in ,

ഇന്ത്യ ഖത്തര്‍ വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി; നിക്ഷേപ-തൊഴില്‍ മേഖലകളില്‍ സഹകരണം ശക്തമാക്കും

ഖത്തറിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തുന്നു.

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കി ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ ദോഹയില്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍  വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍  അബ്ദുറഹ്മാന്‍ അല്‍താനി വിശദമായ ചര്‍ച്ചയാണ് നടത്തിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. ലോക രാഷ്ട്രീയ സാഹചര്യവും മേഖലയിലെ സംഭവ വികാസങ്ങളും കോവിഡ് പ്രതിസന്ധിയും ചര്‍ച്ച ചെയ്ത കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ വിപുലീകരണത്തിന്റെ സുപ്രധാനമേഖലകളും പ്രത്യേക വിഷയമായി. നിക്ഷേപം, തൊഴില്‍കാര്യം തുടങ്ങിയ  വിവിധ മേഖലകളിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുമെന്നും ഇരുവരും അറിയിച്ചു.  മേഖലയിലെ ഏറ്റവും പുതിയ  സംഭവവികാസങ്ങള്‍ വിലയിരുത്തിയതായി ഇന്ത്യ അറിയിച്ചു.

തന്റെ ഓഫീസിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറെ സ്വീകരിച്ചാനയിക്കുന്ന ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ.ഖാലിദ് അല്‍അതിയ്യ.

ദോഹയിലെത്തിയ ഡോ. എസ്. ജയ്ശങ്കര്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധസഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍  മുഹമ്മദ് അല്‍ അത്വിയയുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി. പ്രതിരോധ മേഖലകളിലെ ഇരു രാഷ്ട്രങ്ങളിലേയും സഹകരണം സംബന്ധിച്ച് ഇവരുവരും ചര്‍ച്ച ചെയ്തു. എല്ലാ ചര്‍ച്ചകളും ഏറെ ക്രിയാത്മകവും  ഗുണകരവുമായിരുന്നുവെന്നും കോവിഡിന്റെ രണ്ടാംതരംഗത്തില്‍ ഇന്ത്യക്ക്  വിവിധ സഹായങ്ങള്‍ നല്‍കിയ ഖത്തറിനെ അഭിനന്ദിക്കുന്നതായും ഡോ. എസ്. ജയ്ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു. കുവൈത്തിലെ  സന്ദര്‍ശനത്തിന് ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെത്തിയത്. കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ ഡോ. എസ്. ജയ്ശങ്കര്‍ ഗള്‍ഫ് രാജ്യങ്ങളിലെയും ഇറാനിലെയും ഇന്ത്യന്‍  അംബാസഡര്‍മാരുടെ യോഗം വിളിച്ചിരുന്നു.

സൗദി, യു.എ.ഇ, ഇറാന്‍, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ  അംബാസഡര്‍മാര്‍ ഇതിനായി കുവൈത്തില്‍ നേരിട്ട് എത്തുകയായിരുന്നു.
എല്ലാ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുക, കോവിഡ് പശ്ചാത്തലത്തില്‍ പലയിടത്തായി കുടുങ്ങിപ്പോയ  കുടുംബങ്ങളുടെ ഒത്തുചേരലിന് സഹായം നല്‍കുക, കോവിഡ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്ക് പോയ  ഇന്ത്യക്കാരുടെ തൊഴിലിടത്തിലേക്കുള്ള മടക്കം, വിദേശ ഇന്ത്യക്കാരുടെ യാത്രാപ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ വിമാന  സര്‍വീസുകള്‍ പുനരാരംഭിക്കല്‍, ഇന്ത്യയുടെ വ്യാപാര താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തില്‍  ചര്‍ച്ചയായതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ ദേശീയദിന മുദ്രാവാക്യം പുറത്തുവിട്ടു; ‘പൂര്‍വ്വീകര്‍ തീര്‍ത്ത പച്ചത്തുരുത്ത് കാത്തുവെക്കല്‍ നമ്മുടെ കര്‍ത്തവ്യം’

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്; കുട്ടികള്‍ക്ക് മാളില്‍ പ്രവേശിക്കാം