരണം. വ്യാഴാഴ്ച വൈകുന്നേരം മൂന്നു മുതല്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചുവരെയായിരിക്കും ക്ലിനിക്ക് പ്രവര്‍ത്തിക്കുക. അടുത്തവര്‍ഷം മാര്‍ച്ച് അവസാനം വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും.
ഗുരുതര അപകടങ്ങളുണ്ടായാല്‍ രോഗിയെ ആസ്പത്രിയിലേക്ക് മാറ്റുന്നതിന് ആംബുലന്‍സിന്റെയും ലൈഫ്‌ഫൈറ്റ് ഹെലികോപ്ടറുകളുടെയും സേവനമുണ്ട്.

ഹമദ് ആംബുലന്‍സ് വിഭാഗം ഡപ്യൂട്ടിഡയരക്ടര്‍ അലി ദര്‍വ്വീഷ് സംസാരിക്കുന്നു

ക്ലിനിക്കിന്റെ സമീപത്തായി പ്രത്യേക ഹെലിപാഡും തയ്യാറാക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ട്രാഫിക് ബോധവത്കരണ വിഭാഗം ഓഫീസര്‍ ലെഫ്‌നനന്റ് ഫഹദ് അബ്ദുല്ല, മറ്റ് ഉന്നത ഉദ്യോഗസ്ഥരായ മുഹമ്മദ് അബ്ദുല്ല ഷഹ്വാനി, മുഹമ്മദ് റാദീ അല്‍ഹാജിരി, അബ്ദുല്‍വാഹിദ് അല്‍ഉന്‍സീ, ഹമദ് ആംബുലന്‍സ് വിഭാഗം ഡപ്യൂട്ടിഡയരക്ടര്‍ അലി ദര്‍വ്വീഷ്, മുന്‍സിപ്പല്‍ മന്ത്രാലയം പ്രതിനിധി സാലിഹ് ഹസ്സന്‍ കുവാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഖത്തരിന്റെ ഒളിംപിക് ജേതാവും പ്രമുഖ അമ്പെയ്ത്-കാറോട്ട താരവുമായ നാസര്‍ അല്‍അതിയ്യ ഉള്‍പ്പെടെ പ്രമുഖര്‍ ബോധവത്കരിക്കുന്ന ഹൃസ്വചിത്രവും പ്രദര്‍ശിപ്പിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 ഒക്ടോബര്‍ 26) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

അബുസിദ്ര സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷന്‍ ഗതാഗതത്തിനായി തുറന്നു