ദോഹ: ഖത്തറിലെ മുതിർന്ന മലയാള മാധ്യമ പ്രവര്ത്തകൻ പ്രദീപ് മേനോനെ ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) ആദരിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഓഫിസിലെ അല്‍ മുക്ത ഹാളില്‍ നടന്ന ചടങ്ങില്‍ ഐ.എം.എഫ് പ്രസിഡന്റ് ഓമനക്കുട്ടന് അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ മുഖ്യാതിഥിയായിരുന്നു.
ഐ.എം.എഫിന്റെ സ്ഥാപകാംഗം കൂടിയായ പ്രദീപ് മേനോന് സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച്, ഫോറത്തിൽ നിന്നുള്ള അംഗത്വം ഒഴിയുന്നതിനെ തുടര്‍ന്നാണ് സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ആദരവും യാത്രയപ്പും നൽകിയത്. ഐ.എം.എഫ് സെക്രട്ടറി ഫൈസല്‍ ഹംസ, ട്രഷറർ ഷഫീഖ് അറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മറുപടി പ്രസംഗത്തില്‍ പ്രദീപ് മേനോന് മാധ്യമ രംഗത്തെ തന്റെ ദീര്‍ഘകാല അനുഭവങ്ങളും പങ്കുവെച്ചു. ഐ.എം.എഫ് അംഗങ്ങളായ അഷ്റഫ് തൂണേരി, സാദ്ദിഖ് ചെന്നാടന്‍, കെ. ഹുബൈബ്, ശ്രീദേവി ജോയ്, ആര്‍ജെ രതീഷ്, രതി പ്രദീപ് എന്നിവര്‍ പങ്കെടുത്തു. ഖത്തറിൽ അമൃത ടെലിവിഷന്റെ റിപ്പോര്‍ട്ടര്‍ ആയിരുന്ന തൃശൂര്‍ സ്വദേശിയായ പ്രദീപ് മേനോന് ദോഹയിലെ കലാ, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം കൂടിയാണ്.