ദോഹ: ഇന്ത്യക്കും ഖത്തറിനുമിടയില്‍ വിമാനസര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട എയര്‍ബബിള്‍ കരാര്‍ പുതുക്കിയില്ല. ഇതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാനസര്‍വീസുകള്‍ നിലച്ചു. ഖത്തറിലേക്ക് മടങ്ങാന്‍ കാത്തിരുന്ന മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികള്‍ പ്രതിസന്ധിയില്‍. എയര്‍ബബിള്‍ കരാര്‍ കാലാവധി അവസാനിച്ചതോടെ ഖത്തറില്‍നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ മുടങ്ങി. യാത്രക്ക് തൊട്ടുമുന്‍പാണ് പലര്‍ക്കും സര്‍വീസ് റദ്ദായ വിവരം ലഭിക്കുന്നത്. വിമാനത്താവളത്തിലെത്തിയശേഷം വിവരമറിഞ്ഞവരുമുണ്ട്. സര്‍വീസ് റദ്ദാക്കിയതിനെത്തുടര്‍ന്ന് നിരവധിപേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തിലെത്തി മണിക്കൂറുകള്‍ക്കുശേഷമാണ് സര്‍വീസ് റദ്ദാക്കിയ വിവരം പറയുന്നതെന്ന് നാദാപുരം സ്വദേശിയും ഇന്നു രാവിലെ 6.25ന് കോഴിക്കോടുനിന്നും പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്സ്പ്രസ്സിലെ യാത്രാക്കാരനുമായിരുന്ന അബ്ദുല്ല പറഞ്ഞു. സര്‍വീസ് വൈകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീടാണ് റദ്ദാക്കിയ വിവരം പറയുന്നത്. സര്‍വീസ് റദ്ദായതോടെ ഖത്തറില്‍ പത്തുദിവസം ഹോട്ടല്‍ ക്വാറന്റൈന് ബുക്ക് ചെയ്തതിന്റെ തുക മടക്കിലഭിക്കുമോയെന്നതുള്പ്പടെയുള്ള ആശങ്ക യാത്രക്കാര്‍ക്കുണ്ട്. രാജ്യാന്തര വിമാനസര്വീസൂകള്ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി ഡിജിസിഎ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 നാണ് രാജ്യാന്ത വിമാനസര്‍വീസുകള്‍ക്ക് വില്ക്ക് ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായി പ്രത്യേകമായി ഒപ്പുവെച്ച എയര്‍ബബിള്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസ് നടത്തിവന്നിരുന്നത്. ഇന്ത്യക്കും ഖത്തറിനുമിടയിലെ എയര്‍ബബിള്‍ കരാറിന്റെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. കരാര്‍ പുതുക്കാതയതോടെയാണ് വിമാനസര്‍വീസുകള്‍ മുടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. പുതിയ ടിക്കറ്റുകള്‍ അനുവദിക്കരുതെന്ന് വിമാനകമ്പനികളില്‍ നിന്നും ട്രാവല്‍ ഏജന്‍സികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതിനിടെ എയര്‍ബബിള്‍ കരാര്‍ പുതുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതായി ഖത്തറിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. നിബന്ധനകള്‍ക്കു വിധേയമായി ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചും വിമാന സര്‍വീസ് അനുവദിച്ചുക്കുന്നതാണ് എയര്‍ബബിള്‍ കരാര്‍. ഇതുപ്രകാരം ഖത്തറില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍, ഖത്തരി പാസ്പോര്‍ട്ടുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍, നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വീസയുള്ള ഖത്തരി പൗരന്മാര് എന്നിവര്‍ക്കാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാനുമതി. ഖത്തരി പൗരന്മാര്, ഖത്തര്‍ വീസയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും അനുമതി.