
ദോഹ: ഊര്‍ജമേഖലയിലെ ടെണ്ടറുകളില്‍ ഇന്‍ കണ്ട്രി വാല്യു(ഐസിവി) മൂല്യനിര്‍ണയ പ്രോഗ്രാമിന് ജൂലൈയില്‍ തുടക്കമാകും. ഊര്‍ജ മേഖലയുടെ സേവന, വ്യവസായങ്ങള്‍ക്കുള്ള സ്വദേശിവല്‍ക്കരണ പദ്ധതിയായ തത്വീന് മുഖേനയാണ് ഈ പ്രോഗ്രാം നടപ്പാക്കുന്നത്. ഊര്‍ജ മേഖലയിലെ സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതാണ് പദ്ധതി. പ്രാദേശിക സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ സംഭാവന ചെയ്യുന്ന വിതരണക്കാര്‍ക്കും കരാറുകാര്‍ക്കും മത്സരാധിഷ്ഠിത ബിഡിങ് പ്രക്രിയ്യയില്‍ മികച്ച വാണിജ്യ നേട്ടം കൈവരിക്കാന്‍ ഐസിവി സഹായകമാകും.
വിതരണക്കാര്‍ക്ക് ഐസിവി സ്കോര്‍ബോര്‍ഡ് സര്ട്ടിഫിക്കേഷന് നേടാനായി 2020 ജനുവരി മുതല്‍ ആറു മാസത്തെ സമയം നല്‍കിയിരുന്നു. ഗ്രേസ് പിരീഡ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജൂലൈയില്‍ പ്രോഗ്രാം ലോഞ്ച് ചെയ്യുന്നത്. ഇതിനകം 100ലധികം വിതരണക്കാര്‍ ഐസിവി സര്ട്ടിഫിക്കേഷന് നേടിയിട്ടുണ്ട്. തത്വീന് പ്രോഗ്രാമിലെ നിര്‍ണായക ഘടകമാണ് ഐസിവിയെന്ന് ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയും ഊര്‍ജ സഹമന്ത്രിയുമായ സഅദ് ഷെരീദ അല്‍കഅബി പറഞ്ഞു. ഐസിവി നടപ്പാക്കുന്നതോടെ സ്വദേശി വിതരണക്കാരുടെ കഴിവുകള്‍ വികസിപ്പിക്കാനും ഊര്‍ജ മേഖലയ്ക്ക് നേട്ടമുണ്ടാകുന്ന തരത്തില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സാധിക്കും. ഐസിവി ബോധവല്‍ക്കരണ ക്ലാസുകളും തത്വീന് നടത്തിയിരുന്നു. ഖത്തറിലെ ഊര്‍ജ മേഖലക്ക് വിവിധ ഉത്പ്പന്നങ്ങളും സേവനങ്ങളും നല്കുന്ന വിവിധ വിതരണക്കാരുടെയും കരാറുകാരുടെയും പ്രതിനിധികള്‍ ഈ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു.