
ദോഹ: ജിസിസി വാണിജ്യ വ്യവസായ മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയുള്ള ഉന്നതതലയോഗത്തില്‍ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരി പങ്കെടുത്തു. ജിസിസിയില്‍ സമഗ്ര ഭക്ഷ്യസുരക്ഷാ സംവിധാനം നടപ്പാക്കുന്നത് ചര്‍ച്ചയായി. മേഖലയിലുടനീളമുള്ള സമീപകാല സംഭവവികാസങ്ങളും വിലയിരുത്തി. കൊറോണ വൈറസ് പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതും ചര്‍ച്ചയായി. ജിസിസി ഭക്ഷ്യസുരക്ഷാ സംവിധാനം സ്ഥാപിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിസന്ധി ഘട്ടങ്ങളില്‍ ആവശ്യമായ മെഡിക്കല്‍ സാമഗ്രികളുടെ വിതരണ ലഭ്യതയെക്കുറിച്ചും കുവൈത്ത് നിര്‍ദ്ദേശിച്ച കര്‍മപദ്ധതിയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു.
ഏപ്രില്‍ ഒന്‍പതിന് നടന്ന ജിസിസി രാജ്യങ്ങളിലെ വാണിജ്യ മന്ത്രാലയങ്ങളുടെ അണ്ടര്‍സെക്രട്ടറിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ മുന്നോട്ടുവച്ച ഫലങ്ങളും ശുപാര്‍ശകളും ചര്‍ച്ച ചെയ്തു.പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനും എല്ലാ തലങ്ങളിലും അതിന്റെ ആഘാതം ലഘൂകരിക്കുന്നതിനുമായി ജിസിസി രാജ്യങ്ങളിലുടനീളമുള്ള ശ്രമങ്ങള്‍ വിലയിരുത്തി. വിവിധ രാജ്യങ്ങളില്‍ നടപ്പാക്കിയ ഭാഗികവും സമ്പൂര്‍ണ്ണവുമായ ലോക്ക്ഡൗണുകളുടെ വെളിച്ചത്തില്‍ ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ഭക്ഷ്യ വിതരണ ശൃംഖലകളുടെയും മെഡിക്കല്‍ സപ്ലൈകളുടെയും തുടര്‍ച്ച ഉറപ്പുവരുത്തുന്നതിന്റെയും ആവശ്യകത എടുത്തുപറഞ്ഞു. ജിസിസി രാജ്യങ്ങളിലെ വാണിജ്യ മന്ത്രാലയങ്ങളെ പ്രതിനിധീകരിച്ച് ലൈസന്‍സ് ഓഫീസര്‍മാരുടെ ഒരു ടീം രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യം പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു.
അംഗരാജ്യങ്ങള്‍ തമ്മിലുള്ള ചരക്കുകളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പിന്തുടരാനും വിവരങ്ങള്‍ കൈമാറാനും ഏകോപിപ്പിക്കാനും ഉചിതമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായാണ് പ്രത്യേക ടീം രൂപീകരിക്കുന്നത്.
പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനുള്ള ഫലങ്ങളിലും ശുപാര്‍ശകളിലും ജിസിസി രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും പ്രതിസന്ധി അവസാനിക്കുകയും ആഗോളവും പ്രാദേശികവുമായ സാമ്പത്തിക വീണ്ടെടുക്കല്‍ ഉണ്ടാവുമെന്ന പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു.