ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്സിന് വിതരണത്തില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.രാജ്യത്ത് ഇതിനോടകം മുതിര്‍ന്ന ജനസംഖ്യയിലെ 22.3 ശതമാനം പേര് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചുകഴിഞ്ഞു. 5,07,743 പേരാണ് രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ കോവിഡ് പ്രതിരോധ വാക്സിനേഷന് കാമ്പയിന് തുടങ്ങിയശേഷം ഇതുവരെയായി 14,15,761 വാക്സിന് ഡോസുകളാണ് നല്‍കിയത്. ഖത്തറിലെ മുതിര്‍ന്ന ജനസംഖ്യയുടെ 39.9 ശതമാനം പേര് വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.
വാക്സിന് സ്വീകരിക്കാന്‍ ഒട്ടേറെപ്പേര്‍ താല്പര്യമെടുക്കുന്നുണ്ട്. കോവിഡ് പ്രതിരോധ വാക്സിന് നല്ല ആവശ്യകതയുണ്ട്. ആദ്യ ഡോസ് സ്വീകരിച്ചവരെല്ലാം വാക്സിന്റെ ഫലപ്രാപ്തി ഉറപ്പുവരുത്തുന്നതിനായി രണ്ടാമത്തെ ഡോസ് പൂര്‍ത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. കോവിഡ് വാക്സിനേഷന് പ്രോഗ്രാമിന്റെ ഏറ്റവും പുതിയ വിശദാംശങ്ങള്‍ മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 60 വയസിനുമുകളില്‍ പ്രായമുള്ള 84.5 ശതമാനം പേരും 50വയസിനു മുകളിലുള്ള 76.6ശതമാനം പേരും 40 വയസിനുമുകളില്‍ പ്രായമുള്ള 63.9 ശതമാനം പേരും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിന് സ്വീകരിക്കുന്നതിനായി മന്ത്രാലയം വെബ്സൈറ്റ് മുഖേന എല്ലാവരും രജിസ്റ്റര്‍ ചെയ്യണം. പിഎച്ച്സിസിയുടെ 27 ഹെല്‍ത്ത് സെന്ററുകള്‍, ക്യുഎന്‍സിസി, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെ വാക്സിനേഷന് കേന്ദ്രങ്ങള്‍, ലുസൈല്‍, അല്‍വഖ്റ ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൂടെയാണ് വാക്സിന് വിതരണം.
35വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ വാക്സിന് ലഭിക്കാന്‍ യോഗ്യത. വാക്സിന് രണ്ടുഡോസ് സ്വീകരിച്ച എല്ലാവര്ക്കും ഔദ്യോഗികമായി സ്റ്റാമ്പ് ചെയ്ത കോവിഡ് വാക്സിനേഷന് കാര്‍ഡ് നല്‍കും. സാമൂഹ്യമായി പ്രതിരോധ ശേഷി കൈവരിക്കുന്നതിന് ലക്ഷ്യമിട്ട ഗ്രൂപ്പുകളില്‍ 75 ശതമാനം പേര്‍ക്കെങ്കിലും വാക്സിനേഷന് നല്‍കേണ്ടതായിവരും.