
ദോഹ: നിരന്തര പരിശ്രമങ്ങള്‍ക്കും ചില അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ഖത്തറില്‍ നിന്ന് സംഘടനകള്‍ക്ക് കീഴിലുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം പറത്തിയ ബഹുമതിയുമായി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 176 യാത്രക്കാരുമായി ഇന്ന് പുലര്‍ച്ചെ രണ്ടേ പത്തോടെയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൊച്ചിയിലേക്ക് പറന്നത്. ഇന്ത്യന്‍ എംബസിയില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത അടിയന്തിര സാഹചര്യമുള്ള ആളുകളേയാണ് യാത്രക്കായി പരിഗണിച്ചത്. പ്രായമായവരും ഗര്‍ഭിണികളായ സ്ത്രീകളും രോഗികളുമുള്‍പ്പേടേയാണിത്. അതിനിടെ ദോഹയില്‍ നിന്നുള്ള ഇന്‍കാസ് ഖത്തറിന്റെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കൊച്ചിയിലേക്ക്… എന്ന സന്ദേശമുള്ള പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്ത് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ഗാന്ധി എം പി രംഗത്തെത്തിയത് ഇന്‍കാസ് പ്രവര്‍ത്തകരില്‍ ആവേശമുളവാക്കി. ”ബോണ്‍വൊയാജ്്” (ശുഭ യാത്ര) നേര്‍ന്നുള്ളതായിരുന്നു രാഹുലിന്റെ സന്ദേശം.

കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് അടുത്ത ദിവസങ്ങളില്‍ സര്‍വ്വീസ് ഉണ്ടായിരിക്കുമെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സമീര്‍ ഏറാമല ‘ചന്ദ്രിക’ യെ അറിയിച്ചു.
ഇന്ത്യന്‍ എംബസിക്ക് കീഴിലെ സന്നദ്ധ വിഭാഗമായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് സജ്ജീകരിച്ചിട്ടുണ്ട്. ഖത്തറിലെ കര്‍ണ്ണാടക സംഘവുമായി ചേര്‍ന്നുള്ള പ്രഥമ വിമാനം ഗോ എയര്‍ ഇന്ന് കാലത്ത് പത്തേ മുപ്പതിന് ബാംഗ്ലൂരിലേക്ക് പുറപ്പെടും. 184 യാത്രക്കാരാണ് ഉണ്ടാവുകയെന്നും അടുത്ത സര്‍വ്വീസ് കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കായിരിക്കുമെന്നും ഐ സി ബി എഫ് വിശദീകരിച്ചു.
ഖത്തര്‍ കെ എം സി സി, ഖത്തര്‍ കള്‍ച്ചറല്‍ ഫോറം എന്നിവരും ജൂണ്‍ 20-നും തുടര്‍ ദിനങ്ങളിലുമായി ചാര്‍ട്ടേര്‍ഡ് വിമാനം പറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അന്തിമ അനുമതി മാത്രമാണ് ബാക്കിയെന്നറിയുന്നു. നേരത്തെ കമ്പനി തൊഴിലാളികളുമായി ഖത്തര്‍ എയര്‍വെയിസ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. അതേസമയം വന്ദേഭാരത് മിഷനില്‍ ഇതേവരെ 5229 പേരാണ് ഇന്ത്യയിലെത്തിയത്. 145 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടേയാണിത്. വിവിധ നഗരങ്ങളിലേക്ക് ഇനിയും സര്‍വ്വീസുകള്‍ ബാക്കിയുണ്ട്.