in

ഖത്തറില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു; തെരെഞ്ഞെടുക്കപ്പെട്ടവര്‍ മാത്രം സംബന്ധിച്ചു

ദോഹ: ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ ഏഴിന് ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ ദേശീയപതാക ഉയര്‍ത്തി. കോവിഡ് സാഹചര്യങ്ങളും ഖത്തറിലെ ആരോഗ്യ മുന്നറിയിപ്പുകളും മാര്‍ഗനിര്‍ദേശങ്ങളും കണക്കിലെടുത്ത് വിര്‍ച്വല്‍ രീതിയിലായിരുന്നു ഇത്തവണ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍.

ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലും പതാക ഉയര്‍ത്തല്‍ ചടങ്ങിന്റെ തല്‍സമയ സംപ്രേഷണം ഒരുക്കിയിരുന്നു. ദേശീയ പതാക ഉയര്‍ത്തലിനു ശേഷം ദേശീയ ഗാനാലാപനം നടന്നു. തുടര്‍ന്ന് ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം അംബാസഡര്‍ വായിച്ചു. ഇന്ത്യന്‍സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.

ഇന്ത്യയും ഖത്തറും വളരെ അടുത്തതും സൗഹാര്‍ദ്ദപരവും ബഹുമുഖവുമായ ബന്ധമാണ് ആസ്വദിക്കുന്നതെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ വ്യക്തമാക്കി. ഖത്തറുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ഉയര്‍ന്ന മുന്‍ഗണനയും പ്രാധാന്യവും നല്‍കുന്നുണ്ട്. ഊര്‍ജ മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ പങ്കാളിത്തമുണ്ട്. പരസ്പരം പ്രയോജനകരമായ രീതിയില്‍ സമഗ്രമായ പങ്കാളിത്തത്തിലേക്ക് വികസിപ്പിക്കാന്‍ ശ്രമിക്കും. ഉഭയകക്ഷി വ്യാപാരം സമീപ വര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചു. ഉഭയകക്ഷി വ്യാപാരത്തിന് കൂടുതല്‍ ആഴവും വൈവിധ്യവും നല്‍കാന്‍ പ്രവര്‍ത്തിക്കുമെന്നും ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. അടിസ്ഥാനസൗകര്യവികസനം, വിവരസാങ്കേതിക വിദ്യ, ഭക്ഷ്യസുരക്ഷ, ഊര്‍ജം, സുരക്ഷ, വിനോദസഞ്ചാരം, പ്രതിരോധം, ആരോഗ്യപരിചരണം, വിദ്യാഭ്യാസം എന്നിവയിലെ പരസ്പര പ്രയോജനകരമായ സഹകരണവും നിക്ഷേപവും കൂടുതല്‍ വേഗത്തിലാക്കും. കഴിഞ്ഞവര്‍ഷം വളരെ വിജയകരമായി ഖത്തര്‍ ഇന്ത്യ സാംസ്‌കാരികവര്‍ഷം സംഘടിപ്പിക്കാനായി.

ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും ബന്ധവും വര്‍ധിപ്പിക്കുന്നതിനും വരുംവര്‍ഷങ്ങളില്‍ ഉഭയകക്ഷി സഹകരണത്തിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്താനുമാണ് ആഗ്രഹിക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ എംബസി പ്രതിജ്ഞാബദ്ധമാണെന്നും അംബാസഡര്‍ പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ 277 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് രണ്ടു മരണം

ഇന്നത്തെ (2020 ഓഗസ്റ്റ് 15) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…