
ദോഹ: ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്പര്യപ്പടുന്നവരുടെ വിവര ശേഖരണത്തിനായി തുടങ്ങിയ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ വേഗം പൂര്‍ത്തീകരിക്കണമെന്ന ഇന്ത്യന്‍ എംബസി. നാട്ടിലേക്ക് അടിയന്തരമായി പോകേണ്ട, ഇനിയും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ഇ-മെയില്‍ മുഖേന എംബസിയെ വിവരം അറിയിച്ചതുകൊണ്ടു കാര്യമില്ല. രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയവര്‍ മാത്രമാണ് എംബസിയുടെ നിര്‍ദ്ദിഷ്ട മെയിലിലേക്ക് നാട്ടിലേക്ക് മടങ്ങേണ്ടതിന്റെ അടിയന്തര സ്വഭാവം വ്യക്തമാക്കുന്ന സന്ദേശം അയക്കേണ്ടത്.
രജിസ്ട്രേഷന് ഉടന്‍ അവസാനിപ്പിക്കുമെന്ന് എംബസി നേരത്തെ അറിയിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതില്‍ ഉറപ്പില്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും എംബസി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മൂന്നാംഘട്ടത്തിലെ സര്‍വീസുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്.
കേരളത്തിനു പുറമെ ആറു നഗരങ്ങളിലേക്കു കൂടി സര്‍വീസിനു സാധ്യതയുണ്ട്. ആദ്യഘട്ടത്തില്‍ കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും രണ്ടാംഘട്ടത്തില്‍ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ക്കു പുറമെ നാലു നഗരങ്ങളിലേക്കുമാണ് സര്‍വീസുണ്ടായിരുന്നത്. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി സര്‍വീസുകള്‍ക്കു പുറമെ വിശാഖപട്ടണം, ഹൈദരാബാദ്, ബംഗളുരു സര്‍വീസുകളും രണ്ടാംഘട്ടത്തില്‍ നടന്നു.
കഴിഞ്ഞ ദിവസം 177 യാത്രക്കാരും അഞ്ചു കുഞ്ഞുങ്ങളും ഉള്‍പ്പടെ 182 യാത്രക്കാരുമായാണ് എയര്‍ഇന്ത്യ വിമാനം ബംഗളുരുവിലേക്ക് പുറപ്പെട്ടത്. ആദ്യ രണ്ടു ഘട്ടങ്ങളില്‍ എട്ടു സര്‍വീസുകളിലായി ഇതിനോടകം 1374 യാത്രക്കാരും 45 കുഞ്ഞുങ്ങളും ഉള്‍പ്പടെ 1419 പേര് ഇന്ത്യയിലേക്ക് മടങ്ങി. രണ്ടാംഘട്ടത്തിലെ അവസാന സര്‍വീസ് ഗയയിലേക്ക് ഇന്ന് പുറപ്പെടും.