in ,

ഖത്തറില്‍ 35 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന് അര്‍ഹത

കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രായപരിധി കുറച്ചതായി ആരോഗ്യമന്ത്രാലയം

ദോഹ: കോവിഡ് വാക്‌സിനേഷന് അര്‍ഹരായവരുടെ യോഗ്യത മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി. ഇതുപ്രകാരം 35 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ദേശീയ കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാം ഘട്ടംഘട്ടമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വാക്‌സിന് അര്‍ഹരായവരുടെ പ്രായപരിധിയില്‍ ഇളവു വരുത്തിയത്. രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതിനോടകം 12ലക്ഷത്തിലധികം വാക്‌സിന്‍ ഡോസ് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ ജനസംഖ്യയില്‍ ഏറ്റവും അപകടസാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് ഇതിനോടകം വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

വാക്‌സിന് അര്‍ഹമായ പ്രായപരിധി 35 വയസായി കുറക്കുന്നതിലൂടെ ജനസംഖ്യയിലെ വിശാലമായ വിഭാഗത്തിന് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനും കോവിഡില്‍ നിന്നും അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും സഹായകമാകുമെന്ന് കോവിഡ് സംബന്ധിച്ച ദേശീയ ആരോഗ്യ കര്‍മ്മപദ്ധതിയുടെ ചെയര്‍മാനും എച്ച്എംസിയിലെ പകര്‍ച്ചവ്യാധി ചികിത്സാവിഭാഗം തലവനുമായ ഡോ.

അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. മാര്‍ച്ച് ആരംഭം മുതല്‍ പ്രതിവാര വാക്‌സിന്‍ ഡോസ് വിതരണം ഏകദേശം ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ മാത്രം 35ലധികം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായി 1.60ലക്ഷത്തിലധികം വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു. ഖത്തറിലെ മുതിര്‍ന്ന ജനസംഖ്യയില്‍ മൂന്നിലൊരാള്‍ക്ക് വീതം ഇതിനകം ഒരു ഡോസെങ്കിലും നല്‍കിക്കഴിഞ്ഞു. ആഗോളതലത്തില്‍ ചുരുങ്ങിയത് ഒരു ദശലക്ഷം ജനസംഖ്യയുള്ള രാജ്യങ്ങളില്‍ നൂറിലൊരാള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന കണക്കെടുത്താല്‍ ഖത്തര്‍ ഒന്‍പതാം സ്ഥാനത്താണ്. വാക്‌സിനേഷന്‍ പ്രോഗ്രാമിനോടു പൊതുജനങ്ങളുടെ പ്രതികരണത്തിന് നന്ദിയുണ്ട്.

വാക്‌സിന്‍ വിതരണത്തില്‍ ശ്രദ്ധേയമായ നേട്ടമാണ് രാജ്യം കൈവരിച്ചതെന്നും ഡോ.അല്‍ഖാല്‍ പറഞ്ഞു. പ്രായമേറിയവര്‍ക്കും അപകടസാധ്യതയുള്ളവര്‍ക്കും വിപുലമായ രീതിയില്‍ വാക്‌സിന്‍ ലഭ്യമാക്കിയതിനാലാണ് ഇപ്പോള്‍ പ്രായപരിധി വീണ്ടും കുറക്കാന്‍ കഴിഞ്ഞതെന്ന് പ്രൈമറി ഹെല്‍ത്ത്‌കെയര്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍മാലിക് വിശദീകരിച്ചു. വൈറസ് മൂലം ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വ്യക്തിയില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണ് പ്രായമെന്ന് അവര്‍ വിശദീകരിച്ചു.

60 വയസിനു മുകളില്‍ പ്രായമുള്ള 82.6 ശതമാനം പേരും വാക്‌സിനെടുത്തു

ദോഹ: രാജ്യത്ത് ഇതിനോടകം 60 വയസിനു മുകളില്‍ പ്രായമുള്ള 82.6 ശതമാനം പേരും 50 വയസിനു മുകളില്‍ പ്രായമുള്ള 73 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചു. ജനസംഖ്യയില്‍ അപകടസാധ്യതയുള്ള ഭൂരിഭാഗം പേര്‍ക്കും വൈറസില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാനായിട്ടുണ്ട്.

പ്രായപരിധി കുറച്ചെങ്കിലും വാക്‌സിനേഷനുള്ള അപ്പോയിന്റ്‌മെന്റ് പ്രക്രിയ്യ നിലവിലുള്ളതുപോലെ തുടരും. യോഗ്യരായ വ്യക്തികളെ പിഎച്ച്‌സിസി ടീം കൂടിക്കാഴ്ച ക്രമീകരിക്കുന്നതിന് എസ്എംഎസ് മുഖേനയോ ഫോണ്‍ മുഖേനയോ ബന്ധപ്പെടും. 35 വയസും അതില്‍ കൂടുതലും പ്രായമുള്ളവരും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവരുമായവര്‍ക്ക് അടുത്ത ഏതാനും ആഴ്ചകളില്‍ അപ്പോയിന്റ്‌മെന്റിന് മുന്‍ഗണന നല്‍കും.

റമദാനില്‍ വാക്‌സിനെടുക്കുന്നതുകൊണ്ട് വ്രതം മുറിയില്ലെന്ന് ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. വാക്‌സിന്‍ ഇന്‍ട്രാമസ്‌കുലറായാണ് നല്‍കുന്നത്. കൂടാതെ പോഷകഗുണത്തില്‍പ്പെട്ടതുമല്ല. റമദാന്‍ മാസത്തില്‍ വ്യക്തികള്‍ വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റുകള്‍ വൈകിപ്പിക്കരുതെന്നും വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വിശുദ്ധ മാസത്തിലുടനീളം ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ കോവിഡ് മരണനിരക്കിലെ വര്‍ധന തുടരുന്നു; ഒന്‍പത് പേര്‍ കൂടി മരിച്ചു

ഖത്തറില്‍ ഉത്പാദനമേഖലയില്‍ 2025നകം 1 ലക്ഷം പേര്‍ക്ക് തൊഴില്‍