
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സന്ദര്‍ശിച്ച് ചുമതലാപത്രം കൈമാറി. ഇന്നലെ രാവിലെ അമീരിദിവാനിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇന്ത്യന്‍ അംബാസഡറെ സ്വാഗതം ചെയ്ത അമീര്‍ പുതിയ ചുമതലയില്‍ വിജയിക്കാനാകട്ടെയെന്ന് ആശംസിച്ചു. ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ പുരോഗതിയും സമൃദ്ധിയും കൈവരിക്കാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു. ഇന്ത്യന്‍ ഭരണനേതൃത്വത്തിന്റ ആശംസ അംബാസഡര്‍ അമീറിന് കൈമാറി. അമീരിദിവാനില്‍ അംബാസഡര്‍ക്ക് ഔദ്യോഗിക സ്വീകരണവും ഒരുക്കിയിരുന്നു. ബോസ്നിയ ഹെര്‍സഗോവിന അംബാസഡര്‍ ഹാരിസ് ലുകോവാക്, യുകെ അംബാസഡര്‍ ജൊനാഥന് പോള്‍ വില്‍കിസ്, ബള്‍ഗേറിയ അംബാസഡര്‍ പ്ലാമെന്‍ സ്റ്റാന്‍കോവ് ദലേവ്, സുഡാന് അംബാസഡര്‍ അബ്ദുല്‍റഹീം അല്‍സിദ്ദീഖ് മുഹമ്മദ്, തുര്‍ക്കിഷ് അംബാസഡര്‍ മഹ്മെത് മുസ്തഫ ഗോക്സു എന്നിവരും അമീറുമായി കൂടിക്കാഴ്ച നടത്തി ചുമതലാപത്രം കൈമാറി.