in

ഖത്തറില്‍ കോവിഡ് കുറഞ്ഞുവരുന്നു; അല്‍വഖ്‌റ, റാസ്‌ലഫാന്‍ ആശുപത്രികളിലെ അവസാന രോഗിയും ആശുപത്രി വിട്ടു

ഫോട്ടോ അല്‍വഖ്‌റ ആശുപത്രിയില്‍ അവസാന കോവിഡ് രോഗി ഡിസ്ചാര്‍ജ്ജാവുന്ന വേളയില്‍ സന്ദര്‍ശനത്തിനെത്തിയ ആരോഗ്യമന്ത്രി ഡോ.ഹനാന്‍ അല്‍ഖുവാരി

ദോഹ: കോവിഡിന്റെ രണ്ടാംതരംഗത്തില്‍ നിന്ന് ഖത്തര്‍ മോചിതമാകുന്നു. രോഗികള്‍ ദിനേന കുറഞ്ഞുവരുന്നതിന്റെ ആശ്വാസത്തിലാണ് ഖത്തര്‍ ജനത. അതിനിടെ ഇന്നലെ   അല്‍വഖ്‌റ ആശുപത്രിയിലെയും റാസ്‌ലഫാന്‍ ആശുപത്രിയിലെയും അവസാന കോവിഡ് രോഗിയും  രോഗം മാറി ആശുപത്രി വിട്ടു. ഈ രണ്ട് കേന്ദ്രങ്ങളെയും പ്രത്യേക കോവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു. വാക്‌സിനേഷന്‍ കാംപയിന്‍ വ്യാപകമാക്കിയതും നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയതുമാണ് രണ്ടാംവരവിലും കോവിഡിനെ വരുതിയിലാക്കാന്‍ ഖത്തറിനെ സഹായിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

നേരത്തെ രോഗികള്‍  വര്‍ധിച്ചതിനാലും രോഗം വന്ന് ആശുപത്രിയില്‍ ആകുന്നവര്‍ കൂടിയതിനാലും ആശുപത്രി ബെഡുകളുടെ എണ്ണം  കൂട്ടേണ്ടുന്ന സാഹചര്യമായിരുന്നു ഖത്തറില്‍. ആയതിനാലാണ് പല ആശുപത്രികളും താല്‍ക്കാലിക കോവിഡ് ആശുപത്രികളാക്കി മാറ്റിയിരുന്നത്. ചില   ചികില്‍സാവിഭാഗങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റിയായിരുന്നു   സജ്ജീകരിച്ചത്.  അവാസാന രോഗിയും വിടുന്നതിന്റെ ഭാഗമായി  പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍കുവാരി രണ്ടു ആശുപത്രികളും സന്ദര്‍ശിച്ചു. മികച്ച സേവനം കാഴ്ചവെച്ച  ആരോഗ്യപ്രവര്‍ത്തകരെയും ആശുപത്രി  ജീവനക്കാരെയും മന്ത്രി പ്രശംസിച്ചു.

രണ്ട് ആശുപത്രികളും  കോവിഡിന്റെ രണ്ടാം വരവിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധേയമായ പങ്കാണ് വഹിച്ചതെന്ന് അല്‍കുവാരി പറഞ്ഞു.  കോവിഡ് നിയന്ത്രണങ്ങള്‍ക്കൊപ്പം ജനങ്ങളുടെ പിന്തുണയും ആരോഗ്യപ്രവര്‍ത്തകരുടെ മഹത്തായ സേവനവും  മൂലമാണ് കോവിഡ് നിയന്ത്രണത്തിന് ഖത്തറിനെ സഹായിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. ആദ്യഘട്ടത്തില്‍  കോവിഡ് രോഗികള്‍ ക്രമാതീതമായി കൂടിയ സാഹചര്യത്തില്‍  ഏഴ് ആശുപത്രികളാണ് പ്രത്യേക കോവിഡ്  ചികില്‍സാകേന്ദ്രങ്ങളായി മാറ്റിയത്. അല്‍വഖ്‌റയും റാസ്‌ലഫാനും ഇത്തരത്തില്‍പെട്ടവയാണ്.  

രോഗികള്‍ കുറഞ്ഞുവരുന്നതിനു പുറമെ  രോഗലക്ഷണങ്ങളുള്ളവരില്‍ തന്നെ ആശുപത്രി പ്രവേശനം ആവശ്യമായവരുടെ എണ്ണവും   കുറഞ്ഞിട്ടുണ്ട്.
ഇരു ആശുപത്രികളിലും അത്യാധുനിക ചികില്‍സയാണ്  നല്‍കിയത്.   കോവിഡിന്റെ ആദ്യവരവിലും രണ്ടാം വരവിലും റാസ്‌ലഫാന്‍ ആശുപത്രി പ്രത്യേക കോവിഡ് ചികില്‍സാ കേന്ദ്രമായിരുന്നു. 

ബുധനാഴ്ച മുതലാണ് വഖ്‌റ ആശുപത്രി സാധാരണ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങുക. അടിയന്തരവിഭാഗം അടക്കം എല്ലാം  മുമ്പത്തെ പോലെയാവും. ഔട്ട്‌പേഷ്യന്റ്, ലേബര്‍ ആന്റ് ഡെലിവറി, കുട്ടികളുടെ വിഭാഗം, ദന്തവിഭാഗം,  പൊള്ളല്‍ ചികില്‍സ, സ്‌പെഷ്യലൈസ്ഡ് ആന്റ് ജനറല്‍ സര്‍ജറി  വിഭാഗങ്ങളുള്‍പ്പെടെ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ സംസ്‌കാരവും പൈതൃകവും ലോക കായിക പ്രേമികളിലേക്ക്; : 2022 ലോക കപ്പ് സംഘാടക സമിതിയും ഖത്തര്‍ മ്യൂസിയംസും ധാരണാപത്രം ഒപ്പുവെച്ചു

വാക്‌സിനെടുത്തവരേ സധൈര്യം മുന്നോട്ട്; വെള്ളി മുതല്‍ നിങ്ങള്‍ക്ക് പല തരം ഇളവുകള്‍