
ദോഹ: ഭരണകാലാവധി അവസാനിക്കാനിരിക്കെ ഇന്ത്യന്‍ എംബസി അപ്പെക്സ് സംഘടനകളില്‍ തിരഞ്ഞെടുപ്പില്‍ വോട്ടുബാങ്ക് സ്വന്തമാക്കാനുള്ള അണിയറ നീക്കങ്ങള്‍ തകൃതി. ഡിസംബറില്‍ കാലാവധി അവസാനിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐസിസി) ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ (ഐഎസ്സി), ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐബിപിസി) എന്നീ അപ്പെക്സ് സംഘടനകള്‍ക്കുള്ളിലാണ് തെരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള അണിയറ നീക്കങ്ങള്‍ സജീവമായിരിക്കുന്നത്. വിവിധ സംഘടനകളേയും വ്യക്തികളേയും സ്വാധീനിച്ചും കാശെറിഞ്ഞും വോട്ടുബാങ്ക് സ്വന്തമാക്കാനുള്ള തത്രപ്പാടിലാണ് സംഘടനാ ഭാരവാഹികളെന്ന് ചിലര്‍ ആരോപണമുന്നയിക്കുന്നുണ്ട്. പലരുടേയും അംഗത്വഫീസ് അടച്ച് മെമ്പര്‍മാരാക്കി വര്‍ഷങ്ങള്‍ക്ക് മുമ്പെ ഗോദയിലിറങ്ങിയവരും ഇക്കൂട്ടത്തിലുണ്ടത്രെ.
പ്രസിഡന്റ് സ്ഥാനങ്ങള്‍ വെച്ചുമാറുന്നതിനെതിരെ
പ്രതിഷേധം
അതേസമയം സംഘടനകളുടെ പ്രസിഡന്റ് സ്ഥാനങ്ങള്‍ വെച്ചുമാറാനുള്ള നീക്കത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നു തുടങ്ങി. ചില സാമൂഹിക സംഘടനാ ഭാരവാഹികളും ഇതിനെതിരെ രംഗത്തുണ്ട്. ചിലര്‍ ഇന്ത്യന്‍ എംബസിയുടേയും അംബാസിഡറുടേയും ട്വിറ്റര്‍ എക്കൗണ്ടില്‍ ടാഗ് ചെയ്ത ട്വീറ്റും ചെയ്തിരുന്നു. ഇതും ഏറെ ചര്‍ച്ചക്ക് വഴിവെച്ചു. ധാര്‍മിക ഉത്തരവാദിത്തത്തോടെ നേതാക്കള്‍ പെരുമാറണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. പുതിയ മിടുക്കരായവര്‍ ഉണ്ടായിരിക്കെ അവര്‍ക്ക് അവസരം കൊടുക്കാതെ വീണ്ടും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറയുന്നു. ഒരു അപ്പെക്സ് സംഘടനയുടെ പ്രസിഡന്റ് പദവിയില്‍ നിന്ന് മറ്റൊരു അപ്പെക്സ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനും സംഘടനകളുടെ ഭരണഘടനാ പ്രകാരം തടസമില്ല. അതിനിടെ ഭരണഘടനാ മാറ്റത്തിന് ശ്രമമുണ്ടായെന്നും ചിലര്‍ പറയുന്നു.
രഹസ്യവോട്ടുപിടുത്തം തുടങ്ങി
തെരെഞ്ഞെടുപ്പ് വിജ്ഞാപനം വന്നില്ലെങ്കിലും രഹസ്യ വോട്ടുപിടുത്തം തുടങ്ങിയിട്ടുണ്ട്. നിലവിലെ ഐസിബിഎഫ് പ്രസിഡന്റ് പി.എന്‍. ബാബുരാജനും മാനേജ്മെന്റ് കമ്മിറ്റി അംഗം ജൂട്ടാസ് പോളും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് സ്ഥാനത്തിനുള്ള മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന് ഇന്ത്യന്‍ ബിസിനസ്സ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ ബി പി സി) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് വിവരം. ഡോ. മോഹന്‍ തോമസ്, ഷറഫ് പി ഹമീദ്, ഇ പി അബ്്ദുര്‍റഹിമാന്‍ എന്നിവര്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ അധ്യക്ഷ സ്ഥാനത്തേക്ക് രംഗത്തുണ്ട്.
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫോറം അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ മാനേജിംഗ് കമ്മിറ്റിയംഗം സിയാദ് ഉസ്മാന് മത്സര രംഗത്ത് സജീവമാണ്.
ഐ സി സി വാര്‍ഷിക ജനറല്‍ബോഡി ഇന്ന് സൂം മുഖേന
ഇന്ന് വൈകീട്ട് ഏഴിന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി (എ ജി എം) ചേരുന്നുണ്ട്. സൂം മുഖേനയാണ് യോഗം. വാര്‍ഷിക യോഗവുമായി ബന്ധപ്പെട്ടും സംഘടനാ സംബന്ധിയായും അഭിപ്രായമാരാഞ്ഞുകൊണ്ട് ഈയ്യിടെ ഐ സി സി ജനറല്‍ബോഡി അംഗങ്ങള്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നു. ഇ-മെയില്‍ മറുപടിയില്‍ തങ്ങളുടെ വിയോജിപ്പ് അംഗങ്ങള്‍ രേഖപ്പെടുത്തിയതായി പറയപ്പെടുന്നു. ഡിസംബര്‍ അവസാനത്തോടെയായിരിക്കും സംഘനാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്നറിയുന്നു.