
ദോഹ: പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രക്ക് കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് മിഷന്റെ ഭാഗമായി എയര്‍ഇന്ത്യയുടെ സര്‍വ്വീസ് ദോഹയില്‍ നിന്നും കണ്ണൂരിലേക്കും. മെയ് 19-ന് കണ്ണൂരിലേക്ക് സര്‍വ്വീസ് ഉണ്ടാവുമെന്ന് എയര്‍ഇന്ത്യ ഖത്തര്‍ കണ്‍ട്രി മാനേജര്‍ വീണാ നാഗി ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യെ അറിയിച്ചു. ഇന്ത്യന്‍ എംബസി കഴിഞ്ഞദിവസം പുറത്തുവിട്ട പട്ടിക പ്രകാരം വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍ കൊച്ചിയിലേക്കും കോഴിക്കോടേക്കുമാണ് സര്‍വീസ് അനുവദിച്ചിരുന്നത്. നേരത്തെ കണ്ണൂരിലേക്ക് മെയ് 20ന് സര്‍വീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യന്‍ എംബസി പുറത്തുവിട്ട കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ പഴയ പട്ടികയില്‍ അതുള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ എയര്‍ഇന്ത്യ പുറത്തുവിട്ട പുതിയ ഷെഡ്യൂള്‍ പ്രകാരം മെയ് 19ന് ദോഹയില്‍ നിന്നും കണ്ണൂരിലേക്കും വിമാനം പറക്കും. വടക്കേമലബാറിലെ പ്രവാസികള്‍ക്ക് വലിയതോതില്‍ ആശ്വാസമാണ് ഈ തീരുമാനം. ആദ്യഘട്ടത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമായിരുന്നു സര്‍വീസ്.
കോഴിക്കോട്, ഹൈദരാബാദ് ടിക്കറ്റുകള്‍ വിതരണം നടന്നു
രണ്ടാംഘട്ട ദൗത്യത്തിന്റെ ഭാഗമായി കോഴിക്കോട്, ഹൈദരാബാദ് സര്‍വീസുകളുടെ വിമാനടിക്കറ്റ് വിതരണം നടന്നു. മെയ് 18ന് ദോഹയില്‍ നിന്ന് വൈകുന്നേരം 3.35നു പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം രാത്രി 10.20നു കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും. മെയ് 20നാണ് ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള സര്‍വീസ്. വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഈ രണ്ടിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ഇന്ത്യന്‍ എംബസി അപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍(ഐസിസി) കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ടിക്കറ്റ് വിതരണം തുടങ്ങിയതായി ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍ പറഞ്ഞു. എയര്‍ ഇന്ത്യ പ്രതിനിധികള്‍ നേരിട്ടെത്തിയാണ് ടിക്കറ്റ് വിതരണത്തിനു നേതൃത്വം നല്‍കുന്നത്. രണ്ടിടങ്ങളിലേക്കുമായി 180 ഓളം യാത്രക്കാര്‍ വീതമാണ് ഉള്ളത്. എക്‌സിറ്റ് പെര്‍മിറ്റ്, യാത്ര വിലക്ക് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് യാത്രാനുമതിയില്ല.