വിശദീകരണം ചില ഗള്‍ഫ് രാജ്യങ്ങള്‍ താത്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍

ദോഹ: കോവിഡ് അനുദിനം ഭീതിജനകമായ സാഹചര്യം സൃഷ്ടിക്കുന്നുവെങ്കിലും ഇന്ത്യയിലേക്കുള്ള ചരക്ക്, യാത്രാ സര്‍വീസുകള്‍ തുടരുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രഖ്യാപനം. ഇന്ത്യക്ക് ഖത്തറിന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഈ മഹത്തായ രാഷ്ട്രത്തോട് ഖത്തര്‍ ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നു. യാത്രാ, ചരക്ക് വിമാനസര്‍വീസുകള്‍ തുടര്‍ന്നുകൊണ്ട് ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്ക് ഉറച്ച പിന്തുണ നല്‍കും- ഖത്തര്‍ എയര്‍വേയ്‌സ് ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ജിസിസിയിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ജിസിസിയിലെ യുഎഇ, കുവൈത്ത്, സഊദി അറേബ്യ, ഒമാന്‍ രാജ്യങ്ങളും യുഎസ്, ഓസ്‌ട്രേലിയ, ഹോങ്കോങ്, യുകെ, പാകിസ്താന്‍, ന്യൂസിലന്റ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.