
ദോഹ: ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍(ക്യുഎഫ്സി) രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണത്തില്‍ വര്‍ധന. ക്യുഎഫ്സിയില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കമ്പനികളുടെ എണ്ണത്തില്‍ 35 ശതമാനമാണ് വര്‍ധന.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ക്യുഎഫ്സിലെ കമ്പനികളുടെ എണ്ണം 612 ആയിരുന്നു. ഡിസംബറിലെ കണക്കുകള്‍ പ്രകാരം കമ്പനികളുടെ എണ്ണം 800ലധികമായി വര്‍ധിച്ചു. ആഗോളതലത്തിലെ ഏറ്റവും വലുതും ദ്രുതഗതിയില്‍ വളര്‍ച്ച കൈവരിക്കുന്നതുമായ ഓണ്‍ഷോര്‍ വ്യാപാര ധനകാര്യകേന്ദ്രങ്ങളിലൊന്നാണ് ക്യുഎഫ്സി. 2022 ആകുമ്പോഴേക്കും ക്യുഎഫ്സിയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണം 1000ലേക്കെത്തിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍തന്നെ ലക്ഷ്യത്തിന്റെ തൊട്ടടുത്തെത്തിക്കഴിഞ്ഞു.
ഐടി, ടാക്സ് സേവനങ്ങള്‍, ഫിന്‍ടെക്, കണ്‍സള്‍ട്ടന്‍സി, അഡൈ്വസറി, മാര്‍ക്കറ്റിങ്- ബ്രാന്‍ഡ് മാനേജ്മെന്റ് എന്നിവയുള്‍പ്പടെയുള്ള മേഖലകളില്‍നിന്നാണ് പുതിയ കമ്പനികള്‍. ഖത്തരി കമ്പനികള്‍ക്കു പുറമെ കാനഡ,യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്സര്‍ലന്റ്, ജോര്‍ദാന്‍, ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള കമ്പനികളും പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസാധാരണമായ വളര്‍ച്ച കൈവരിച്ച കാലഘട്ടമാണ് പിന്നിട്ടത്. ഈ പ്ലാറ്റ്ഫോമില്‍ ചേരുന്ന സ്ഥാപനങ്ങളുടെ കാര്യത്തില്‍ ക്യുഎഫ്സി പുതിയ നേട്ടങ്ങള്‍ കൈവരിക്കുന്നതായി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ യൂസുഫ് മുഹമ്മദ് അല്‍ജെയ്ദ പറഞ്ഞു. വരുംകാലയളവിലും വളര്‍ച്ച തുടരുമെന്ന് ആത്മവിശ്വാസമുണ്ട്. കൂടുതല്‍ മേഖലാ രാജ്യാന്തര കമ്പനികളെ ആകര്‍ഷിക്കാനാകും. നിരവധി പ്രയോജനങ്ങളാണ് ക്യുഎഫ്സി കമ്പനികള്‍ക്ക് ലഭിക്കുന്നത്. ആഗോള വ്യവസായ സംരംഭങ്ങള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നതിന് ക്യുഎഫ്സിയെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, പാകിസ്താന്, ഒമാന്‍, കുവൈത്ത്, തുര്‍ക്കി തുടങ്ങിയ വിപണികളെ ക്യുഎഫ്സി പ്രധാനമായും ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
2019ല്‍ ക്യുഎഫ്സി പതിനൊന്ന് സുപ്രധാന ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചിരുന്നു. തന്ത്രപരമായ സഹകരണം സുഗമമാക്കുന്നതിനും അന്താരാഷ്ട്ര ഡിജിറ്റല്‍, ഐടി ബിസിനസുകളെ ഖത്തറിലേക്ക് ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ട്് മൈക്രോസോഫ്റ്റുമായി ക്യുഎഫ്സി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ ബ്ലൂംബര്‍ഗ് മീഡിയ ഗ്രൂപ്പുമായും കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ക്യുഎഫ്സില് ചേര്‍ന്ന ഖത്തര്‍ ആസ്ഥാനമായുള്ള ആദ്യ ടെലിവിഷന്‍ സ്റ്റുഡിയോയാണ് ബ്ലൂംബര്‍ഗ്.
2020ല്‍ ഇതേവരെ 170ലധികം പുതിയ സ്ഥാപനങ്ങളാണ് ക്യുഎഫ്സിയില്‍ ചേര്‍ന്നത്. കോവിഡ് പ്രതിസന്ധിയുടെയും ദുഷ്കരമായ സാഹചര്യങ്ങളുടെയും ഈ ഘട്ടതിലും പുതിയ സ്ഥാപനങ്ങളെ ഈ പ്ലാറ്റ്ഫോമിലേക്ക് ആകര്ഷിക്കാനാകുന്നുണ്ടെന്ന് യൂസുഫ് മുഹമ്മദ് അല്‍ജെയ്ദ പറഞ്ഞു. ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഖത്തര്‍ ഡിജിറ്റല്‍, മീഡിയ, കായിക, ധനകാര്യ തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവന വ്യവസായങ്ങളില്‍ നിരവധി അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
വ്യവസായ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെന്ന് ആഗ്രഹിക്കുന്ന രാജ്യാന്തര കമ്പനികള്‍ക്കു മാത്രമല്ല, മേഖലാതലത്തിലും രാജ്യാന്തരതലത്തിലും വ്യാപാരം വികസിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രാദേശിക വ്യവസായ സംരംഭങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ പ്ലാറ്റ്ഫോമാണ് ക്യുഎഫ്സി.