
ദോഹ: ഗുരുതരമായ വൈദ്യസഹായവും വിപുലമായ ശ്വസന ചികിത്സയും ആവശ്യമുള്ള കൊറോണ വൈറസ് (കോവിഡ് -19) രോഗികള്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ നല്‍കാന്‍ ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഖത്തറില്‍ ലഭ്യം. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ തീവ്രപരിചരണ വിഭാഗം ആക്ടിംഗ് ഹെഡും ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രിയുടെ ആക്ടിങ് മെഡിക്കല്‍ ഡയറക്ടറുമായ ഡോ. അഹമ്മദ് അല്‍ മുഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍ ന്യൂസ് ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും പരിചരണം നല്‍കുന്നതില്‍ രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ സന്നദ്ധതയും അദ്ദേഹം വ്യക്തമാക്കി. കോവിഡ് രോഗികളെ ചികിത്സിക്കാന്‍ മികച്ച സൗകര്യങ്ങളാണ് ഹസം മുബൈരീഖ് ആസ്പത്രിയിലുള്ളത്.
ഇവിടത്തെ കിടക്കകളുടെ എണ്ണം 118ല്‍ നിന്നും 330 ആയി ഉയര്‍ത്തി. മൂന്നിരട്ടിയോളം വര്‍ധന. 560 കിടക്കളായി ശേഷി ഉയര്‍ത്താനുമാകും. ഇതുവരെ 135ലധികം രോഗികള്‍ക്കാണ് ഹസം മുബൈരീഖ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കിയത്. ഈ രോഗികളില്‍ പകുതിയിലധികം പേരും സുഖം പ്രാപിക്കുകയോ അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ഗുരുതരമായ ആരോഗ്യ പരിരക്ഷ ആവശ്യമില്ല. ഇവരെ സാധാരണ പരിചരണ വകുപ്പുകളിലേക്കോ ഗാര്‍ഹിക ആരോഗ്യ ഐസൊലേഷനിലോക്കോ ക്വാറന്റൈന്‍ സൗകര്യങ്ങളിലേക്കോ മാറ്റിയിട്ടുണ്ട്.
കൊറോണ വൈറസ് മഹാമാരിയുടെ എല്ലാ വെല്ലുവിളികളെയും നേരിടാന്‍ രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിന് കഴിഞ്ഞു. വൈറസ് ട്രാക്ക് ചെയ്യുന്നതിനുള്ള കര്‍മ്മപദ്ധതിയും മികച്ച രീതിയിലാണ് നടപ്പാക്കുന്നത്. ഹസം മുബൈരീഖ് ആസ്പത്രിയില്‍ വിവിധ സ്‌പെഷ്യാലിറ്റികളിലായി 250ലധികം ഡോക്ടര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. തീവ്രപരിചരണം ആവശ്യമുള്ളവരുടെ എണ്ണം കൂടുകയാണെങ്കില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്് ആകസ്മിക പദ്ധതികളുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും രോഗികള്‍ക്ക് വെന്റിലേറ്ററുകള്‍ നല്‍കുന്നതില്‍ വിഷമകരമായ വെല്ലുവിളി നേരിടുന്നുണ്ട്.
ന്യുമോണിയ ബാധിച്ച രോഗികളെ ജീവനോടെ നിലനിര്‍ത്താന്‍ ഈ ഉപകരണങ്ങള്‍ ആവശ്യമാണ്. എന്നിരുന്നാലും, ഖത്തറിന്റെ ആരോഗ്യ സംരക്ഷണ മേഖലക്കും ആസ്പത്രികള്‍ക്കും ഈ ഉപകരണങ്ങളുടെ കുറവോ മെഡിക്കല്‍ ജീവനക്കാരുടെ എണ്ണത്തിലെ കുറവോ നേരിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹസം മുബൈരീഖ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയ കോവിഡ് -19 രോഗികളില്‍ ഭൂരിഭാഗവും 35നും 70നും ഇടയില്‍ പ്രായമുള്ളവരാണെന്നും അവരില്‍ പലരും വിട്ടുമാറാത്ത രോഗങ്ങള്‍, പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ട് നേരിടുന്നവരാണെന്നും ഡോ. അഹമ്മദ് അല്‍മുഹമ്മദ് പറഞ്ഞു.
ഗുരുതരമായ അവസ്ഥയിലുള്ളവര്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരും. എന്നാല്‍ വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗിക്ക് ഈ വൈറസ് ബാധയില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ മറ്റു രാജ്യങ്ങളിലെപ്പോലെ ഖത്തറില്‍ ധാരാളം മരണങ്ങളുണ്ടാകുന്നില്ല. കോവിഡ് -19 അപകടകരമായ ഒരു വൈറസാണെന്നും ഇതിനെതിരായ പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹം അറിഞ്ഞിരിക്കേണ്ടത് സുപ്രധാനമാണ്.