
ദോഹ: ഫിഫ ലോകകപ്പ് പദ്ധതികളിലെ തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് അല്‍ഖോര്‍ അല്‍ബയ്ത്ത് സ്റ്റേഡിയത്തില്‍ തൊഴിലാളികളുടെ ചിത്രങ്ങളടങ്ങിയ ചുവര്‍ചിത്രം അനാവരണം ചെയ്തു.
സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളുടെ ചിത്രങ്ങളാണ് ചുവര്‍ചിത്രത്തിന്റെ പ്രമേയം. സ്റ്റേഡിയത്തിന്റെ രൂപരേഖയോടു ചേര്ന്നുനില്ക്കുന്നവിധത്തിലാണ് ചുവര്‍ചിത്രം തയാറാക്കിയിരിക്കുന്നത്. 2022 ഫിഫ ലോകകപ്പ് കിക്കോഫിന് വേദിയാകുന്ന അല്‍ബയ്ത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈ വര്‍ഷം തന്നെ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിനായി ഇതുവരെ മൂന്നു സ്റ്റേഡിയങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
നവീകരിച്ച ഖലീഫ സ്റ്റേഡിയം, അല്വഖ്്റ അല്‍ജനൂബ് സ്റ്റേഡിയം, എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കായികലോകത്തിനായി സമര്‍പ്പിച്ചത്. ഖത്തറിന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ബഹുമാനിക്കുന്നതും അതേസമയം സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ഒരു കണ്ണ് സൂക്ഷിക്കുന്ന വിധത്തിലുമാണ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന. സ്റ്റേഡിയത്തിന്റെ ഉള്ളിലേക്കു മടക്കാവുന്ന മേല്‍ക്കൂരയാണ് ഏറ്റവും സവിശേഷമായത്.
സ്റ്റേഡിയത്തിന്റെ ബാഹ്യമുഖം, റൂഫ് മെംബ്രേന്‍ എന്നിവയെല്ലാം സവിശേഷമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത നാടോടി ടെന്റുകളെ അനുസ്മരിപ്പിക്കുന്നതാണ് സ്റ്റേഡിയം. 60,000 പേര്‍ക്ക് മത്സരങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് സീറ്റിങ് കപ്പാസിറ്റി. മത്സരം വീക്ഷിക്കാനെത്തുന്ന ഓരോരുത്തര്‍ക്കും പരമാവധി ആസ്വാദനം ലഭ്യമാക്കുന്ന തരത്തിലാണ് ഇരിപ്പിടങ്ങള്‍. ലോകകപ്പിനുശേഷം സീറ്റിങ് കപ്പാസിറ്റി 30000 ആയി കുറയ്ക്കും.