വാക്‌സിന്‍ നയം മാറ്റാതെ ലോകത്തിന് ആവശ്യമായ വാക്‌സിന്‍ ലഭ്യമാവില്ല
ദോഹ: അമേരിക്കയുടെയും യൂറോപ്പിലെ രാജ്യങ്ങളുടേയും കോവിഡ് വാക്‌സിന്‍ നയം മാറ്റണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കര്‍. പ്രഥമ ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്. ലോകത്തെ പല രാജ്യങ്ങള്‍ക്കും ആവശ്യമായ വാക്‌സിനുകള്‍ ഇപ്പോള്‍ ലഭ്യമല്ല.
ഉത്പാദനം വര്‍ധിപ്പിക്കുക മാത്രമാണ് ഇതിന്റെ പോംവഴി. പേറ്റന്റുകള്‍ സൃഷ്ടിക്കുന്ന വിഘാതം പലപ്പോഴും ഉത്പാദനത്തിനും വിതരണ ശൃംഖലയിലും തടസ്സം നേരിടുകയാണ്. പല രാജ്യങ്ങളുടേയും പേറ്റന്റ് നിയന്ത്രണം അവസാനിപ്പിക്കണം.
വാക്‌സിന്‍ ഉത്പാദനവും വിപണനവും തുറന്നിടണം. ആളുകള്‍ക്ക് പ്രാപ്യമാവുന്ന രൂപത്തിലാവണം അത്.
ഉത്പാദന അളവ് വര്‍ധിപ്പിക്കാതെ ലോകത്ത് വാക്‌സിനുകളുടെ ആവശ്യം
നിറവേറ്റാനാവില്ല. അമേരിക്കയും യൂറോപ്പിലെ രാജ്യങ്ങളും അതിനായി വിതരണ ശൃംഖലകള്‍ തുറന്നിടേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തെ അതിശക്തരായ രാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ സുതാര്യവും പരിസ്ഥിതി സൗഹൃദവുമായിരിക്കണമെന്നും ജയ്ശങ്കര്‍ പറഞ്ഞു.
വികസിത രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ഗുണഭോക്താക്കളായ രാജ്യങ്ങള്‍ക്ക് ബാധ്യതയായി മാറരുത്. ജി-സെവന്‍ രാജ്യങ്ങളുമായി
ഒത്തുപോവാന്‍ കഴിയുമെന്ന് തോന്നുന്ന മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ക്വാഡ് രാഷ്ട്രങ്ങളുടെ സഖ്യം മരിടൈം സുരക്ഷ, കണെക്റ്റിവിറ്റി, വിദ്യാഭ്യാസം അങ്ങിനെ ചില അജണ്ടകളുമായാണ് മുന്നോട്ടുപോവുന്നത്. ഈയ്യിടെ വാക്‌സിനും അതിന്റെ അജണ്ടയിലേക്കെത്തിയിട്ടുണ്ട്. ലോക കാഴ്ചപ്പാടിലാണ് അതിന്റെ പ്രവര്‍ത്തനം. അതേസമയം ഇന്ത്യ-ചൈന അതിര്‍ത്തിപ്രശ്‌നം മറ്റൊന്നാണ്. ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതും മറ്റുമായ പ്രശ്‌നങ്ങളുണ്ട്. ലഡാക്കില്‍ പ്രത്യേകിച്ചും. കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ പാടില്ലെന്ന പരസ്പര ധാരണയെ അട്ടമറിക്കുകയാണ് ചൈന ചെയ്തത്.
അതിര്‍ത്തിപരമായതും അല്ലാത്തതുമായ പ്രശ്‌നങ്ങളും ക്വാഡ് രാഷ്ട്രങ്ങളുടെ അജണ്ടയും വ്യത്യസ്തമാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ, ജപ്പാന്‍, ആസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നിവയുള്‍പ്പെട്ട ക്വാഡിലാറ്ററല്‍ സുരക്ഷാ സഖ്യം (ക്വാഡ് രാഷ്ട്രങ്ങള്‍) എന്തുകൊണ്ട് ചൈനയുമായുള്ള ഇന്ത്യയുടെ പ്രശ്‌നങ്ങളിലിടപെടുന്നില്ലെന്ന ബ്ലൂംബെര്‍ഗ് സൗത്ത് ഏഷ്യാ മാനേജിംഗ് എഡിറ്റര്‍ ജാനെറ്റ് റോഡ്രിഗസിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം മന്ത്രി വിശദീകരിച്ചത്.