
ദോഹ: ഇന്ത്യക്കും ഖത്തറിനുമിടയില്‍ വിമാനസര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് എയര്‍ബബിള്‍ കരാര്‍ ഡിസംബര്‍ 31വരെ നീട്ടി. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിബന്ധനകള്‍ക്കു വിധേയമായി ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചും വിമാന സര്‍വീസ് അനുവദിച്ചുകൊണ്ടുള്ള കരാറിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതുക്കിയത്. സാധാരണ സര്‍വീസ് പുനരാരംഭിക്കുന്നതുവരെയോ ഡിസംബര്‍ 31 വരെയോ ഏതാണോ ആദ്യം അന്നുവരെയാണ് കരാര്‍. എയര്‍ബബിള്‍ കരാര്‍ പുതുക്കിയ കാര്യം ഖത്തറിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. കരാര്‍ നീട്ടിയതില്‍ ഇന്ത്യയിലെയും ഖത്തറിലെയും വ്യോമയാന അതോറിറ്റികള്‍ക്ക് നന്ദി അറിയിക്കുന്നതായും എംബസി ട്വിറ്ററില്‍ കുറിച്ചു.
ഖത്തറില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍, ഖത്തരി പാസ്പോര്‍ട്ടുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍, നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വീസയുള്ള ഖത്തരി പൗരന്മാര് എന്നിവര്‍ക്കാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാനുമതി.
ഖത്തരി പൗരന്മാര്, ഖത്തര്‍ വീസയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും അനുമതിയുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്ന ഖത്തര്‍ പ്രവാസികള്‍ക്ക് മാത്രമാണ് ഖത്തറിലേക്ക് മടങ്ങി എത്താന്‍ അനുമതി. ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്കും ഖത്തര്‍ എയര്‍വേയ്സിനും ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്.