in ,

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യ- ഖത്തര്‍ എയര്‍ബബിള്‍ കരാറിലെ അനിശ്ചിതത്വം നീങ്ങി; സര്‍വീസുകള്‍ സാധാരണനിലയില്‍

കരാര്‍ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ദോഹയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു

ദോഹ: ഇന്ത്യക്കും ഖത്തറിനുമിടയില്‍ വിമാനസര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട എയര്‍ബബിള്‍ കരാറിലെ അനിശ്ചിതത്വം നീങ്ങി. കരാര്‍ ജൂലൈ 31വരെ നീട്ടിയതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാനസര്‍വീസുകള്‍ സാധാരണ നിലയിലായി. എയര്‍ബബിള്‍ കരാറിന്റെ കാലാവധി ജൂണ്‍ 30വരെയായിരുന്നു. ഇതു പുതുക്കാതിരുന്നതോടെ ഇന്നു പുലര്‍ച്ചെയുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്റേതുള്‍പ്പടെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഖത്തറിലേക്ക് മടങ്ങാന്‍ കാത്തിരുന്ന മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികള്‍ പ്രതിസന്ധിയിലാകുകയും ചെയ്തു. കരാര്‍ പുതുക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്. പ്രശ്‌നം പരിഹരിക്കപ്പെട്ടതായും സര്‍വീസുകള്‍ സാധാരണനിലയിലാകുമെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസിയും വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യോമഗതാഗതം ഉറപ്പാക്കുന്നതിന് തുടര്‍ന്നും സഹകരിക്കുന്നതിന് രണ്ടുരാജ്യങ്ങളിലെയും സിവില്‍ വ്യോമയാന അതോറിറ്റി അധികൃതര്‍ക്കും എയര്‍ലൈനുകള്‍ക്കും എംബസി നന്ദി അറിയിച്ചു.

എയര്‍ബബിള്‍ പ്രതിസന്ധി കാരണം ഇന്നു രാവിലെയുള്ള വിമാനസര്‍വീസുകള്‍ റദ്ദായത് നിരവധി യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു. യാത്രക്ക് തൊട്ടുമുന്‍പാണ് പലര്‍ക്കും സര്‍വീസ് റദ്ദായ വിവരം ലഭിക്കുന്നത്. വിമാനത്താവളത്തിലെത്തിയശേഷം വിവരമറിഞ്ഞവരുമുണ്ട്. വിമാനത്താവളത്തിലെത്തി മണിക്കൂറുകള്‍ക്കുശേഷമാണ് സര്‍വീസ് റദ്ദാക്കിയ വിവരം പറയുന്നതെന്ന് നാദാപുരം സ്വദേശിയും ഇന്നലെ രാവിലെ 6.25ന് കോഴിക്കോടുനിന്നും പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ്സിലെ യാത്രാക്കാരനുമായിരുന്ന അബ്ദുല്ല പറഞ്ഞു. സര്‍വീസ് വൈകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീടാണ് റദ്ദാക്കിയ വിവരം പറയുന്നത്.

രാജ്യാന്തര വിമാനസര്‍വീസൂകള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി ഡിജിസിഎ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 നാണ് രാജ്യാന്ത വിമാനസര്‍വീസുകള്‍ക്ക് വില്ക്ക് ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായി പ്രത്യേകമായി ഒപ്പുവെച്ച എയര്‍ബബിള്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസ് നടത്തിവന്നിരുന്നത്. നിബന്ധനകള്‍ക്കു വിധേയമായി ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചും വിമാന സര്‍വീസ് അനുവദിച്ചുക്കുന്നതാണ് എയര്‍ബബിള്‍ കരാര്‍. ഇതുപ്രകാരം ഖത്തറില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍, ഖത്തരി പാസ്‌പോര്‍ട്ടുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍, നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വീസയുള്ള ഖത്തരി പൗരന്മാര്‍ എന്നിവര്‍ക്കാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാനുമതി. ഖത്തരി പൗരന്മാര്‍, ഖത്തര്‍ വീസയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും അനുമതി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യ- ഖത്തര്‍ എയര്‍ബബിള്‍ പുതുക്കിയില്ല; യാത്രക്കാര്‍ അനിശ്ചിതത്വത്തില്‍

നിങ്ങളെ ജീവിത ശൈലീ രോഗം ബാധിച്ചുവോ? 50 ഖത്തര്‍ റിയാലിന് പരിശോധനാ അവസരമൊരുക്കി മൈക്രോ ഹെല്‍ത്